പൊങ്ങണംക്കാട് ശ്രീനാരായണസേവാമന്ദിരം
ശ്രീനാരായണ ഗുരുദേവന്റ പരിപാവനമായ പാദസ്പർശം ലഭിച്ച ഇടമാണ് തൃശൂർ പട്ടണത്തില്നിന്ന് വടക്ക്ഏകദേശം എട്ടുകിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പൊങ്ങണംകാട് ശ്രീനാരായണ സേവാമന്ദിരം. വർക്കല ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിന്റെശാഖാ സ്ഥാപനമാണ് ശ്രീനാരായണ സേവാമന്ദിരം.
കൊല്ലവർഷം 1097(1921)ൽ പൊങ്ങണംക്കാട് അമ്പഴപ്പിള്ളി ചോഴി എന്ന
മാന്യവ്യക്തി,ഇപ്പോൾ മഠം നില്ക്കുന്ന നാല് ഏക്കറും, അക്കരപ്പുറം ദേശത്തുള്ള 75 സെന്റും ചേർത്ത് അഞ്ച് ഏക്കർ ഏഴു സെന്റ് സ്ഥലം ഗുരുദേവന് ഇഷ്ടദാനമായി സമർപ്പിച്ചു. ശ്രീ.ചോഴിയുടെ മകൻ രാമൻ ഗുരുദേവനില്നിന്ന് സന്യാസം സ്വീകരിച്ച്, ശിവാനന്ദസ്വാമി എന്ന നാമധേയത്തിൽ ഗുരുദേവ ശിഷ്യപരമ്പരയിലെ സന്യാസിയായി. കൊല്ലവർഷം 1098ൽ(1922)മഠംസ്ഥാപിക്കുകയും,ശിവാനന്ദസ്വാമികളെ മഠാധിപതിയാക്കുയും ചെയ്തു. മഠത്തോടനുബന്ധിച്ച് ഒരുക്ഷേത്രം വേണമെന്ന് അന്നുള്ള ഗുരുദേവഭക്തരുടെ പ്രാർത്ഥനയിൽ ഗുരുദേവൻ :'ഇനി ക്ഷേത്രങ്ങളല്ല വേണ്ടത് പാഠശാലകളും, വായനശാലകളും, ജനങ്ങൾക്കു സുഖമായി വന്നിരിക്കാനും, യോഗംകൂടാനും, പ്രസംഗിക്കാനും, ചർച്ചചെയ്യാനും വേണ്ട ഇടങ്ങളുമാണ് എന്നരുൾച്ചെയ്തെങ്കിലും; ആ പ്രദേശത്തിലെ മറ്റുക്ഷേത്രങ്ങളിൽ അവർണ്ണർക്ക് പ്രവേശനം നിഷേധിക്കുന്നസ്ഥിതി, ഭക്തരിൽനിന്നു മനസ്സിലാക്കിയ ഗുരുദേവൻ ബ്രഹ്മശ്രീ.ബോധാനന്ദസ്വാമികളെക്കൊണ്ട്,കൊല്ലവർഷം 1098ൽ (1922) ശ്രീ ബാലസുബ്രഹ്മണ്യസ്വാമിയുടെ ഫോട്ടോ പ്രതിഷ്ഠ നടത്തിക്കുകയുംച്ചെയ്തു .....
