note

കൂട്ടായ്മ

Monday, April 1, 2013

വെളുത്ത പുകയായ് കുഞ്ഞയ്യന്‍ ..........


              വെളുത്ത പുകയായ് കുഞ്ഞയ്യന്‍ ..........
       സി.വി.തങ്കപ്പന്‍                                    ചെറുകഥ

              രേവതീഭായ് തമ്പുരാട്ടിയുടെ സ്വര്‍ണ്ണമണിനാഗമാല കൊളുത്തുപ്പൊട്ടി മിനുസമുള്ള സിമന്‍റോവിലൂടെ കക്കൂസിന്‍റെ ആഴമുള്ള കുഴിയില്‍‌പ്പ തിച്ചു.
മാനസികവിഭ്രാന്തിയിലായി രേവതീഭായി തമ്പുരാട്ടി തെല്ലിട.
വാട്ടര്‍ ടാപ്പിനു മുകളില്‍ ചിലന്തിവല. മുട്ടപൊട്ടി പുറത്തുവന്ന എട്ടുകാലിക്കുഞ്ഞുങ്ങള്‍അറപ്പായി,വെറുപ്പായി ദേഹമാസകലം ഇഴഞ്ഞുകയറുന്നു!.
രോദനമായി ആഴങ്ങളില്‍ ഒലിച്ചിറങ്ങിയജലം തര്‍പ്പണമാകവേ ഉള്ളം വിങ്ങിപ്പൊട്ടി.
മേത്തരം മേലാപ്പാകമാനം മാറാല. തൂത്തെറിഞ്ഞാലും കുമിഞ്ഞുകൂടുന്ന പഴക്കത്തിന്റെ  തിരിച്ചുവരവ്.
പഴക്കംബാധിച്ചവാതിലിന്‍റെ കൊളുത്തൂരി പുറത്തുകടക്കുമ്പോള്‍ ഒരു സുവര്‍ണ്ണകാലത്തിന്‍റെ സ്മൃതിയെ താലോലിക്കുന്ന ബന്ധം വിച്ഛേദിക്കപ്പെട്ട ദുഃഖം.
ചകിര്യാന്മാവിന്‍റെ കൊമ്പില്നിന്നുപറന്ന് വട്ടംചുറ്റിവന്ന ബലികാക്ക, താഴെ മണ്ണില്‍ പറന്നിരുന്നു.
ആണ്ടുബലിയെടുക്കാന്‍ കൃത്യമായിഎത്തിച്ചേരാറുള്ള ബലിക്കാക്ക!.
രേവതീഭായി തമ്പുരാട്ടിക്ക് ദുഃഖം ഇരട്ടിച്ചു.
"എന്താ അമ്മേ?".അമ്മയുടെ മുഖത്ത് പതിവില്ലാത്ത ഭാവമാറ്റം കണ്ട്ഹോസ്പിറ്റലില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്ന ശ്രീലേഖ  ചോദിച്ചു.
" മാലപോയി..."
"എവിടെ?"
"കക്കൂസില് വീണു!"
"ങ്ഹേ?!"
ഹോസ്പിറ്റലില്‍പ്പോകാനുള്ള തിരക്കത്തിലായിരുന്ന ഡോക്ടര്‍ക്ക് നേരിയൊരു നൊമ്പരവും കുറ്റബോധവും. അതെന്നേ പൊളിച്ചുമാറ്റേണ്ടതായിരുന്നു.
അമ്മയുടെ പിടിവാശി. ബംഗ്ലാവില്‍ ബാത്ത് അറ്റാച്ച്ഡ്‌ ഉണ്ടായിട്ടും... അമ്മയ്ക്ക്...........  ഒടുവില്‍.............................
മകളൊന്നും മിണ്ടാതായപ്പോള്‍ അമ്മ പറഞ്ഞു:- നെന്‍റെ ആശുപത്രീല്അത് ല്എറ്ങ്ങാ പറ്റ്യ പണിക്കാരില്ലെ ഒന്ന് വിട്".
അമ്മയുടെ പ്രായോഗികബുദ്ധി എത്രവേഗം ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു.
"ഇല്ലമ്മേ!.....അതൊക്കെ അപകടംപിടിച്ച പണിയാ.ഇനി അതോര്‍ത്ത് വിഷമിച്ചിരിക്കൊന്നും വേണ്ട പോയതുപോയി........."
ശ്രീലേഖ ധിറുതിയില്‍ കാറിനടുത്തേക്ക് നടന്നു:- "ഞാന്‍ ഹോസ്പിറ്റലിലേക്ക്പോക്വാ അമ്മേ ". .
രേവതിഭായി തമ്പുരാട്ടി ഒന്നും മിണ്ടിയില്ല..
