note

കൂട്ടായ്മ

Friday, November 8, 2013

ഗ്രഹണം

                         ഗ്രഹണം                                                           ചെറുകഥ               സി.വി.തങ്കപ്പന്‍    


വിറകൊള്ളും നക്ഷത്രങ്ങള്‍ ചാടിവീഴാന്‍ തക്കംപാര്‍ത്ത് മാനത്ത്.
"കള്ളാ കള്ളാ" എന്ന് രഹസ്യമായി ചെവിയിലോതി നാണിപ്പിച്ചു
കൊണ്ടോടുന്ന കുസൃതിക്കാറ്റ്‌.
ഇരുട്ടുമൂടിയ പാതയിലൂടെ അവര്‍ നടക്കുകയാണ്...
തട്ടിയെടുത്ത  കളവുമുതലുമായി...
"ഇനി എങ്ങോട്ടാ ?" എന്നുചോദിക്കാന്‍ നാവുപൊന്തുന്നില്ലല്ലോ!
ഭദ്രന് സംഭ്രമമായി.                                                                                                കയറില്‍പിടിച്ച് മുമ്പേ ഗമിക്കുന്നു ശിവന്‍..
ഒടുവില്‍ ഭദ്രന്‍ കൈക്കൊട്ടി ശ്രദ്ധക്ഷണിച്ചു..
തിരിഞ്ഞുനോക്കിക്കൊണ്ട് ശിവന്‍ പറഞ്ഞു:-
"മാര്‍ഗ്ഗം തെളിഞ്ഞുവരും" ശിവന്‍റെ വാക്കില്‍ ആത്മവിശ്വാസം.
ഏതോ ഉള്‍വിളി . പുതുദര്‍ശനത്തിന്‍റെ തിരിച്ചറിവ്.
തെളിയുന്ന തിളക്കമാര്‍ന്ന രാജകീയ പാത.
" നടക്ക്; അവസാനിച്ചിട്ടില്ല,ആരംഭിച്ചിട്ടേയുള്ളു.പിന്തുടരൂ.''ശിവന്‍
തുടര്‍ന്നുപറഞ്ഞു.
ജാള്യതയോടെ,കുറ്റബോധത്തോടെ ശിവനെന്ന അവ്യക്തനിഴലിനെ
പിന്തുടര്‍ന്നു ഭദ്രന്‍.
ഏതോ ഉന്മാദലഹരിയില്‍............
മായികവിഭ്രാന്തിയില്‍.....................
ആലോചിക്കാതെ അബദ്ധങ്ങളില്‍ ചെന്നുചാടുക ശീലമായിപ്പോയി. വരുംവരായ്കകളെപ്പറ്റി ചിന്തിക്കുക പോലുമില്ല.                                                          ഇറങ്ങിത്തിരിച്ചതിനുശേഷമാണ് ചിന്തിക്കുക.
ഇനി എന്തുമാര്‍ഗ്ഗം?
പൊറുക്കാന്‍ പറ്റാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്.
ശിവനില്‍ ഏതോ ദുര്‍ഭൂതം ആവേശിച്ചിരിക്കുന്നു.
അവനില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍!
അമാനുഷിക ശക്തിവിശേഷങ്ങള്‍ !വാക്കിലും,പ്രവൃത്തിയിലും
വന്നമാറ്റങ്ങള്‍!
അത്ഭുതംതോന്നുന്നു!!!
ഇറങ്ങിതിരിച്ചസ്ഥിതിക്ക് ഉപേക്ഷിക്കാനും പറ്റാത്ത അവസ്ഥ.
എന്തൊക്കെയാണ് സംഭവിച്ചത്? ഒരുദുസ്സ്വപ്നംപോലെ...............
ഉന്മാദത്തിനധീനനായി ചിന്താശേഷിനഷ്ടപ്പെട്ട്                                                       ഒഴുക്കിലെ  പൊങ്ങുത്തടിപോലെ ഒഴുകുകയായിരുന്നു.

ഒരു സിനിമ കാണാന്‍ പോയതിന്‍റെ വിന.
അതോ മനപ്പൂര്‍വം വഴിയൊരുക്കിയതാണോ ശിവന്‍?!
സംശയം പെരുകുന്നു.ഇപ്പോള്‍ സംസാരശേഷി പോലും നഷ്ടപ്പെട്ട്‌ താന്‍...