അമ്പഴപ്പുള്ളി ചോഴി, ഗുരുദേവനു സമർപ്പിക്കപ്പെട്ട ഇടം, അടിമത്തത്തിൽ കഴിഞ്ഞിരുന്ന അവർണ്ണവിഭാഗത്തിനു അഭയകേന്ദ്രമായി .ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ "ശ്രീനാരായണ വിലാസം സഭ"യും അക്കരപ്പുറം "സ്ത്രീവിലാസം സഭ"യും രൂപീകരിച്ചു .വിദ്യാസമ്പന്നരും,പുരോഗമനേച്ഛുക്കളും,സർവ്വോപരിനിസ്വാർത്ഥസേവനാതല്പ്പരുമായിരുന്നു സഭാഭാരവാഹികൾ."സംഘടനകൊണ്ടു ശക്തരാകുക"എന്ന ഗുരുവചനം അന്വർത്ഥ മാക്കികൊണ്ട് അസംഘിടതരായ അധഃ കൃതവർഗ്ഗം സംഘടിച്ചു .ബ്രഹ്മശ്രീ .ബോധാനന്ദസ്വാമികളും ,രാമാനന്ദസ്വാമികളും ,ശിവാനന്ദസ്വാമികളും പ്രവർത്തകർക്കു പ്രവൃത്തിക്കാനുള്ള ആത്മീയനേതൃത്വവും, കർമ്മനേതൃത്വവുംകൊടുത്തു അയിത്തത്തിനെതിരെ, അസമത്തത്തിനെതിരെ ,അനാചാരത്തിനെതിരെ പൊരുതാൻ രംഗത്തിറങ്ങി.അയിത്തം കൽപ്പിച്ചിടങ്ങളിലേക്കു ചങ്കൂറ്റത്തോടെ ചെന്നുക്കയറി !
പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങളിലേയ്ക്ക് പൂജാവഴിപാടുകൾ ,പറ,കാണിക്ക (അന്നൊക്കെ താഴ്ന്നജാതിക്കാർ ആൽത്തറയിൽ പണമിട്ടു പ്പോണം. ഉള്ളിലേയ്ക്ക് പ്രവേശിക്കാൻ പാടില്ല ) എന്നിവ നൽകരുതെന്നും ,ആർക്കും അയിത്തത്തിന്റെയും, തൊട്ടുക്കൂടായ്മയുടെയും പേരിൽ വഴിമാറരുതെന്നും ,ആരേയും വഴിമാറ്റരുതെന്നും
കർശന തീരുമാനമെടുക്കുകയും അതു നടപ്പാക്കുകയുംച്ചെയ്തു .സമുദായത്തിൽ
കൂട്ടായ്മയുണ്ടായി .ഈ പ്രദേശത്തുച്ചേർന്ന മഹാസമ്മേളനങ്ങളിൽ ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ എന്നീ പ്രഗത്ഭരായ നേതാക്കൾ പങ്കെടുത്തിട്ടുണ്ട് .സമുദായത്തെ ഉദ്ബുദ്ധരാക്കാനും, ആവേശഭരിതരാക്കാനും കഴിഞ്ഞു .സഭകളുടെ പ്രവർത്തനഫലമായി ചുരുങ്ങിയ കാലയളവിൽ വർണ്ണിക്കാൻപറ്റാത്ത അഭിമാനകരമായ നേട്ടങ്ങളാണ് അവർണ്ണർക്കു നേടിയെടുക്കാൻ കഴിഞ്ഞത് .സാമൂഹ്യമായും, സാംസ്ക്കാരികമായും ,വിദ്യാഭ്യാസപരമായും ,ഉദ്ദ്യോഗപരമായും പുരോഗതി പ്രാപിക്കാൻ കഴിഞ്ഞു .
വഴിമാറാൻപ്പറയുന്ന സ്ഥിതി മാറി. ജാതിവിവേചനചിന്തയ്ക്കു മാറ്റംവന്നു.
"ജാതി ചോദിക്കരുത് പറയരുത്"എന്ന ഗുരുവചനം ഏവരും പ്രവൃത്തി പഥത്തിൽ കൊണ്ടുവന്നു .
സഭയുടെ ഒന്നാംവാർഷികം ഉദ്ഘാടനം ചെയ്തത് സഹോദരൻ അയ്യപ്പനാണ് .
സഭയുടെ ധീരവും,വിപ്ലവാത്മകവും, ധർമ്മരോഷത്തിൽനിന്നുയിർക്കൊണ്ട യോഗതീരുമാനങ്ങളും, സ്വീകരിച്ച നടപടികളും കാലപ്പഴക്കത്തിൽദ്രവിച്ച കടലാസ്സിൽ ജ്വലിച്ചുനിൽക്കുന്നതുക്കാണുമ്പോൾ രോമഹർഷമാണിയാറുണ്ട്!(പഴയകാലത്തെ മിനിറ്റ്സും ,രേഖകളുമാണ് ഈ അറിവിനാധാരം)
പിടിയരിപ്പിരിവ് ,കുറി ,ഷോടത്തി എന്നിവനടത്തി പണംസംഭരിച്ചു മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കി .വീണ്ടും ഗുരുദേവൻ ആശ്രമത്തിൽ എഴുന്നള്ളിയപ്പോൾ ദർശനത്തിനായി ദേശങ്ങളിൽനിന്നും ഭക്തജനങ്ങൾ ധാരാളമായി ഒഴുകിയെത്തി.