ശ്രീലേഖയുടെ കാര്‍ഗേറ്റു കടന്നു.
മകളുടെ പ്രതികരണം രേവതീഭായി തമ്പുരാട്ടിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല..ഈര്‍ഷ്യയാണ്ഉള്ളില്‍ നുരച്ചുപൊന്തിയത്..
അവള്‍ക്ക് എപ്പോഴും പഴയതിനോടു് പുച്ഛമണല്ലോ!
മകനുണ്ടല്ലോ! അവന്‍ കൈയൊഴിയുകയില്ല. വേഗം മകന് ഫോണ്‍ ചെയ്തു.മാലനഷ്ടപ്പെട്ട വിവരം പറഞ്ഞു.
മാലയെടുക്കാനായി കമ്പനിയിലെ സ്കാവഞ്ചറെ അയക്കാമെന്നുള്ള മറുപടി. ആശ്വാസവും,അഭിമാനവും.
മകന്‍ തന്‍റെ വാക്കുകള്‍ക്ക് വില കല്പിക്കുന്നു.!
എന്നാലും മനസ്സില്‍ നീറ്റല്‍. ഒരോര്‍മ്മത്തെറ്റു പോലെ കഴുത്തില്‍ തലോടുമ്പോള്‍ ഹൃദയം നീറുന്നു.
രേവതീഭായി തമ്പുരാട്ടി പരവേശത്തോടെ ബെഡ്ഢില്‍ ചെന്നുവീണു.
അപ്പോഴെല്ലാം മനോമുകുരത്തില്‍ തെളിമയോടെ വിളങ്ങുന്നത് പ്രതാപൈശ്വര്യരായ പ്രാപിതപ്പിതാക്കളുടെ രൂപങ്ങള്‍! മുഴങ്ങുന്നത് വീരസങ്കീര്‍ത്തനങ്ങള്‍.
കൊല്ലിനും,കൊലയ്ക്കും അധികാരമുണ്ടായിരുന്ന രാജവംശം.
സ്ഥാനമഹിമയുടെ ആസ്വാദ്യലഹരി. ഇനിയും തിരിച്ചു വരാത്ത മോഹിതദീപ്തസ്മരണ..
"തമ്പ്രാട്ടി ,തമ്പ്രാട്ടീ ഒരാള് കാണാ നിക്ക്ണ്" ഗോമതിയമ്മ ഉണര്‍ത്തിച്ചു. "ആരാ? മിറ്റത്തേക്ക് വരാമ്പറഞ്ഞില്ലേ?"
"കുഞ്ഞേമാന്‍ വിട്ട് തെന്നാ പറ്ഞ്ഞെ"
"ശരി" വര്‍ദ്ധിതോന്മേഷത്തോടെ പെട്ടെന്ന് രേവതീഭായിതമ്പുരാട്ടി ഗേറ്റിലേക്ക് നടന്നു..
ഗേറ്റിനടുത്ത് കറുത്തൊരു രൂപം. ഭയഭക്തി ബഹുമാനത്തോടെ തൊഴുകൈയുമായി നില്ക്കുകയാണ്....
"സാറേമാന്‍പറ്ഞ്ഞ് വിട്ട്താ മാലെട്ക്ക്വാന്".
"ആഹ്ങാ! ഇങ്ങ് വാ" രേവതീഭായി തമ്പുരാട്ടിക്ക് സന്തോഷമായി.
നിധി വീണ്ടെടുക്കുവാന്‍ വന്നവന്‍!
തലകുമ്പിട്ട് തൊഴുകൈയുമായി അതേ നില്പ്.
എന്തൊരു വിനയം, ആചാരമര്യാദ, കാലഹരണപ്പെട്ട ദര്‍ശനസൌഭാഗ്യം. രേവതീഭായി തമ്പുരാട്ടി ഗേറ്റു തുറന്നു.
"വാ അക് ത്തേക്ക്"
അറച്ചറച്ച് അവന്‍ അകത്തു കടന്നു. അവന്‍റെ നോട്ടം ചുറ്റിലും കറങ്ങിനടന്നു.
പച്ചപുല്ലു വിരിച്ച പൂന്തോട്ടം .പേരറിയാത്ത ചെടികളില്‍‍ ചേലുള്ള പൂക്കള്‍. സിമനെ്റിട്ട കുളത്തില്‍ താമരപ്പൂക്കള്‍. കുടം ചുമലിലേറ്റി നില്ക്കുന്ന സുന്ദരിമാര്‍. കുടത്തില്‍നിന്ന് വിരല്‍വണ്ണത്തില്‍ വെള്ളം വീഴുന്നത് കാണാനെന്തൊരു ചേല്!
"ന്താ പേര്?"