വീണുക്കിട്ടുന്ന ഒഴിവുകളില്‍ സിനിമാകാണാന്‍ പോകാറ്‌ പതിവാണല്ലോ!
പറഞ്ഞിട്ടു കാര്യമില്ല.വരാനുള്ളള്ളത് വഴിയില്‍ തങ്ങുകയില്ലല്ലോ!
സെക്കന്‍റെ് സിനിമ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയപ്പോഴും
വെറുതെ ഓരോന്നു പറഞ്ഞിരുന്നു കവലയില്‍.
അതിനിടയിലാണ് ശിവന്‍ ചോദിച്ചത്:-"ഭദ്രാ,നെന്‍റെ കയ്യില്കാശുണ്ടോ?"
"എത്ര്യാ"
"ഒരു പതിനയ്യായിരം..."
"അയ്യോ!ഇല്ലല്ലോ........!
"ഒന്നുതിരിക്കാന്‍ ..വേഗംതന്നെത്തിരിച്ചുതരാം"
"ഒരു പാക്വൊല്ലല്ലൊ" നിസഹായാവസ്ഥയില്‍ ശബ്ദവുംപതറിപ്പോയി.
സത്യം.എത്ര എത്ര ആവശ്യങ്ങള്‍ നടക്കാതെ പോകുന്നു.
ആരോടു പറയാനാണ്.
സഹിക്കുക.
"പെങ്ങള്‍ടെ കല്ല്യാണത്തിന് മൂന്നുലക്ഷം രൂപ സൊസൈറ്റീന്നു വായ്‌പയെടുത്തതാ ഒന്നും അടയ്ക്കാന്‍ പറ്റീല്യ ഇപ്പോ.ജപ്തിനോട്ടീസ്......  ന്താ ചിയ്യാ?.." തലയില്‍ വിരലോടിച്ച് ശിവന്‍ സങ്കടക്കഥ നിരത്തുമ്പോള്‍...
 മനസ്സിലൊരുവിങ്ങല്‍. ധര്‍മ്മസങ്കടം.
ആത്മാര്‍ത്ഥസ്നേഹിതന്‍ അതിലുപരി...........
സഹായിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.....
എന്തെങ്കിലും മാര്‍ഗമുണ്ടായിരുന്നുവെങ്കില്‍......
ഒരല്പം പൊന്നൊ മറ്റൊ പണയംവച്ച്...........
അല്ലെങ്കില്‍ ആരുടെയെങ്കിലും കയ്യില്‍നിന്ന്........
ആരു തരാന്‍.............?
അല്പം ഇടിച്ചില്‍ വന്നാല്‍‌...
മുഖം മറച്ച് നടക്കുന്നവര്‍
ദൃഷ്ടിയില്‍നിന്ന് മറയാന്‍ വ്യഗ്രത കാട്ടുന്നവര്‍
സഹായിക്കാന്‍ കഴിവുള്ളവര്‍ സഹായിക്കില്ല.
ബന്ധുക്കള്‍ ബന്ധം മറക്കുന്നു.                                                                                പരിചയഭാവം പോലും കാണിക്കില്ല.
സ്ഥിരമായോരുജോലി  സ്ഥിരമായോരുവരുമാനം.
എങ്കില്‍.............
ഇപ്പോള്‍ ആര്‍ക്കും ശല്യമില്ലാതെ ജീവിതം തള്ളിനീക്കുന്നത്
ശിവന്‍റെ കാരുണ്യംകൊണ്ടാണ്.
അല്ലെങ്കില്‍ ചേട്ടന്‍റെ,അച്ഛന്‍റെ എത്ര എത്ര പഴികള്‍ കേള്‍ക്കണം.
കാല്‍ക്കാശിനു വിലയില്ലാത്ത ഡിഗ്രിക്കാരന്‍.
കേള്‍ക്കുമ്പോള്‍ വേദനയായിരുന്നു.ആത്മരോഷമായിരുന്നു.അങ്ങനെയാണ്ശിവന്‍റെ   സഹായിയായി പെയിന്‍റിംഗ്പണിക്ക് പോയിത്തുടങ്ങിയത്.                                      അപ്പോള്‍ എല്ലാവര്‍ക്കും സഹതാപം.!