അക്കാലത്തീപ്രദേശത്തെ പലകുടുംബങ്ങളിലും ദുർദ്ദേവതകളെ പ്രതിഷ്ഠിച്ച് പൂജകളും ,ദേവപ്രീതിക്കായി ജന്തുബലിയും നടത്തിയിരുന്നു.ഗുരുദേവാജ്ഞപ്രകാരം അതുനിർത്തലാക്കുകയും ,വീടുകളിൽനിന്ന് അതു നീക്കംചെയ്യുകയുംചെയ്തു .ഗുരുദേവദർശനത്താലും ,വിദഗ്ദ്ധ ഉപദേശത്താലും 'ഔഷധമരുന്നുപ്രയോഗത്താലും പലരുടേയും മാറാരോഗങ്ങൾ മാറിയതായും ,കാര്യസിദ്ധി നേടിയതായും അനുഭവസ്ഥർ വഴി അറിയാൻ കഴിഞ്ഞിട്ടുണ്ട് .(ആശ്രമക്കെട്ടിടത്തിന്റെ തട്ടിൻപുറത്ത് വെച്ചിരുന്ന പ്രതിമകൾ 2000 ത്തിലാണ് ആലുവാപ്പുഴയിൽ ഒഴുക്കിക്കളഞ്ഞത്)
സഭാനേതാക്കളോടു ഗുരുദേവൻ അരുളിച്ചെയ്തു :"ഈ പ്രദേശത്തെ
നിര്ധനരും,ആലംബഹീനരുമായവർക്കു ഒരത്താണിയായിരിക്കണം ആശ്രമം .
ഇളം തലമുറയെ വിദ്യാസമ്പന്നരാക്കണം .അലസതവെടിഞ്ഞു കൃഷിയും, കച്ചവടവുംച്ചെയ്തു അഭിവൃദ്ധിപ്പെടണം.അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും സമൂഹത്തിൽനിന്ന് നീക്കണം .പണക്കാർ പാവങ്ങളെ സഹായിക്കണം. കൂട്ടായി പ്രവർത്തിച്ചു അവഗണിക്കപ്പെട്ടവരുടെ അപകർഷതാബോധം മാറ്റിയെടുത്തു അവരെ ഐക്യധാരയിലേക്കു കൊണ്ടുവരണം. മത്സരമേതുമില്ലാതെ സഹകരിച്ചു പ്രവർത്തിക്കണം ക്രമത്തിൽ പൊങ്ങണംക്കാട് പൊന്നിൻക്കാടായി മാറും!"(ഗുരുദേവൻ ഏതാനും ദിവസം ആശ്രമത്തിൽ വസിച്ച നാളിൽ ശയിക്കാനും,വിശ്രമിക്കാനും ഉപയോഗിച്ച വലിയ മേശയും ,കസേരയും ആശ്രമത്തിൽ ചിട്ടയോടെ സൂക്ഷിക്കുന്നുണ്ട് )
ആശ്രമത്തിന്റെ തെക്കുവശത്തുള്ള സിൽവർ കോളനിനിവാസികളുടെ ഉപജീവനമാർഗ്ഗം മുള കൊണ്ട് മുറം ,കുട്ട, വട്ടി എന്നിവ നെയ്തുണ്ടാക്കി അതിൽനിന്നുകിട്ടുന്ന വരുമാനത്തിൽനിന്നായിരുന്നു .ഗുരുദേവൻ എഴുന്നള്ളിയ നാളിൽ പുലർച്ചേ പ്രഭാതസഞ്ചാരിയ്ക്കു വേലിക്കെട്ടിത്തിരിച്ച തെക്കേയതിരിലൂടെ ആശ്രമത്തിലെ സന്തതസഹചാരിയും ശിഷ്യനുമായിരുന്ന ശിവാനന്ദസ്വാമികളുമൊത്തു മന്ദമന്ദം ഗമിയ്ക്കുകയായിരുന്നു.അന്നേരം അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന ശ്രുതിമധുരമായ ഗാനധാരയുടെ ഉറവിടംത്തേടി മിഴികളെത്തിയത്,മുറവും ,പനമ്പും നെയ്യുന്ന ദമ്പതികളിലായിരുന്നു.