note

കൂട്ടായ്മ

Showing posts with label പലവക(Micse). Show all posts
Showing posts with label പലവക(Micse). Show all posts

Thursday, December 1, 2011

രചനാമാന്ദ്യം സംതൃപ്തിയും-Rachana


എന്തിനേറെ പറയുന്നു ഇപ്പോള്‍ എന്‍റെ ബ്ലോഗില്‍
എഴുതാന്‍ സമയമില്ല തീരെ!
ഭാവനാചിറകിലേറി മനസ്സും,വപുസ്സും സജ്ജമാക്കി
എഴുതാനുള്ള ആദ്യപടിയായി ഡാഷ്ബോര്‍ഡ്
തുറക്കുമ്പോള്‍ കാണുന്നു.
ഞാന്‍ പിന്തുടരും ബ്ലോഗുകള്‍.
പുതുരചനകള്‍.
ക്ഷണിക്കുന്നു,ഒന്നുകണ്ടു് പോകാന്‍.
അവഗണിക്കരുതല്ലോ!
ക്രമാനുക്രമം തുറക്കുന്നു.
അറിവിന്റെ,അനുഭവത്തിന്റെ പുത്തന്‍ചക്രവാളങ്ങള്‍
കണ്‍മുമ്പിലേയ്ക്ക് തുറന്നുവരുന്നു. ആകര്‍ഷകമായരചനകളും,
വശ്യമനോഹരമായ ചിത്രങ്ങളും,
ആനുകാലിക പ്രസക്തമായ വിഷയങ്ങളെ സംബന്ധിച്ചുള്ള
വിജ്ഞാനപ്രദമായവിവരങ്ങളും, പ്രൌഢമായ ലേഖനങ്ങളും.
എല്ലാം സശ്രദ്ധം വായിച്ച് 'പേസ്റ്റൊ'ട്ടിക്കാതെ തനതായ
ശൈലിയില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്നു.

ഓരോ ബ്ലോഗിലുമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോഴും
മനസ്സില്‍ നിറയുന്നത് ആത്മസംതൃപ്തിയാണ്.
ബ്ലോഗ് നോക്കാനും അഭിപ്രായം രേഖപ്പെടുത്താനും
കഴിഞ്ഞല്ലോ!എന്‍റെ ബ്ലോഗ് ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും.

പിന്നെ 'ലിങ്ക്‌'ശൃംഖലയില്‍ ചാഞ്ചാടി അപരിചിത
വാതായനങ്ങളിലൂടെ പ്രയാണം ആരംഭിക്കുമ്പോള്‍
'വെബ്' വിസ്മയം!വിരല്‍ത്തുമ്പു സ്പര്‍ശത്താല്‍
സമീപം പ്രത്യക്ഷപ്പെടുന്ന അത്ഭുതപ്രപഞ്ചം

അതിനിടയില്‍ സംഭവിക്കുന്ന ഊര്‍ജ്ജതകരാറുകള്‍!
ആവര്‍ത്തന ദിനങ്ങള്‍...........
ആത്മസുഖം നല്‍കുന്ന ദിനങ്ങള്‍..

കടലാസില്‍ അനര്‍ഗളം വരികള്‍ ഒഴുകുമെങ്കിലും,
മറ്റു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ അവസരം
ലഭിക്കുമെങ്കിലും,ബ്ലോഗിലെ അഭിപ്രായസ്വാതന്ത്ര്യം,
സൌഹാര്‍ദ്ദകൂട്ടായ്മ ലഭ്യമാകുകയില്ലല്ലോ!!!

പ്രവൃത്തി ചെയ്ത സംതൃപ്തി.

"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം."

ഗുരുവചനത്തിന്റെ ആഴം......!!!!!!!!!!!!*************************************

Sunday, November 6, 2011

കളഞ്ഞുകിട്ടിയ.......പത്രങ്ങളിലൂടെ(Kalanju.....)