"കുഞ്ഞ്യയ്യന്‍ ന്ന്"
"കഞ്ഞയ്യന് പറ്റ്വോ മാലയെടുക്കാന്‍!" പരിഹാസമോ?അവിശ്വാസമോ?
കുഞ്ഞയ്യന്‍റെ കുഞ്ഞുഹൃദയത്തിനു മുറിവേറ്റു. തബ്രാട്ടി അവിശ്വസിക്കുന്നു. കുഞ്ഞയ്യന്റെ  മുഖം കറുത്തുക്കരുവാളിച്ചു.ചുണ്ടിൽ വിതുമ്പിലിന്റെ.......  
"അയ്യോ! കുഞ്ഞയ്യന്‍വെഷമിക്കണ്ട.ഞാന്‍ വെറുതേ ചോദിച്ചെന്നെള്ളൂ"
ആ  കുളിര്‍ക്കാറ്റിന്‍റെ തലോടലിൽ  .കുഞ്ഞയ്യന്‍ നിര്‍വൃതിയടഞ്ഞു.
"വെല്യബ്രാട്ടി നോക്കിക്കോ. യീ കുഞ്ഞ്യയ്യന് കൊക്കീ ജീവ്ണ്ടെല് മാലെടുത്ത് തബ്രാട്ടീടെ കാക്കലു വെക്കും" കുഞ്ഞയ്യനെ്റ ചുണ്ടുകള്‍ വിതുമ്പി.കണ്ഠമിടറി.
"എനിക്കതറ്യാം,നിനക്കതിന്കഴിയൂന്ന്"തമ്പുരാട്ടിയുടെ വാക്കുകള്‍ കുഞ്ഞയ്യന് ഉത്തേജനമായി. എന്തും ശിരസാവഹിക്കാന്‍
സന്നദ്ധനായ അടിമയായി കുഞ്ഞയ്യൻ ...
"വെല്ല്യബ്രാട്ടി എവ്ട്യാ സലം?"ഉത്സാഹത്തോടെ ചോദിച്ചു കുഞ്ഞയ്യന്‍.
"ഇവിടന്നല്പം മാറീട്ടാ. ഒര് കാര്യം ചെയ്യ് നീ. പറമ്പില് പണിക്കാരുണ്ട്.അത് ല് കൃഷ്ണന്‍കുട്ടീന്യം കൂട്ടി ങ്ങ് വാ. ഞാന്‍ പറഞ്ഞോളാം. ദാ അങ്ങ്ട്ട് പൊയ്ക്കോ.അവ്ട്യാ അവ് ര്" രേവതീഭായി തമ്പുരാട്ടി പറമ്പിനെ്റ തെക്കേ അറ്റത്തേക്ക് വിരല്‍ച്ചൂണ്ടിപ്പറഞ്ഞു.
നോക്കെത്താദൂരംവരെ അതിരുകാണാതെ പരന്നുകിടക്കുന്ന പറമ്പ്.
തെങ്ങുകളും,വാഴകളും മറ്റു വൃക്ഷലതാതികളും..............
അകംനിറഞ്ഞ കുഞ്ഞയ്യന്‍ രേവതീഭായി തമ്പുരാട്ടി ചൂണ്ടിക്കാട്ടിയ ലക്ഷ്യംവെച്ചുനടന്നു.
തെങ്ങിന് തടമെടുക്കുകയും വാഴയ്ക്കു കിളക്കുകയുംചെയ്യുന്നപണിക്കാരെകണ്ട് പേരുച്ചരിക്കാനുള്ള പരുങ്ങലോടെ കുഞ്ഞയ്യന്‍ നിന്നു.
"ആരാ? ന്താ വേണ്ടേ?" കൈക്കോട്ടുപിടിയില്‍ കൈയമര്‍ത്തിനിന്ന് ഒരുവന്‍ വിളിച്ചു ചോദിച്ചു.
"വെല്ല്യബ്രാട്ടി വിളിക്കണു"
"ആര്യാ?"
"വെല്ല്യബ്രാട്ടി പറേണു കിഷ്ണന്‍കുട്ടീന്ന്"
"ആ നില്ക്കുന്നതാ ആള്" അയാള്‍ ചൂണ്ടിക്കാട്ടി.
തലേക്കെട്ടും കെട്ടി തെങ്ങില്ചാരി ബീഡിആഞ്ഞുവലിച്ച് ബീഡിത്തുണ്ടം ഏറ്റി എറിഞ്ഞ് കൃഷ്ണന്‍കുട്ടി മുരണ്ടു.:-"ന്തിനാ?"
"മാലെ ട്ക്കാ വ്ന്നതാ"
"എവ്ട്ന്ന്? ന്ത് മാല?"
"വെല്ല്യബ്രട്ടീടെ മാല കക്കൂസ് ല് വീണു"
"ഓഹോ! അവ് ര്ടെ ഒരു യോകം!" കൃഷ്ണന്‍കുട്ടി പൊട്ടിച്ചിരിച്ചു.