നൈസർഗ്ഗികസുന്ദരമായ പാട്ടിലും ,കരവിരുതിലും ലയിച്ചങ്ങനെ നിന്ന ഗുരുദേവൻ പിന്നെ മുന്നോട്ടു ചുവടുവെക്കുമ്പോൾ അനുയാത്രച്ചെയ്യുന്ന ശിവാനന്ദസ്വാമിയെ നോക്കി മന്ത്രണം ചെയ്യ്തു . :"ഈ പ്രദേശത്തുള്ളവർ കലാരംഗത്ത് ശോഭിയ്ക്കും" (ഈ വരദാനത്തിന്റെ അറിവ് ശിവാനന്ദസ്വാമികളാണ് പിന്തലമുറയ്ക്ക് പകർന്നുകൊടുത്തത് .എസ് .ജെ കോളനിയിലെ കലാപ്രതിഭകളെ കാണുമ്പോൾ ഗുരുദേവപ്രവചനം സത്യമാണെന്നുബോദ്ധ്യമാകും. മൺമറഞ്ഞബഹുമുഖകലാപ്രതിഭകളായ മണ്ണുംക്കാട്ടിൽകോത , എം.കെ .വേലായുധൻ ,എം.കെ.കുമാരൻ ,ഏ .വി .ശശിധരൻ എന്നിവരുടെ ദീപ്തസ്മരണകൾക്കുമുമ്പിൽ പ്രണാമം അർപ്പിക്കുന്നു!! വാദ്യ-സംഗീത-നൃത്ത-ഗാന-ശില്പകല നാടക-സിനിമാരംഗത്തും,കലാരംഗങ്ങളിലും, കഴിവുത്തെളിയിച്ച -തിളങ്ങിനിൽക്കുന്ന-പ്രഗൽഭരും,പ്രശസ്തരുമായ കലാപ്രതിഭകൾ അനവധിയുണ്ടിന്നിവിടെ ...അവർക്കെല്ലാം നന്മകളും,ആശംസകളും നേരുന്നു )
ഗുരുദേവന്റെ ദിവ്യസന്ദേശം ഉൾക്കൊണ്ട് അനാചാരങ്ങളെയും,അന്ധവിശ്വാസങ്ങളേയും എതിർത്തുത്തോൽപ്പിച്ചു്ഈഴവരാദിപിന്നാക്കസമുദായത്തിനു ഏതുപാതയിലൂടെയും തലയുർത്തി നടക്കാവുന്നസ്ഥിതി ഉണ്ടാക്കിത്തന്നത് അന്നത്തെ കർമ്മധീരരായ പൂർവ്വപിതാക്കളാണെന്ന കാര്യത്തിൽ സന്ദേഹമില്ല! അവരുടെ ദീപ്തസ്മരണയ്ക്കുമുമ്പിൽ പ്രണാമം!!
1958( 1134) ലാണ് ബ്രഹ്മശ്രീ .ശിവാനന്ദസ്വാമികളുടേയും ദേശക്കാരുടേയും ശ്രമഫലമായി ശ്രീകോവിൽ നിർമ്മിക്കുകയും ശ്രീബാലസുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹപ്രതിഷ്ഠാകർമ്മം 1134 മകരം 10 ന് ധർമ്മസംഘം ട്രസ്റ്റ് മഠാധിപതി ബ്രഹ്മശ്രീ .ശങ്കരാനന്ദസ്വാമികൾ നിർവ്വഹിക്കുകയും ചെയ്തത്. പ്രതിഷ്ഠക്കഴിഞ്ഞു മൂന്നാംനാൾ (മകരം13)ശിവാനന്ദസ്വാമികൾസമാധിയായി.അനന്തരം,മഠാധിപതിബ്രഹ്മശ്രീ.ശങ്കരാനന്ദസ്വാമികൾ,ശാന്തിയായിരുന്ന വേലായുധൻ ശാന്തിയ്ക്ക് സന്യാസംനല്കി സ്വാമി സ്വരൂപാനന്ദ എന്ന നാമത്തിൽ ശ്രീനാരായണസേവാമന്ദിരം സെക്രട്ടറിയായി ചുമതലയേൽപ്പിച്ചു.