മറ്റു ജോലികള്‍ കിട്ടാന്‍ അര്‍ഹതയില്ലാഞ്ഞിട്ടാണൊ!                        തനിക്കും,ശിവനും.
അല്ല.തീര്‍ച്ചയായുംഅല്ല.                                                                                            പണം.സ്വാധീനം.
പിന്നെ എന്തൊക്കേയോ വേണം.
സര്‍ക്കാര്‍സര്‍വീസില്‍ വിലസുന്നവര്‍!
സര്‍ക്കാരിന്‍റെ മോഹനവാഗ്ദാനങ്ങള്‍....!
സ്വയംതൊഴില്‍!
പക്ഷേ,അതിനായി ശ്രമിക്കുമ്പോഴാണ്അറിയുക.
കടമ്പകള്‍.
പാവങ്ങള്‍ക്ക് തരണം ചെയ്യാന്‍ പറ്റാത്ത കടമ്പകള്‍.
അടയുന്ന വാതിലുകള്‍.
ഒടുവില്‍ അലച്ചിലും ധനനഷ്ടവും മിച്ചം.
ബാങ്കിന് സമ്പന്നരിലാണ് വിശ്വാസം.
പണം
അധികാരം .
ചിന്തക്ക്ചൂടുപിടിച്ചിരുന്ന ആ സമയത്താണല്ലോ ആ അത്ഭുതംസംഭവിച്ചത്!
സഞ്ചാരപഥംതറ്റിയ ഒരുവാല്‍നക്ഷത്രം മാനത്ത്നിന്ന്സ്ഥാനംതെറ്റി താഴേക്ക്.!.
വാല്‍നക്ഷത്രം കാണുന്നത് കഷ്ടകാലത്തിനാണ് എന്നു കേട്ടിട്ടുണ്ട്.
കൂട്ടംതെറ്റിയ നക്ഷത്രങ്ങള്‍.
ലക്ഷ്യമില്ലാതെ കറങ്ങുന്ന നക്ഷത്രങ്ങള്‍.
ഒരു തീഗോളമായി മുമ്പില്‍ പൊട്ടിവീണു!
അത്യുജ്ജ്വലപ്രഭാവലയം!കണ്ണഞ്ചിക്കുന്ന.........
ആ പ്രകാശത്തില്‍കണ്ടു;  ശിവന്‍ വളരുകയാണ്!ഭയാനകമായ കാഴ്ച!!!
സിരകളിലൂടെ ഭയത്തിന്‍റെ മിന്നല്‍പ്പിണര്‍ പാഞ്ഞു.
ഓടിരക്ഷപ്പെടാന്‍ കഴിയുന്നില്ല.കാലുകള്‍ക്കു സ്തംഭനം.
ഭൂമിയില്‍ ഉറച്ചപോലെ...
"വാ" ഗാംഭീര്യം നിറഞ്ഞ സ്വരം.
മുമ്പില്‍ ശിവന്‍!
അവിശ്വസനീയതയോടെ അവനെ തുറിച്ചുനോക്കി.
അവന്‍റെ ആകാരത്തിന് രൂപഭേദം വന്നിട്ടില്ല.
വെറും തോന്നല്‍
വിചിത്രം
"വാ എണീക്കെടാ"അവന്‍ കയ്യില്‍ പിടിച്ചു.ദേഹമാസകലം
വിദ്യുല്‍പ്രവാഹം ഏറ്റപോലെ.
വിവേചിച്ചറിയാനാവാത്ത വികാര വിസ്ഫോടനം ഉള്ളില്‍.
ഉത്തേജനം
ഉത്സാഹം
ആത്മഹര്‍ഷം
നിര്‍വൃതി
"വീട്ടിലേക്കല്ലേ?"
"അല്ല"
"പിന്നെ?"
"നമ്മെ വിളിക്കുന്നു"
"ആര്‌?"
"രക്ഷകന്‍"
" രക്ഷകനോ?"
"അതെ;രക്ഷകന്‍ നമ്മുടെരക്ഷകന്‍"""''
" നിനക്ക്......?"
"സംശയിക്കേണ്ട,എന്നില്‍നിനക്ക് വിശ്വാസമുണ്ടോ?"