പണാര്‍ത്തിയാണ് ഇന്ന് സമൂഹത്തില്‍ പരക്കെ. പണം
പെരിപ്പിക്കാനുള്ള വ്യഗ്രതയില്‍ വന്‍കിടക്കാരുംഏതു
അഗമ്യമാര്‍ഗമുപയോഗിച്ചും ധര്‍മ്മംവെടിഞ്ഞ് സമ്പാദ്യം
കുന്നുകൂട്ടാനുള്ള തന്ത്രപാടിലാണ്.
ദുരാഗ്രഹിയായ രാജാവിന് ആര്‍ത്തിമാറ്റാന്‍ കൊടുത്ത
വരം ശാപമായി കലാശിച്ച കഥ ഇത്തരുണത്തില്‍
ഓര്‍മയില്‍വരികയാണ്.

ആധുനികജീവിതസുഖലോലുപതയില്‍ നിമിഗ്നരായി
ആയതിനുവേണ്ട 'മെറ്റീരിയല്‍സ് 'സംഘടിപ്പിക്കുന്നതിനായി
അധര്‍മ്മ മാര്‍ഗങ്ങളിലൂടെ ചരിക്കുകയും മനുഷ്യത്വരഹിതമായ,
പൈശാചികമായ ക്രൂരകൃത്യങ്ങള്‍ നിര്‍വഹിച്ചു് വിലസിനടക്കുന്നെന്നു
കേള്‍ക്കുമ്പോള്‍ത്തന്നെ.........................................

അത്തരം സുഖങ്ങള്‍ നൈമിഷികമാണെന്നോര്‍ക്കണം!!!


എന്നാല്‍ സത് മൂല്യങ്ങള്‍ കൈവിടാതെ അതിനനുസൃതമായി
ജീവിക്കുന്നവര്‍ക്ക് ഒരിക്കലും കുറ്റബോധവും,ജീവിതപരാജയവും
ഉണ്ടാവുകയുമില്ല.നിശ്ചയം.നിശ്ചയം.

2011 നവംബര്‍ 6 ഞായറാഴ്ച്ച മാതൃഭൂമിദിനപത്രത്തിലെ
വാര്‍ത്ത ഞാനിവിടെ ചേര്‍ക്കുന്നു.

കളഞ്ഞുകിട്ടിയ പത്തുപവന്‍ ഉടമസ്ഥനെ ഏല്പിച്ചു.

ചിറ്റൂര്‍: ഓട്ടോ യാത്രയ്ക്കിടെ കളഞ്ഞുപോയ 10പവന്‍ സ്വര്‍ണമടങ്ങിയ
ബാഗ് ലോറിഡ്രൈവറുടെ സത്യസന്ധതയില്‍ നാവിക ഉദ്യോഗസ്ഥന് തിരിച്ചുകിട്ടി.

ലോറി ഡ്രൈവര്‍ മാഞ്ചിറ കല്ലത്തുപറമ്പില്‍ വി.മോഹന്‍ദാസാണ് കളഞ്ഞുകിട്ടിയ
സ്വര്‍ണം ഉടമസ്ഥന് തിരിച്ചേല്പിച്ചത്. നാവിക ഉദ്യോഗസ്ഥന്‍ ചിറ്റൂര്‍സ്വദേശി
രാജാമണി കല്യാണാവശ്യത്തിന് സ്വരൂപിച്ച സ്വര്‍ണമടങ്ങിയ ബാഗ് നല്ലേപ്പിള്ളി
യിലേക്കുള്ള ഓട്ടോയാത്രയ്കിടെ മാഞ്ചിറവെച്ച് നഷ്ടമാവുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ഈ സമയം മാഞ്ചിറയിലെ
വീട്ടിലേക്ക് പോവുകയായിരുന്ന മോഹന്‍ദാസിന്കളഞ്ഞുപോയസ്വര്‍ണമടങ്ങിയ
ബാഗ് ലഭിച്ചു. ബാഗില്‍ തുണികളും 10 പവന്‍ സ്വര്‍ണമടങ്ങിയ ചെറിയ പെട്ടിയും
കണ്ടതോടെ മോഹന്‍ദാസ് ബാഗുമായി ചിറ്റൂര്‍ പോലീസ്‌സ്റ്റേഷനിലെത്തി.
ഈ സമയം രാജാമണി ബാഗും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം കാണിച്ച് പോലീസില്‍
പരാതിനല്‍കിയശേഷം സ്റ്റേഷനില്‍നിന്ന് ഇറങ്ങുകയായിരുന്നു.