ആ കാലഘട്ടത്തിൽ ആശ്രമത്തിന്റെയും ക്ഷേത്രത്തിന്റെയും നിത്യച്ചെലവുകൾ
നിർവ്വഹിക്കുന്നതിനായി വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്
സ്വരൂപാനന്ദസ്വാമികൾ.സ്വാമികളുടെയും ,ദേശക്കാരുടെയും ശ്രമഫമായി
ശിവാനന്ദസ്വാമികളുടെ സമാധിമണ്ഡപം ,ആശ്രമകെട്ടിടം ,നടപ്പുര ,അക്കരപ്പുറത്ത്
ലൈൻമുറിക്കെട്ടിടം എന്നിവ നിർമ്മിച്ചു .ശ്രീനാരായണ സേവാമന്ദിരത്തിന്റെ
മുമ്പിൽ വലതുവശത്തു ഗുരുമന്ദിരം നിർമ്മിച്ച് 1980 ജൂൺ 4ന് അന്നത്തെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ .ഗീതാനന്ദസ്വാമികൾ
ഗുരുദേവപ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചു .ശ്രീബാലസുബ്രഹ്മണ്യസ്വാമിയുടെ
പുനഃ പ്രതിഷ്ഠാകർമ്മവും ഗണപതി പ്രതിഷ്ഠാ കർമ്മവും 1991 ഏപ്രിൽ 19 ന്
ശ്രീ നാരായണ ധർമ്മസംഘംട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ.ശാശ്വതീകാനന്ദ സ്വാമികൾ
നിർവ്വഹിച്ചു . 2003 ജൂൺ 18 ന് ഗുരുവിഹാർ ഗുരുപൂജാഹാളിന്റെ ഉദ്ഘാടനം
ബ്രഹ്മശ്രീ .സ്വരൂപാനന്ദസ്വാമികൾ നിർവ്വഹിച്ചു.
ഗുരുദേവപരമ്പരയിലെ ബ്രഹ്മശ്രീ. ശിവാനന്ദസ്വാമികളുടെ ശിഷ്യനായി , മഠാധിപതി ബ്രഹ്മശ്രീ.ശങ്കരാനന്ദസ്വാമികളിൽനിന്ന് സന്യാസം സ്വീകരിച്ചു് ,ട്രസ്റ്റ് മെമ്പറായി ,ബോർഡ് മെമ്പറായി ,ഖജാൻജിയായി ,ജനറൽസെക്രട്ടറിയായി ,ശ്രീനാരായണധർമസംഘം ട്രസ്റ്റിന്റെ പ്രസിഡണ്ട് സ്ഥാനംവഹിച്ചസ്വരൂപാനന്ദസ്വാമികൾ ബാല്യകാലംമുതൽ ത്യാഗോജ്ജ്വലജീവിതം നയിച്ച കർമ്മയോഗിയായിരുന്നു .കളങ്കലേശമില്ലാത്ത ജീവിതചര്യയും ,സത്യധർമ്മാദികളിലുള്ള ഉറച്ചവിശ്വാസവും സർവ്വോപരി ഗുരുദേവനോടുള്ള അചഞ്ചലമായ ഭക്തിയുമാണ് സ്വാമിജിയുടെ മുതൽക്കൂട്ട് .