"ഉണ്ട്"
"എങ്കില്‍ വരൂ"
"എങ്ങോട്ട്"
"ചോദ്യം വേണ്ട;നടക്ക്" ആജ്ഞ!
താന്‍ വെറുമൊരു അടിമ.ആജ്ഞാനുവര്‍ത്തി.
പിന്തുടര്‍ന്നു ഏതുദിശയിലേക്കാണ് യാത്രയെന്നുപോലുമറിയാതെ.
''ഭദ്രാ,ഞാന്‍ ആരെന്നറിയോ?"
"ശിവാ!"ആശ്ചര്യത്തോടെ വിളിച്ചു.
"ഞാന്‍ ശിവനല്ല."ഘനഗാംഭര്യമാര്‍ന്നശബ്ദം.
"ങ്ഹേ?"
" പേടിക്കേണ്ട;എന്‍റെകയ്യില്‍ പിടിച്ചുകൊള്ളു.."                                                                 ശിവന്‍ കയ്യ് നീട്ടി.
ഏതോ ഉള്‍പ്രേരണയോടെ ശിവന്‍റെ കയ്യില്‍ സ്പര്‍ശിച്ചപ്പോള്‍ അനിര്‍വ്വചനീയമായൊരു നിവൃതിവിശേഷം മനസ്സിനെ കുളിരണിയിച്ചതായി..
അന്തര്‍സംഘര്‍ഷങ്ങളില്ല....
വികാരവിക്ഷോഭങ്ങളില്ല.
തിരകളില്ലാത്ത സ്വച്ഛനിര്‍മ്മലമായ കടല്‍.
ഓളങ്ങളില്ല.തിരകളില്ല
ശാന്തം!
"ഭദ്രാ "
ങ്ഹേ!ശബ്ദിക്കാന്‍പറ്റുന്നില്ലല്ലോ!!!ശിവനെ തൊട്ടപ്പോള്‍...
"വേണ്ട.നീശബ്ദിക്കേണ്ട.കേട്ടാല്‍മാത്രംമതി.ഇനിനമ്മുടെവിപ്ലവംതുടങ്ങുകയായി. നമ്മെത്തന്നെ നമ്മള്‍ നാമാവശേഷമാക്കികൊണ്ടുള്ള വിപ്ലവം.                                 ആത്മാഹൂതി,അല്ലെങ്കില്‍ ദയാവധം.ജീവിതത്തില്‍ നമ്മളൊക്കെ എന്തുനേടുന്നു?യാതനയും,വേദനയും മാത്രം.നമ്മള്‍ സ്വര്‍ണകരണ്ടിയുമായി ജനിച്ചില്ല.കുതിക്കാല്‍ വെട്ടിയും, കുത്തിയുംകൊന്നും
ഉന്നതസോപാനങ്ങളേറിയില്ല.സമൂഹത്തിലെ ഉന്നതപദവി
അലങ്കരിക്കുന്നവര്‍ ഭൂരിപക്ഷവുംഎന്താണ് കാട്ടിക്കൂട്ടുന്നത്? സര്‍വ്വീസ്...........പ്രജാക്ഷേമം.നമ്മുടെരാജ്യത്തിന്സ്വാതന്ത്ര്യം
കിട്ടിയിട്ടും ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.സ്വന്തം കുടുംബങ്ങളിലെ
പിന്‍തുടരാവകാശികള്‍ക്ക് ഉദ്യോഗമായാലും മന്ത്രിപ്പണിയായാലും മറ്റെന്തായാലും അതാണ് സ്ഥിതി!!!
കോരന് കഞ്ഞി കുമ്പിളില്‍തന്നെ!!! അവര്‍ക്കുവേണ്ടി തല്ലു കൊള്ളാനും ഇങ്കുലാബ് വിളിക്കാനും അതിനായിമാത്രം സൃഷ്ടിക്കപ്പെട്ട അടിമകളും.
ഇനിയത് നടക്കാന്‍പാടില്ല തുല്യത കൈവരിക്കണം.ചെറുമീനുകളെ
വലിയമീനുകള്‍ വെട്ടിവിഴുങ്ങില്ലേ? ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാവൂ!
