note

കൂട്ടായ്മ

Tuesday, September 29, 2015

കുറുപ്പിന്‍റെ ഉറപ്പല്ലേ ഉറപ്പ്!




കുറുപ്പിന്‍റെ ഉറപ്പല്ലേ ഉറപ്പ്!
(പഴഞ്ചൊല്ലില്‍ നിന്ന്)
........................................
അഭ്യാസിയായ കുറുപ്പ് മാങ്ങ പറിക്കാന്‍ മാവില്‍ കയറി.
മാവില്‍ നിന്നിറങ്ങിയപ്പോള്‍ താഴെവീഴാന്‍ ഭാവിച്ചു.
പക്ഷേ, ഒരു കൊമ്പില്‍ പിടികിട്ടുകയാല്‍ അതിന്മേല്‍
തൂങ്ങിപിടിച്ചുക്കിടന്നു.അല്പസമയം കഴിഞ്ഞപ്പോള്‍
ഒരുത്തന്‍ ആനപ്പുറത്ത് വരുന്നതു കണ്ടു. കുറുപ്പിന്‍റെ
ദയനീയാവസ്ഥ കണ്ട് രക്ഷിക്കുവാന്‍ വേണ്ടി അയാള്‍
ആനപ്പുറത്തുനിന്നെഴുന്നേറ്റ് കുറുപ്പിന്‍റെ കാലില്‍ പിടിച്ചു.
പക്ഷേ.അതിനകം ആന മുന്നോട്ടു പോയ്ക്കഴിഞ്ഞിരുന്നു.
രണ്ടുപേരും തൂങ്ങിക്കിടപ്പായി.ഒരാള്‍ മരക്കൊമ്പിലും
മറ്റേയാള്‍ അപരന്‍റെ കാലിലും! കുറുപ്പിന്‍റെ ഉറപ്പാണ്
തങ്ങളുടെ ഉറപ്പെന്ന് ഇരുവര്ക്കും അറിയാം. നേരം
പിന്നെയും കടന്നുപോയി.ആരും ആ വഴിയേ പോയില്ല.
ക്രമേണ അവര്‍ പരിസരം വിസ്മരിക്കാന്‍ തുടങ്ങി.
ആനക്കാരന്‍ സംഗീതം മൂളി.കുറുപ്പ് താളം പിടിക്കാന്‍
കൈയയച്ചു.രണ്ടുപേരും താഴെ മണ്ണില്‍!

വി.ടി.ശങ്കുണ്ണിമേനോന്‍റെ 'പഴഞ്ചൊല്‍ കഥകളില്‍' ഈ
ചൊല്ലിനാധാരമായി വേറൊരു കഥയാണ്‌ പറയുന്നത്.
അതിങ്ങനെയാണ്; ഒരു നായര്‍ വീട്ടിലെ കല്യാണം.
നെടുമ്പുരയുടെ നടുത്തൂണ്‍ വീണു പോയി.. ആളുകള്‍
പരിഭ്രമിച്ച് ഓടിത്തുടങ്ങി.പക്ഷേ,പുര പകുതി
വീണപ്പോഴേക്കും അഭ്യാസിയായ കുറുപ്പ് തന്‍റെ
കൈകള്‍ കൊണ്ട് തൂണ്‍ പിടിച്ചു 'ഗോവര്ദ്ധനോദ്ധാരക'
നായി നിന്നു.വെളിയില്‍ പോയവരെല്ലാം തിരിച്ചുവന്നു.
വിവാഹചടങ്ങുകള്‍ തുടര്‍ന്നു. .അപ്പോള്‍ ഒരുത്തനൊരു
സംശയം: "നമ്മുടെയെല്ലാം കാര്യം കുറുപ്പിന്‍റെ കൈയിലല്ലേ
ഇരിക്കുന്നത്? കുറുപ്പിന്‍റെ ഉറപ്പ്." ഇത്രയും കേട്ടപ്പോള്‍
കുറുപ്പിനു കോപം വന്നു: "എന്ത്?ഞാന്‍ ഉറപ്പുതന്നാല്‍"
എന്നു പറഞ്ഞ് ആ 'ഉറപ്പിന്‍റെ ഉറപ്പു' കാട്ടാന്‍ വേണ്ടി
കൈ സ്വതന്ത്രമാക്കി.നെടുമ്പുര മുഴുവന്‍ തറയില്‍!
--------------------------------------------------------------------
പഴഞ്ചൊല്ലുകളില്‍ നിന്ന് കിട്ടിയത്