പോലീസിന്റെ സാന്നിധ്യത്തില്‍ മോഹന്‍ദാസ് ബാഗ് രാജാമണിയെ ഏല്പിച്ചു.
ശനിയാഴ്ച പോലീസ്‌സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ബാഗും സ്വര്‍ണവും
തിരിച്ചേല്പിച്ച മോഹന്‍ദാസിനെ ആദരിച്ചു. ചിറ്റൂര്‍പോലീസിന്റെ ഉപഹാരം
എസ്.ഐ. എം.ജെ.ജിജോ, മോഹന്‍ദാസിന് കൈമാറി.

****************************************************

Friday, November 4, 2011

നുറുങ്ങു വെട്ടം-പത്രങ്ങളിലൂടെ(Nurungu vettom)


സംഭ്രമജനകവും, ഹൃദയത്തില്‍ വിക്ഷോഭവും ഉണര്‍ത്തും വിധത്തിലുള്ള
വാര്‍ത്തകളാണ്നാം നിത്യവും പത്രദൃശ്യശ്രവ്യമാധ്യമങ്ങളില്‍ കൂടി വായിച്ചും,
കണ്ടും,കേട്ടുംകൊണ്ടിരിക്കുന്നതു്.

കാലത്തുണര്‍ന്നു പത്രം തുറന്നാല്‍ അക്രമം,
കൊള്ള,കൊലപാതകം,മൃഗീയമായപീഡനങ്ങള്‍ ,ഉന്നതപീഠമേറിയവരുടെ
തരംതാണ ഗീര്‍വാണങ്ങളുടെ അര്‍ത്ഥതലങ്ങള്‍തേടിയുള്ള
വിവരണങ്ങളും മറ്റുമറ്റുമാണ് കാണാന്‍ കഴിയുക കൂടുതലും.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പിശാചിന്റെ, സാത്താന്റെ സന്നിവേശം!
ഓരോരോദിവസവും നടക്കുന്നത് നിഷ്ഠൂരവും,മൃഗീയവുമായ സംഭവങ്ങള്‍ !
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൃത്യങ്ങള്‍ .ആവര്‍ത്തിക്കുന്നു?
പ്രചോദനവും,ആവേശവും ഉള്‍ക്കൊണ്ടാണോ..?
മൃഗീയവാസന മനുഷ്യനില്‍ പടര്‍ന്നു കയറിയോ?
മൃഗങ്ങള്‍പോലും ചെയ്യാത്തത്!!!!!!!
ഇപ്പോള്‍ കുട്ടികള്‍ക്ക് പത്രങ്ങള്‍ വായിക്കാന്‍ കൊടുക്കുമ്പോള്‍ ആശങ്കയാണ്‌,ഭയമാണ്.
പണ്ടൊക്കെ നിത്യവും പത്രപാരായണം നടത്തണമെന്ന് വിദ്യാര്‍ഥികളോട്
പറയുമായിരുന്നു; അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും.ഇന്നതിനു് വിദ്യാര്‍ഥികള്‍ക്ക്
പാഠ്യേതര വായനയില്‍ താല്പര്യമില്ല.സമയവുമില്ല.പിന്നെ ദൃശ്യമാധ്യമങ്ങള്‍ ഉണ്ടല്ലോ!
പിന്നെയാണോ മഹാന്മാരുടെ ജീവചരിത്രങ്ങള്‍ വായിച്ചുമനസ്സിലാക്കി അവരുടെ
ജീവിതപാത പിന്തുടരാന്‍ !
വായനയില്‍ നിന്ന് നേടിയ അറിവ് കാലാകാലം നിലനില്‍ക്കും .
ശിലാഫലകത്തില്‍ കൊത്തിവെച്ചപോലെ.
ദൃശ്യമാധ്യമങ്ങളില്‍ കാണുന്നവ അധികംആയുസ്സില്ലാതെ അപ്രത്യക്ഷമാകാനാണ് സാധ്യത.
പത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി പലപേരുകളില്‍ പേജുകള്‍ നീക്കിവെച്ചിട്ടുണ്ട്‌.
വിജ്ഞാനസമ്പാദനത്തിനായി, പഠനസഹായിയായി.
നിലവാരമുള്ള എഡിറ്റോറിയലുകളും പ്രയോജനപ്രദമാണ് .
ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യവൈകൃതങ്ങള്‍ .
ഭാഷയെ മലീമസമാക്കുന്ന വിധത്തില്‍ പദങ്ങള്‍ തിരുകികയറ്റികൊണ്ടുള്ള
ശൈലീപ്രയോഗം. പിഞ്ചിളംചുണ്ടില്‍ സദാ പിറന്നുവീഴാനുതകുന്ന
വെടിമരുന്നിന്റെ മാര്‍ദ്ദവമുള്ള അമിട്ടുകള്‍ !
ആര്‍ഷസംസ്കാരഭൂമിയില്‍ വീണുപ്പൊട്ടുന്ന ആറ്റംബോംബുകളാണ് പരസ്യങ്ങളില്‍ പലതും.
സീരിയല്‍ നീട്ടിക്കൊണ്ടുപോകാനുള്ള കോപ്രായങ്ങള്‍ !