നന്മചെയ്യുന്നവര്‍ നല്ലവരാണെന്ന്‌ പറഞ്ഞിട്ടെന്തു കാര്യം?തട്ടിപ്പും,വെട്ടിപ്പും
നടത്തുകയും,അധികാരസ്ഥാനങ്ങള്‍ കയ്യടുക്കുകയും ചെയ്യുന്നവര്‍ക്കല്ലേ
സുഖഭോഗങ്ങളില്‍ ആമഗ്നരായി ജീവിതം ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.
നമുക്കും അതാവാം അല്ലേ ഭദ്രാ.ഹാ...ഹാ...ഹാ..."
അവന്‍ പൊട്ടിച്ചിരിക്കുകയാണ്.പേടിപ്പെടുത്തുന്ന ചിരി!
ആ കണ്ണുകളില്‍ അഗ്നി ജ്വാല!!!
ആ ജ്വാലയില്‍ കത്തിചാമ്പലാകുമോ എന്നുസംശയിച്ചു.
എന്തൊക്കെയാണ് അവന്‍ പറഞ്ഞുകൂട്ടിയത്‌.ഏതു മായികവിഭ്രാന്തിയിലാണ്‌
അവന്‍.അതില്‍നിന്ന് എങ്ങിനെയാണ്അവനെ മോചിപ്പിക്കേണ്ടത്.?..
പെട്ടെന്ന് ശിവന്‍ നടത്തം നിറുത്തി.
അനന്തനാരായണന്‍ മാസ്റ്ററുടെ വീടിന്റെ ഗേറ്റ്.ഏതോവെളിപാടുപോലെ
ഗേറ്റിനരികിലെത്തി.
പൂട്ടിയിട്ടിരിക്കുന്ന ഗേറ്റ്..
ശിവന്‍റെ കരസ്പര്‍ശമേറ്റ ലോക്ക് കൊഞ്ചിക്കുഴഞ്ഞ്അവനിലേക്ക്‌ ചാഞ്ഞു.
ആതിഥ്യമര്യാദയോടെ ഇരുകരങ്ങളാല്‍ വാരിപ്പുണര്‍ന്ന് ഉള്ളിലേക്കാനയിച്ചു.
തന്‍റെ സാന്നിദ്ധ്യം ഗേറ്റ് പരിഗണിച്ചതേയില്ല.അത് മുഖംകറുപ്പിച്ച്പിന്‍വാങ്ങി.
ഒടുവില്‍...
ചുമലിലൊരു ഭാരവുമായി വിജിഗീഷുവിനെ പോലെ ശിവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞെട്ടിവിറച്ചുപോയി....
അയ്യോ അയ്യോ ശബ്ദമല്ലാതെ......................................!!!
പിന്നെ....
പിന്നെ.............
ശിവന്‍ അതിനെ നിലത്തിറക്കി.
പുറം തലോടി.
ഓമനത്തമുള്ള കിടാവ്‌!
അപ്പോള്‍?!!

ഇരുട്ടുമൂടിയ പാതയിലൂടെയാണ് അവരുടെ യാത്ര
ഇരുളിലേയ്ക്കുള്ള യാത്ര....
ഇരുട്ടുനിറഞ്ഞപാതയിലൂടെ നടക്കുകയാണ്.
അവര്‍ എങ്ങോട്ടോ നടക്കുകയാണ്‌.
വഴിയറിയാത്ത യാത്ര.
ലക്ഷ്യംതേടിയുള്ള യാത്ര.
ഇരുട്ടില്‍...........
അവര്‍ നടക്കുകയാണ്‌.........
ഊരാക്കുടുക്കില്‍ അകപ്പെട്ടതുപോലെ ഭദ്രന്.                                                                       ഓടി രക്ഷപ്പെടാന്‍പറ്റാത്തഅവസ്ഥ.                                                                                         ഇനി തലനിവര്‍ത്തി നടക്കാന്‍പോലും.......................
എന്തൊരു നാണക്കേട്! മാനക്കേട്!
ഒരു ദുശ്ശീലത്തിനും അടിമയാകാതെ ഇത്രയുംകാലം സുചരിതനായി...
ശിവനിലും ദോഷവശങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ!
തട്ടിക്കൊണ്ടുപോകല്‍?!
അതും രണ്ടുപേരെയും ബാലപാഠങ്ങള്‍ പഠിപ്പിച്ച നല്ലവനായ
അനന്തനാരായണന്‍ മാഷ് ടെവീട്ടില്‍നിന്ന്!