കുഞ്ഞയ്യന് വല്ലാണ്ടായി. എവിടെയൊക്കേയൊ പൊള്ളുംപ്പോലെ ...
"എങ്ങന്യ നീ അതെടുക്ക്വ?"
"ഞാനത് ല് എറ്ങ്ങി ടുക്കും"
കൃഷ്ണന്‍കുട്ടി അടുത്തു വന്നു കുഞ്ഞയ്യനെ തുറിച്ചുനോക്കി.
"ന്താ നെനക്ക് പ്രാന്തുണ്ടോ? അത് ലെറങ്ങാ പറ്റൂല.ഇറ്ങ്ങ്യാകേറാനും പറ്റൂല.ചത്തു പോകും.ശവംപോലും കിട്ടൂല.പാതാളകുഴ്യാ.അവര്‍ക്കൊക്കെ ഓരോന്നു കല്പിക്കാം" ആത്മരോഷത്തോടെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
"അതൊക്കെ ഞാനായ്ക്കോളാം" കുഞ്ഞയ്യന്‍ വീറോടെ പറഞ്ഞു.
"ഓഹോ!ഒര്ങ്ങ്യാ വന്നിരിക്കണല്ലേ?എങ്കീ വാ" തലേക്കെട്ടഴിച്ച്നടക്കുന്നതിനിടയില്‍ കുഞ്ഞയ്യനെ നോക്കി കൃഷ്ണന്‍കുട്ടി ചോദിച്ചു:-
"തോട്ട്യാ ല്ലെ താന്‍?'
"ഹ് ല്ല!കുഞ്ഞ്യയന്‍.." സ്വയം ഒളിക്കാനുള്ള വ്യഗ്രത.
അപകര്‍ഷബോധം.
രേവതീഭായി തമ്പുരാട്ടി അവരെ കാത്തുനില്ക്കുകയായിരുന്നു.
"കൃഷ്ണന്‍കുട്ടീ ന്‍റെ മാല വെളീലെ കുഴീല് വീണു അതെടുക്കാന്‍
വേണ്ടതൊക്കെ കുഞ്ഞയ്യനു ചെയ്തുക്കൊട്ക്ക്."
തമ്പുരാട്ടിയുടെ ആജ്ഞ.
"ശരി തമ്പ്രാട്ടി " കൃഷ്ണന്‍കുട്ടി പിന്‍വാങ്ങുമ്പോള്‍ പിന്‍വിളി:-
"കൃഷ്ണന്‍കുട്ടി നില്‍ക്ക് ഇത് വെച്ചേക്ക്".ചുരുട്ടിയ നോട്ടുകള്‍
കൃഷ്ണന്‍കുട്ടിയുടെ നീട്ടിയ കൈത്തലത്തില്‍വീണു.;നിര്‍ദേശവും:-
"വേണ്ടതെല്ലാം ചെയ്തേക്കൂ"
ഉദാരവതിയും ദയാര്‍ദ്ദ്രയുമായി രേവതിഭായീ തമ്പുരാട്ടി.
"വാ പൂവ്വാം"
കുഞ്ഞയ്യന്‍ അടിമയ്ക്ക് അടിമയായി.
ഉയരമുള്ള മരം ചൂടിനെ ശിരസ്സിലേറ്റി
മരത്തണലിലൂടെ അവര്‍ നടന്നു.
" ഇതാണ് തമ്പ്രാട്ടീടെ സ്തലം!" കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാണിച്ചു.
എന്‍റെ കൂരയേക്കാള്‍ കൂറ്റന്‍ പുര.കുഞ്ഞയ്യന്‍ മനസ്സില്‍ വിചാരിച്ചു.
പുരയ്ക്കുള്ളിലും കുഴിപരിസരത്തും സൂക്ഷ്മപരിശോധന നടത്തിയതിനുശേഷം കുഞ്ഞയ്യന്‍ കൃഷ്ണന്‍കുട്ടിയുടെ അടുത്തെത്തി.
"കിഷ്ണന്കുട്ട്യേട്ടാ!"
സംബോധന കേട്ട മാത്രയില്‍ കൃഷ്ണന്‍കുട്ടി വിറളിയെടുത്തു.
"ന്തെടാ വിളിച്ചേ! കൃഷ്ണന്‍കുട്ട്യേട്ടനോ!ഞാനെ നെന്നെ
പോലെ തോട്ടീം കോട്ടീം ഒന്ന്വല്ലാ.വളിക്കടാ തമ്പ്രനെന്ന്"'
കൃഷ്ണന്‍കുട്ടിയുടെ ദുരഭിമാനം മാളത്തില്‍നിന്ന് പുറത്തു ചാടി
തലയുയര്‍ത്തി. കുഞ്ഞയ്യന്‍ വീണ്ടും ആഴങ്ങളിലേയ്ക്ക് മുങ്ങാം കുഴിയിട്ടു.