സദ് മൂല്യങ്ങള്‍ നഷ്ടപ്പെടുന്നുവെന്നു കരുതുന്ന ഈ കാലഘട്ടത്തില്‍
ഒരുപുതു പ്രകാശമായി വിളങ്ങുന്ന പ്രഭാകിരണങ്ങള്‍ എന്ത് ആഹ്ലാദമാണ് നല്‍കുക!

2011നവംബര്‍04-വെള്ളിയാഴ്ചയിലെ മലയാളമനോരമ ദിനപത്രത്തിലെ ഈ വാര്‍ത്ത
നിറഞ്ഞമനസ്സോടെ ഇവിടെ പകര്‍ത്തട്ടെ.....

റോഡില്‍ പരിക്കേറ്റു കിടന്നയാളെ
ആശുപത്രിയിലെത്തിക്കാന്‍ ചേര്‍പ്പ് ജി വി എച്ച് എസിലെ
ആഷിത്ത്,റംഷാദ്,ഹക്കീം
എന്നീ വിദ്യാര്‍ഥികള്‍ നടത്തിയ പരിശ്രമം.
വണ്ടിയിടിച്ചയാളെ റോഡരുകില്‍ മാറ്റിക്കിടത്തി മുങ്ങിയ
അതേ തൃശൂരില്‍ നിന്ന്.......
കുട്ടികളില്‍ നിന്നു പഠിക്കാം

സ്വന്തം ലേഖകന്‍
------------------------
തൃശൂര്‍ : റോഡില്‍ പരിക്കേറ്റു കിടന്നയാളെ ആശുപത്രിയിലെത്തിക്കുന്നതിന്
മൂവരും റോഡില്‍നിന്ന് അലമുറയിട്ടു.

പലവാഹനങ്ങള്‍ക്കും കൈകാണിച്ചു.ഒടുവില്‍ യൂണിയന്‍ തൊഴിലാളികളുടെ
സഹായത്തോടെപരിക്കേറ്റയാളെ താങ്ങിയെടുത്ത് ഓട്ടോയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.
കൂര്‍ക്കഞ്ചേരിയില്‍ ആംബുലന്‍സ് ഇടിച്ചുമരിച്ച ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിക്കാന്‍
സേവനനിരതരായതു മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ .

ചേര്‍പ്പ്‌ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആഷിത്ത്,റംഷാദ്,ഹക്കീം എന്നീ
വിദ്യാര്‍ഥികള്‍ കാണിച്ച മാതൃക ഇതാ,ഒരു പാഠപുസ്തകമായി..........