ഇതൊക്കെ എങ്ങനെ തോന്നി?
അരുമയായ കിടാവ്‌.എന്തൊരൈശ്വര്യം!ഇണങ്ങിച്ചേരല്‍.ഏതോആത്മബന്ധം.
ഭദ്രന്‍ അരുമക്കിടാവിന്‍റെ പുറം തലോടി.
ശിവന്‍ തിരിഞ്ഞുനോക്കി."ഭദ്രാ; പുറംപൂച്ചൊന്നും കണ്ട് മയങ്ങണ്ട.
താമസംവിനാ അത് സംഹാരരുദ്രനാകും.പുതു പാഠം ഹൃദിസ്ഥമാക്കും.
ബാലപാഠം പഠിച്ചു തുടങ്ങുക ഉണ്ണീ ഭദ്രാ."
ശിവന് ഭ്രാന്തുതന്നെ.സംശയമില്ല.
രക്ഷപ്പെടാന്‍പോലും പറ്റാത്ത ബന്ധനം.ഒന്നനങ്ങാന്‍പോലും........
അകലെ ചലിക്കുന്ന നിഴല്‍രൂപങ്ങള്‍.
ഭദ്രന്‍ ആശങ്കാകൂലനായി.                                                                                                           ഭയം ഭീകര സര്‍പ്പങ്ങളായി മുന്നില്‍ ഫണമുയര്‍ത്തി ആടി.
"കണ്ടോ,ഭദ്രാ; നമ്മുടെജീവിതം. ഭയം .അകാരണമായ ഭയം. അടിസ്ഥാനമില്ലാത്ത ഭയം.ജീവിതംതന്നെ നമുക്ക് ഭയം നിറഞ്ഞതാണ്. ഭയമില്ലാത്തജീവിതം നമുക്ക് വിധിച്ചിട്ടില്ല.എന്തിനെയൊക്കെ?ആരെയൊക്കെ?.ഇനിഭയത്തിനോടുവിട!                                       
സദ് മൂല്യവിചാരങ്ങള്‍ ഇനി മേലില്‍ ഉള്ളില്‍ എത്തിനോക്കാതിരിക്കണം.
കഠിനഹൃദയനായിരിക്കണം .അതാണിനി നമ്മുടെ യോഗ്യത.നമുക്ക് ലോകം
വെട്ടിപ്പിടിക്കണം...."ശിവന്‍റെ പ്രഭാഷണത്തിനൊടുവില്‍ ചെന്നുപ്പെട്ടത് നിഴലുകളുടെ മുമ്പിലേക്ക്‌.......
നിഴലുകള്‍ അനങ്ങി.
അവരെ പ്രതീക്ഷിച്ചിരുന്നവരെപോലെ രണ്ടു ഇരട്ടുരൂപങ്ങള്‍
മുമ്പില്‍പ്രത്യക്ഷപ്പെട്ടു.
നിഴലുകളുടെ മുമ്പില്‍ അവര്‍ നിശ്ചലരായി.
"നല്ല ഉരുപ്പടി"  ഒന്നാംഇരുട്ടു മുരണ്ടു.
ഭദ്രന്‍റെ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി.
ദുരൂഹമായേതോ അസ്വസ്ഥതയുടെയും,സംഘര്‍ഷത്തിന്‍റെയും തിരതള്ളലിനിടയില്‍ ഭദ്രന് വെളിപാടുണ്ടായി....
അന്നെവിടെയോ ഉണ്ടായിരുന്ന  പെയിന്റിംഗ് ജോലിക്കിടയില്‍ ശിവനെ കാണാന്‍ വന്നവര്‍!                                                                                                                         അന്നവര്‍ ശിവനെ മാറ്റിനിര്‍ത്തി രഹസ്യമായി സംസാരിക്കുന്നതും കണ്ടു.
ഒടുവില്‍ അവര്‍ ക്ഷോഭത്തോടെ തെറ്റിപ്പിരിഞ്ഞ്പോയപ്പോള്‍ വിചാരിച്ചു, പണമിടപാടുകള്‍ ആയിരിക്കുമെന്ന്.പിന്നെ ശിവന്‍
പറഞ്ഞപ്പോഴാണ് ആ ഭീകരസത്യം അറിഞ്ഞത്.
ക്വട്ടേഷന്‍...