"ഓ തബ്രാനെ ".കുഴിയില്‍നിന്നിഴഞ്ഞെത്തിയ കുഞ്ഞയ്യന്‍ കീഴാളനായി..
" ങ്ഹാ....അങ്ങനെ ഇനിപറ ന്താ നെനെ്റ പരിപാടി?"
മേലാളില്‍ മേലാളോടുള്ള പക കീഴാളില്‍ തീര്‍ക്കുന്ന സംതൃപ്തി കൃഷ്ണന്‍ക്കുട്ടിയ്ക്കുണ്ടായി..
'ഈ ഷ്ളാബ് നീക്ക്ണം. ബട്വോം,കയറും,ഒറ്പ്പൊള്ള വെല്ങ്ങോളും വേണം"കുഞ്ഞയ്യന്‍ ലീസ്റ്റ് സമര്‍പ്പിച്ചു.
"നെനക്ക് പറ്റ്വോ?ഇത് ല് എറ്ങ്ങാന്‍!"
"ന്താ പറ്റാണ്ടിരിക്കാന്‍!"
"അല്ല. കൊഴപ്പം പിടിച്ച്താ.പണ്ടാരോ പണിത പാതാളക്കുഴ്യാ .ഇതിന്‍റെ ആഴംകൂടിഒരുത്തനുംഅറീല്ല്യ...എനിക്കിപേട്യാവ്ണ്!"
കുഞ്ഞയ്യന്‍ പൊട്ടിച്ചിരിച്ചു:
"തബ്രാന്‍റെ ഒര്പേട്യേ! ഇത് ലെത്രേ എമ്ണ്ടന്‍ കുഴീലെറങ്ങീട്ട് ഒര് ചുക്കും പറ്റാതെ കാര്യം നേടിവന്ന്ട്ട് ണ്ടന്ന് തബ്രനറ്യോ. കുഞ്ഞ്യയന് തൊ ക്കെ പുല്ലാ" അവന്‍റെൊരു വീരചരിതം!
അങ്ങ്നെ യൊന്നുംഒഴിഞ്ഞുപോകുന്നമട്ടൊന്നുമല്ലെന്ന് കൃഷ്ണന്‍കുട്ടിക്ക്മനസ്സിലായി. ജീവിക്കാനുള്ള വ്യഗ്രതയില്‍ എന്തിനൊക്കെ മുതിരണം.മനസ്താപത്തോടെ കൃഷ്ണന്‍കുട്ടി പറഞ്ഞു:-"ശ് രി, നീ ഇവ്ടെ നിക്ക് ഞാനിപ്പൊ വരാം".
കൃഷ്ണന്‍കുട്ടി നടന്നകന്നപ്പോള്‍ ചുറ്റുപാടു മുഴുവനും പരിശോധിക്കുകയും നിധി വീണ്ടെടുക്കാനുള്ള തന്ത്രം മനഞ്ഞെടുക്കുകയായിരുന്നു കുഞ്ഞയ്യന്‍.
ഒരു പടയ്ക്കുള്ള ഒരുക്കങ്ങളുമായാണ് കൃഷ്ണന്‍കുട്ടിയും പരിവാരങ്ങളും എത്തിച്ചേര്‍ന്നത്.. ഇരുമ്പുപാരയും, നീളവും വണ്ണവുമുള്ള
മരത്തടികള്‍ ചുമലിലേറ്റിയും, വടവും കയറും കൈയിലേന്തിയും യുദ്ധസന്നാഹത്തിനെന്നപോലെ.
കുഞ്ഞയ്യന്‍ ശീഘ്രം അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. അതിറക്കാനും ഉരുപ്പടിപരിശോധിക്കാനും ഉത്സാഹം.
കുഞ്ഞയ്യന് സംതൃപ്തി.
" ആദ്യം ന്താ വേണ്ടേ?" പണിക്കാരിലൊരാള്‍ ചോദിച്ചു. ഉച്ചയാകുമ്പോഴേക്കും പണിയവസാനിപ്പിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു പണിക്കാര്‍.
"ഷ്ളാബെട്ക്കാം" കുഞ്ഞയ്യന്‍ പറഞ്ഞു.
കമ്പിപ്പാരയെടുത്ത് അവരെല്ലാം മല്പിടുത്തം തുടങ്ങി.
സ്ലാബ് ഇളകിമാറിയപ്പോള്‍ വെളിയില്‍ വന്ന അസഹ്യവാട മൂക്കില്‍ തുളച്ചുകയറി. പണിക്കാര്‍ മൂക്കുപൊത്തി മാറിനിന്നു.