എല്ലാവരും പകച്ചു നില്‍ക്കെ സ്കൂള്‍ യൂണിഫോമിലെത്തിയ ആ മൂന്നു വിദ്യാര്‍ഥികള്‍
സധൈര്യം പരുക്കേറ്റയാളെ താങ്ങിയെടുത്ത് ഓട്ടോയില്‍ കയറ്റുകയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അവിണിശ്ശേരി ചങ്ങല ഗേറ്റിനു സമീപം റോഡില്‍ ചോരയൊലിച്ച് കിടന്ന
തട്ടില്‍ ഇയ്യു പോള്‍സന്റെ മകന്‍ ജോര്‍ജുകുട്ടിയെ ആശുപത്രിയിലെത്തിക്കാനാണ്
സ്ഥലത്തെ മൂന്നു യൂണിയന്‍പ്രവര്‍ത്തകര്‍ക്കൊപ്പം ഈ വിദ്യാര്‍ഥികള്‍ സേവനത്തിനിറങ്ങിയത്.
കൂര്‍ക്കഞ്ചേരി ജെപിഇ സ്കൂളിനു സമീപം നടന്ന അപകടത്തില്‍ പരിക്കേറ്റ ജോര്‍ജുകുട്ടിയെ
അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
എന്നതില്‍ ദുഃഖിതരാണ് ആഷിത്തും,റംഷാദും,ഹക്കീമും.

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.ഇരിഞ്ഞാലക്കുടയില്‍നിന്നു
തൃശൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ്‌ തൃശൂരില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന
ജോര്‍ജുകുട്ടിയുടെബൈക്കില്‍ ഇടിക്കുകയായിരുന്നു.ഈ സമയം ചേര്‍പ്പ്‌ ഗവ.എച്ച്‌എസ്എസില്‍ നിന്ന്
ബസില്‍ വടൂക്കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഈ മൂന്നു വിദ്യാര്‍ഥികള്‍ .
ബസ് ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നില്ലെങ്കിലും ഗതാഗതക്കുരുക്കു കണ്ട് ചാടിയിറങ്ങുകയായിരുന്നു മൂവരും.
അപകടം കണ്ടു പലരും പകച്ചുനില്‍ക്കെ സ്ഥലത്തെ യൂണിയന്‍ തൊഴിലാളികള്‍ക്കൊപ്പം
ഈ വിദ്യാര്‍ഥികളും രംഗത്തിറങ്ങി.

വണ്ടികള്‍ പലതും തടഞ്ഞു് ആശുപത്രിയിലെത്തിക്കണമെന്ന് അപേക്ഷിച്ചെങ്കിലും
ആരും തയാറായില്ല.ഒടുവില്‍ യാത്രക്കാരെ കയറ്റിവന്ന ഒരു ഓട്ടോ നിര്‍ത്തുകയും യാത്രക്കാരെ
ഇറക്കി പരിക്കേറ്റയാളെയുമായി ആശുപത്രിയിലേക്കു പായുകയുമായിരുന്നു.
രണ്ടു യൂണിയന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആഷിത്തും ഓട്ടോയില്‍ കയറി ആശുപത്രിയിലേക്ക് പോയി.
റംഷാദും അബ്ദുല്‍ഹക്കീമും,അതിനു പുറകെ ആശുപത്രിയിലേക്കു പുറപ്പെട്ടു.

റോഡില്‍ വച്ചുതന്നെ ജോര്‍ജുകുട്ടിയുടെ മരണം സംഭവിച്ചിരുന്നുവെന്ന്
വിദ്യാര്‍ഥികള്‍ പറയുന്നു.അപകടത്തിന്റെ ഭീകരനിമിഷങ്ങളില്‍ പതറാതെ സേവനം
ചെയ്തെങ്കിലും ആ നിമിഷത്തെക്കുറിച്ച് ഓര്‍ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹക്കീം പറയുന്നു.
അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ച ഓട്ടോറിക്ഷക്കാരനും യൂണിയന്‍കാരും
ആരാണെന്നറിയില്ലെങ്കിലും അവര്‍ക്ക്‌ നന്ദി പറയുകയാണ് മൂവര്‍സംഘം.
*********

മെട്രോ മനോരമയിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്