ശിവനെ വിലയ്ക്കെടുക്കാന്‍ വന്നവര്‍!
അവരെ പിണക്കിയാലുള്ള ദോഷം സൂചിപ്പിച്ചപ്പോള്‍ ശിവന്‍
ചിരിച്ചുതള്ളുകയാണുണ്ടായത്.
ആ ശിവന്‍...
 ഭദ്രന്‍റെ ഉള്ളില്‍ സംശയത്തിന്‍റെയും,അവിശ്വാസത്തിന്‍റെയും മുളകള്‍ പൊട്ടിവിടരാന്‍ തുടങ്ങി.

രണ്ടാംഇരുട്ടിന്‍റെ കയ്യില്‍ കയര്‍.                                                                               കയറുമായി അയാള്‍ കിടാവിനെ സമീപിച്ചു.
"ഇന്നത്തെ നിങ്ങളുടെ ദൌത്യം  അവസാനിച്ചിരിക്കുന്നു.ഇനി സന്തോഷത്തോടെ ഉരുപ്പടി ഏല്പിച്ചേക്കു;   ഞങ്ങള്‍ഏറ്റെടുക്കുന്നു"                                                             ഒന്നാംഇരുട്ടിന്‍റെ കര്‍ണ്ണകഠോരശബ്ദം.
"ഇനി?! "
" ഇനിയോ? മനസ്സിലായില്ലേ! മൃദുലമായ ഗന്ധകം എങ്ങനെ
സ്പോടകവസ്തുവായി മാറുന്നുവോ അതുപോലെ. കാത്തിരിക്കുക.വഴിയൊരുക്കുക,അണിനിരക്കുക,
സംഘടിപ്പിച്ചു കൊണ്ടുവരിക." ഒന്നാം ഇരുട്ട് പ്രവാചകനായി.
"എന്തിനാ വേറെ കയര്‍ ?"ശിവന്‍ ശാന്തനായി.
"വേണം അതാണ് ചട്ടം"
ഒന്നാം ഇരുട്ട് ശിവന്‍റെ കൈയില്‍ പണം അര്‍പ്പിച്ചുകൊണ്ട്
പറഞ്ഞു."ദക്ഷിണ സ്വീകരിക്കുക, കയര്‍ വിട്ടോളൂ.ഇനി ഞങ്ങള്‍ നിയന്ത്രണംഏറ്റെടുത്തോളാം".
പണം ശിവന്‍റെ കൈയിലിരുന്ന് വിറച്ചു.
"ഭയപ്പെടേണ്ട ചഞ്ചലപ്പെടേണ്ട.ഒറ്റിക്കൊടുത്തതിന്‍റെ പ്രതിഫലമല്ല.
കര്‍മ്മത്തിന്‍റെ ദക്ഷിണ. ദക്ഷിണ എണ്ണിനോക്കാതെ സ്വീകരിക്കുക."
രണ്ടാം ഇരുട്ട് കിടാവിന്‍റെ  പൂര്‍വ്വബന്ധം വിച്ഛേദിച്ചു.
ഒന്നാം ഇരുട്ട് കുരുങ്ങാത്ത കരുക്കുണ്ടാക്കി കിടാവിന്‍റെ കഴുത്തില്‍ ബന്ധിച്ചു.
ശിവനും ഭദ്രനും മോചനം .....
"ഇനി?" ഒന്നാം ഇരുട്ട് പെട്ടെന്ന് നിര്‍ത്തി വീണ്ടും പറഞ്ഞുതുടങ്ങി:-
"ഓ!നിങ്ങള്‍ക്കിനി തിരിച്ചുപോക്കില്ലല്ലോ.അല്ലേ !വേണ്ട ;ഭയവും,ശങ്കയും ഇനി ഒട്ടും വേണ്ട.നിങ്ങള്‍ക്കായി സുരക്ഷിത താവളം സജ്ജീകരിച്ചിട്ടുണ്ട്.
ശീഘ്രം തെക്കോട്ട്‌ നടക്കുക.മുന്നില്‍ കാണുന്ന ഒന്നാംമല കയറി, രണ്ടാംമല
കയറി, മൂന്നാം മലയില്‍ എത്തുക.മലയടിവാരത്ത്‌ പാറക്കെട്ടുകള്‍ കാണാം.