കുഞ്ഞയ്യന് കുഴിക്കുചുറ്റും വട്ടംകറങ്ങി. ചാഞ്ഞും ചെരിഞ്ഞും കുനിഞ്ഞും പരിശോധന. നാറ്റമൊന്നും കുഞ്ഞയ്യന്ഏശിയില്ല. വിലങ്ങുറപ്പക്കുന്നതിനു വേണ്ട സ്ഥാനങ്ങളില്‍ അടയാളപ്പെടുത്തുന്നു.
കൊണ്ടുവന്ന മരങ്ങളില്‍നിന്ന് ആവശ്യമായത്
തിരഞ്ഞെടുക്കുകയാണ് കൃഷ്ണന്‍കുട്ടി.
പണിക്കാര്‍ കുഴികുത്താനും മരംചുമന്ന് യഥാസ്ഥാനംകൊണ്ടിടാനും തുടങ്ങി.
തെല്ലുകഴിഞ്ഞ് കുഞ്ഞയ്യന്‍ മരങ്ങള്‍ തിട്ടപ്പെടുത്തുന്ന കൃഷ്ണന്‍കുട്ടിയുടെസമീപത്തെത്തി.
"തബ്രാനെ"
"ന്തെ ടാ?"കൃഷ്ണന്‍കുട്ടി നിവര്‍ന്നുനിന്നു.
"ഒര് പതിവൊണ്ട്"
"ന്ത് പതിവ്?"
"കുഴീല് എറ് ങ്ങ്ണ്ടേ!"
"വേണ്ടെ! അത്നല്ലെ നെന്നെ ഉഴ്ഞ്ഞ് വെച്ചേകക്ക്ണ്"
"ഹ്തൊക്കെ ശ് ര്യ. മ്മ്ടെ പണി അ്താ. പിന്നെ ഒന്ന് മോന്തീല്ല്ങ്കീ...." അവനെ്റ ഉന്നംപിടി കിട്ടി കൃഷ്ണന്‍കുട്ടിക്ക്.
കൃഷ്ണന്‍കുട്ടി ഉടനെ പറഞ്ഞു:-"ഇപ്പോ വേണ്ട."
"തബ്രാനെന്താ പറേണെ!ഒന്ന് ചെന്നില്ലേല് എങ്ങ്ന്യ യീ നാറ്റത്തില്...................."കുഞ്ഞയ്യന്‍ കരച്ചിലിനെ്റ വക്കിലെത്തി.
"നോക്ക്യേ കൊഴ്പ്പം പിടിച്ച പണ്യ. പണികഴിഞ്ഞാല് നെനക്ക്ഇഷ്ടം പോലെ ഞാന്‍ വാങ്ങി തരണ്ട്." കൃഷ്ണന്‍കുട്ടി ഉറപ്പു കൊടുത്തു.
"തബ്രാനൊന്നാലോചിച്ചെ. ഇത് ല് എറ്ങ്ങണ്ടെ ഒര് വീര്യല്ലാണ്ട്...ഒര് കൊഴ്പ്പോം വരുത്തൂല അതൊറ്പ്പാ യീകുഞ്ഞ്യയന്‍ പറേണ്താ."
ചിന്നിചിതറി കിടക്കുന്ന തലമുടിയില്‍ അഴുക്കു പുരണ്ട വിരലുകളാല്‍മാന്തി കേണപേക്ഷിക്കുന്ന കുഞ്ഞയ്യനെ്റ ചേഷ്ടകള് കൃഷ്ണന്‍കുട്ടിയുട മനസ്സലിയിച്ചു..
പൊല്ലാപ്പായല്ലോ എന്ന് മനസ്സില്‍പ്രാകി കൃഷ്ണന്‍കുട്ടി പണിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കുഞ്ഞയ്യനേയും കൂട്ടി..............................

കുഞ്ഞയ്യന്‍ ആക്രാന്തത്തോടെ ചാരായംമോന്തുമ്പോള്‍
കൃഷ്ണന്‍കുട്ടിക്ക് ആധിയായി.
"മതീടാ കുടിച്ചേ! ന്തൊക്യാ ഇ്ണ്ടാക്വാ നീ!".
"തബ്രാന്‍ പേടിക്കണ്ട ട്ട്വോ .കുഞ്ഞ്യയന് ത്ക്കെ ശീ ശീന്ന് പോകാനേള്ളു".
അവര്‍ തിരിച്ചെത്തിയപ്പോള്‍ കുഴിക്കു മുകളില്‍ രണ്ടുതടികള്‍ വിലങ്ങനെ ഉറപ്പിച്ചിരിക്കുന്നു.