പൊങ്ങണംക്കാട് ശ്രീനാരായണ സേവാമന്ദിരം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിന്റെ പ്രധാന ബ്രാഞ്ചുകളിൽ ഒന്നാണ് .പൊങ്ങണംക്കാട് ശ്രീനാരായണ സേവാമന്ദിരം പരിധിയിൽപ്പെട്ട നെല്ലിക്കാട് സ്വദേശിയായിരുന്ന അഡ്വ.കെ.ആർ.ധർമ്മരാജൻ ബ്രഹ്മശ്രീ. സ്വരൂപാനന്ദസ്വാമികളിൽനിന്ന് സന്യാസം സ്വീകരിച്ച് ധർമ്മാനന്ദ സ്വാമികൾ എന്ന നാമത്തിൽ വർക്കല ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗമായി.ചെറുപ്പം മുതൽ ഗുരുദേവ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അദ്ദേഹം തികഞ്ഞ ഗുരുദേവ ഭക്തനും സാഹിത്യ രംഗത്ത് എനിക്ക് ഊർജ്ജം പകർന്നു തന്ന മാർഗ്ഗദർശിയുമായിരുന്നു. ശ്രീമദ്. ധർമ്മാനന്ദ സ്വാമികൾ ഇപ്പോൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ശാഖാ സ്ഥാപനമായ തൃശ്ശൂർ വടൂക്കര ശ്രീ രാമാനന്ദാശ്രമത്തിൽ സെക്രട്ടറിയയായി സേവനം ചെയ്യുന്നു. ബ്രഹ്മശ്രീ .നിത്യാനന്ദസ്വാമികൾ ,ദേവാനന്ദസ്വാമികൾ ,ഷണ്മുഖാനന്ദസ്വാമികൾ, ശാശ്വതീകാനന്ദസ്വാമികൾ ,അമൃതാനന്ദസ്വാമികൾ,മംഗളസ്വരൂപാനന്ദസ്വാമികൾ ,വിശ്വനാഥാനന്ദസ്വാമികൾ,ചിദംബരാനന്ദസ്വാമികൾ,ശുഭംഗാനന്ദസ്വാമികൾ തുടങ്ങിയ സന്യാസി ശ്രേഷ്ഠർ ശ്രീനാരായണസേവാമന്ദിരത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീനാരായണ സേവാമന്ദിരം ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചുവരുന്നത് ശ്രീനാരായണ ഗുരുദേവൻ ഇവിടം എഴുന്നള്ളിയ മകരമാസത്തിലെ കാർത്തികനാളിനെ അനുസ്മരിച്ചുകൊണ്ടാണ് .മകരമാസത്തിലെ കാർത്തികമഹോത്സവത്തിൽദേശങ്ങളിൽനിന്നുള്ളആനപ്പൂരവും,കാവടിഘോഷയാത്രയും ആഘോഷമായി ശ്രീനാരായണ സേവാമന്ദിരം ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ എത്തിച്ചേരും.ദേശക്കാർ അവരവരുടെ ദേശങ്ങളുടെ ആഘോഷങ്ങൾ കെങ്കേമമാക്കാൻ എല്ലാവർഷവും മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നു .........
(2009 ൽ തയ്യാറാക്കിയതാണീ വിവരണം .ഞാൻ വില്ലടം ഗവ.സ്കൂളിൽ LP,UP ക്ലാസ്സിൽ പഠിക്കുമ്പോൾചതയദിനം,വിദ്യാരംഭം,മഹാസമാധി, ജയന്തി എന്നീ വിശേഷങ്ങളിൽ ഞങ്ങൾക്ക് ബ്രഹ്മശ്രീ.ശിവാനന്ദസ്വാമികൾ പഠിപ്പിച്ചുത്തന്ന ഗുരുദേവവചനങ്ങളും, കീർത്തനങ്ങളും അതോടൊപ്പം ശിവാനന്ദസ്വാമികളുടെ രൂപഭാവങ്ങളും, ,പിന്നെ സമാധിയിരുത്തലും ദീപ്തമായ ഓർമ്മയാണ് .സ്വാമികളുടെ സമാധിക്കുശേഷം സെക്രട്ടറിയായ ബ്രഹ്മശ്രീ. സ്വരൂപാനന്ദ സ്വാമികളുടെ സന്തതസഹചാരിയും, ശ്രീനാരായണ സേവാമന്ദിരം ഭാരവാഹിയുമായിരുന്നു ഞാൻ 2010 വരെ. 10 വർഷക്കാലം വർക്കല ശിവഗിരിമഠം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിലെ അക്കൗണ്ടന്റായിരുന്നു)