അവിടെയെത്തിയാല്‍ പത്തു ഒമ്പത്‌ നമ്പറില്‍ ഡയല്‍ചെയ്ത് ഹലോ കേള്‍ക്കുമ്പോള്‍ 'പുതുരക്തം വരികയായ് സഹജരേ' എന്നോതുക.ആ നിമിഷം
നിങ്ങള്‍ക്കുള്ള ഒളിത്താവളം ഒരുങ്ങിക്കഴിഞ്ഞിരിക്കും.നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ട്...!വേഗം പോകൂ വെളിച്ചം പരക്കുന്നതിന്‌ മുമ്പ്..."
ഒന്നാം ഇരുട്ടിന്‍റെ കല്പനയില്‍ മുഴങ്ങിയത് ദുരൂഹമായേതോ ഭീഷണ ധ്വനി.
ആകാശത്ത്‌ പെറ്റുപെരുകുന്ന നക്ഷത്രങ്ങള്‍...                                                                  കണ്ണിന് കര്‍പ്പൂരദീപങ്ങളായി....
ഗ്രഹണം അവസാനിച്ചിരിക്കുന്നു...
ചന്ദ്രബിംബം ശോഭയോടെ തെളിഞ്ഞിരിക്കുന്നു.                                                           ശിവനും,ഭദ്രനും                                                                                 
തെക്കോട്ടേയ്ക്ക് മെല്ലെമെല്ലെ.....

ഇരുട്ടിന്‍ കൂട്ടാളികള്‍ കിടാവിനെ പുഴക്കടവിലേക്ക് ഇറക്കി.
അരുമക്കിടാവ് ജീവന്‍റെ ജലം മെല്ലെ മെല്ലെ കോരിയെടുത്ത്  തലയുയര്‍ത്തി.....
കൈവിട്ടവര്‍ തെക്കോട്ടു നീങ്ങുന്നത്‌ കണ്ണിമയ്ക്കാതെ നോക്കിനിന്നു................
ഏതോ ഉള്‍വിളിയോടെ പുഴക്കടവിലേക്ക് തിരിഞ്ഞുനോക്കിയ                       ശിവന്‍റെകണ്ണില്‍ദൃശ്യമായത്.... !                                                                                  അനന്തനാരായണന്‍ മാഷിന്‍റ  മകന്‍റെ രൂപമാണ്!!!
പട്ടുസ്വഭാവമുള്ള പ്ലസ്ടുവില്‍ പഠിക്കുന്ന മാഷിന്‍റെ പൊന്നോമന പൌത്രന്‍!
ശിവന്‍റെ കണ്ണില്‍ ആ കാഴ്ച  വജ്രസൂചിയായി തുളഞ്ഞുക്കയറി.......
അതോടൊപ്പം അമ്മമാരുടെ,സഹോദരിമാരുടെ,കുഞ്ഞുങ്ങളുടെ,അച്ഛന്മാരുടെ,
സഹോദരന്മാരുടെ.....
തീക്ഷ്ണ നയനങ്ങള്‍ ................... ...!!!!
തുളഞ്ഞുകയറുകയാണ്.
വേദനയോടെ ശിവന്‍ പുളഞ്ഞു.ഞെരിപിരികൊണ്ടു!
ക്ഷണികമായിര്‍കൊണ്ട ബോധോദയത്തോടെ ശിവന്‍ ആര്‍ത്തുവിളിച്ചു:-:"ഭദ്രാ,ചതിച്ചു.വാ.........."
കൈക്കുള്ളില്‍ അമര്‍ന്നിരുന്നു ഞെരങ്ങിയ നനഞ്ഞനോട്ടുകള്‍വൈരാഗ്യതീക്ഷ്ണതയോടെ പിച്ചിച്ചീന്തി  ഊക്കോടെ വലിച്ചെറിഞ്ഞ്......
പുഴക്കടവിലേയ്ക്ക്..........
+++++++++++++++++++=+++++++++++++++++++++++++==*മുമ്പെഴുതിയ ഈ ചെറുകഥ അല്പസ്വല്പം മാറ്റംവരുത്തി വീണ്ടും പ്രസിദ്ധീകരിക്കുകയാണ്.


:::::::::::::::::::::::::::::::::::
ചിത്രങ്ങള്‍ -ഗൂഗിള്‍