പണിക്കാര്‍ വിയര്‍ത്തൊലിച്ചിക്കുന്നു.
ശക്തിയായ വെയില്‍.
"തബ്രാക്കമാരെ ഒന്ന് മാറി നിംന്നെ കുഞ്ഞ്യയനൊന്നു നോക്ക്ട്ടെ".
"ഇത് പോര്ടാ?" ഒരു പണിക്കാരന്‍ തനെ്റ കഴിവില്‍ ഊറ്റം കൊണ്ടു.
"പഷ്ട് ക്ളാസ്" കുഞ്ഞയ്യന്‍ വിധി കല്പിച്ചു.
കുഴിയില്‍ എത്തിനോക്കിയ കുഞ്ഞയ്യന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചു.
സ്വര്‍ണ്ണതിളക്കം! ഉള്ളില്‍ ആഹ്ലാദത്തിന്‍റെ ആരവം.
സൂര്യപ്രകാശത്തില്‍‍ തിളങ്ങുന്ന മാലയുടെ പൊന്‍പ്രഭ! പ്രകാശധാരയാല്‍ കുഴിയിലാകെ വെട്ടിത്തിളക്കം!?.
കുഞ്ഞയ്യന് കുഴിയിലിറങ്ങാന്‍ തിടുക്കമായി.
കുഴിയിലേക്ക് എടുത്തു ചാടാനുള്ള അമിതാവേശം.
"കുഞ്ഞയ്യാ; കൊഴ്പ്പൊണ്ടോ?" കൃഷ്ണന്‍കുട്ടി വേവലാതിയോടെ ചോദിച്ചു.
"ഹേ യ് ല്ല്യ ന് ല്ല ഒറൊപ്പൊണ്ട്"
'അത്നല്ല നെനക്ക്?"
"തബ്രാന് കള്യാക്കണ്ട.കുഞ്ഞ്യയന് ഒര് ചുക്കൂല്യ. യിപ്പ കാണാം തബ്രാക്കള്ക്ക് കുഞ്ഞ്യയന്‍ ഹാരാന്ന്! നോക്കിക്കോ. കുഞ്ഞ്യയന്‍എറ്ങ്ങാപോണ്.കേറിവര്വസൊര്‍ണമാല്യായിട്ടാ.ക്ണ്ടോ തബ്രാക്കളേ!"
കുഞ്ഞയ്യന്‍ മരത്തില്‍ ക്കെട്ടിഭദ്രമാക്കിയ വടം കുഴിയിലിറക്കി.
മരത്തില്‍ മുറുക്കിക്കെട്ടിയഭാഗത്ത് ബലംപ്രയോഗിച്ച് ഇറങ്ങാനുള്ള തയ്യാറെടുക്കവെ കൃഷ്ണന്‍കുട്ടിയുടെ ആശങ്ക പൊട്ടിവീണു.:-
"കുഞ്ഞയ്യാ,എറ്ങ്ങാന്‍വരട്ടെ." തീ പിടിപ്പിച്ച ചൂട്ട് കുഞ്ഞയ്യന്‍റെ കൈയില്‍ വെച്ചുകൊടുത്തുകൊണ്ടു പറഞ്ഞു:--"ചൂട്ടു കുഴിയിലിറക്ക്.ന്ന്ട്ട്നോക്കി എറ്ങ്ങാം.വെഷവാതകോ മറ്റ്വോ..."
"ഹയ്യ യ്യോ! ന്താ പറേണെ തബ്രാനെ. യീ അമേദ്യത്തീ വെഷാ! ആര്ട്യാ അമേദ്യം? കുഞ്ഞ്യയനെ പേടുപ്പിക്യ.യിതിലൊന്നൂല്യ.
യിതിനേക്കാളേറെ വെഷം മ്മ് ടെഉള്ള് ലാ......................."
ചൂട്ട് വെളിയിലെറിഞ്ഞ് തീവ്രാവേശത്തോടെ ഞാന്നു കിടക്കുന്ന
വടത്തില്‍ എത്തിപ്പിടിച്ച് ഇറങ്ങുകയാണ്കുഞ്ഞയ്യന്‍.
ദുര്‍ഗന്ധം അവഗണിച്ച് പണിക്കാര്‍കുഴിക്കു ചുറ്റുനിന്നും ഉററു നോക്കുകയാണ്.
പാതിയിറങ്ങിയ കുഞ്ഞയ്യന് പന്തിയല്ലാത്ത പകപ്പ്.
ചെവിയില്‍ ചൂളംവിളി.കണ്ണില്‍ മിന്നാമിനുങ്ങുകള്‍. ധൈര്യത്തിന്‍റെ
മണ്‍ചിറയില്‍ വിള്ളലുകള്‍.
കുഞ്ഞയ്യന്‍റെ ദയനീയമായനോട്ടവും,ഭാവപ്പകര്‍ച്ചയും
കൃഷ്ണന്‍കുട്ടിയില്‍ ഭീതിയായി വളര്‍ന്നു.
"പന്ത്യല്ലാ കൂട്ടരേ! കുഞ്ഞയ്യാ കേറ് ശീഘ്രംകേറ് കൃഷ്ണന്‍കുട്ടി ധൃതികൂട്ടി
ശബ്ദം ഇരമ്പലായി താഴ്ന്നിറങ്ങവെ കുഞ്ഞയ്യന്‍റെ കാതരമിഴികള്‍ മുകളിലേയ്ക്ക്.കണ്ണുകളില്‍ ദീനത!
" കുഞ്ഞയ്യനെ വലിച്ച് കേറ്റൂ! അവന്‍ അപ്കടത്തിലാ... ലാ.....
കുഞ്ഞയ്യാ കൈ വിടാതെ മുറ്ക്കി പ്ടിച്ചോ."കൃഷ്ണന്‍കുട്ടി അലറിവിളിച്ചു.വിലങ്ങനെയിട്ട മരത്തടിയില്‍ കമഴ്ന്നുകിടന്ന് എല്ലാശക്തിയും പുറത്തെടുത്ത് വടം വലിക്കാന്‍തുടങ്ങി. മറ്റുള്ളവരും സ്വയംമറന്ന്.........................
കുഞ്ഞയ്യന്‍റെ പേടിച്ചരണ്ട കണ്ണുകള്‍.
തുറിച്ച നോട്ടം.
പയ്യെ പയ്യെ കണ്ണുകളടയുകയാണ്.
ഭാരം താങ്ങാന്‍ കെല്പില്ലാത്ത കുലവാഴയുടെ അഗ്രഭാഗം താഴുന്നപോലെ കഴുത്ത്കുനിയുകയാണ്.
" കുഞ്ഞയ്യാ പിടിവിടരുതേ............"
ആ മുന്നറിയിപ്പ് എത്തും മുമ്പ് കുഞ്ഞയ്യന്‍ ഒരു കീറമാറാപ്പ്ഉരുണ്ടുരുണ്ടു വീഴുന്ന പോലെ വടത്തിലൂടെ ഊര്‍ന്ന് മാലിന്യകൂമ്പാരത്തിലേക്കു വീണു.
വടം പിടിച്ചവരുടെ ഭാരം അയഞ്ഞു.
"ചതിച്ചു ദൈവേ.." കൃഷ്ണന്‍കുട്ടിയുടെ ആര്‍ത്തനാദം പെരുമഴയായി.
പുഴുവായി പുളയ്ക്കുന്ന ജീവനുവേണ്ടി തുടിക്കുന്ന ഇത്തിരിജീവിയായ കുഞ്ഞയ്യന്‍................
.ഇത്തിരിയോളം പോന്നപ്രാണന്‍റെ തുടിപ്പില്‍ മനംനൊന്ത് സമനിലത്തെറ്റിയ കൃഷ്ണന്‍ക്കുട്ടി വെപ്രാളത്തിനിടയില്‍ കൈവിട്ട വടം വീണ്ടും പിടിച്ചെടുത്ത് താഴേയക്ക് ഊര്‍ന്നിറങ്ങുമ്പോഴേയ്ക്കും,
ഞെട്ടലോടെ കൂടെയുള്ളവര്‍ ബലം പ്രയോഗിച്ചു കൃഷ്ണന്‍കുട്ടിയെവലിച്ചു കരയ്ക്കിട്ടു.
തളര്‍ന്ന്‌ മണ്ണില്‍ മലര്‍ന്നുവീണ കൃഷ്ണന്‍കുട്ടിയുടെ
കണ്ണുകളില്‍ തീക്ഷ്ണതയേറിയ സൂര്യരശ്മികള്‍ ചുട്ടുപഴുത്തഇരുമ്പു സൂചികളായി ആഴ്ന്നിറങ്ങി.
നട്ടുച്ചയിലെ ഇരുട്ടില്‍ തപ്പി കൃഷ്ണന്‍കുട്ടി വിളിച്ചുപറഞ്ഞു
"കുഞ്ഞയ്യന്‍ മാല്യേംകൊണ്ട് പോയീന്ന് തബ്രാട്ട്യേ അറീക്ക്............."
അപ്പോള്‍ വെളുത്ത പുകയായി കുഞ്ഞയ്യന്‍ മുകളിലേക്ക്
ഉയരുന്നത് കൃഷ്ണന്‍കുട്ടി തിരിച്ചറിഞ്ഞു.
============================== ..................................................................................
ചെറുകഥ
                                                 
                                         
                                 
                                     ..................................................................................
             
ചെറുകഥ
ചിത്രം-----google