note

കൂട്ടായ്മ

Saturday, March 30, 2013

അകലങ്ങളില്‍ ആരവം


ചെറുകഥ                                                                                                സി.വി.തങ്കപ്പന്‍

സൈനൂദ്ദീന്‍ വരും..!!
സൈനൂദ്ദീന്‍ വരും......!!!

കിളികളുടെ ഉണര്‍ത്തുപാട്ടില്‍ ഹര്‍ഷോന്മേപുളകമണിഞ്ഞു് താജ്ജുന്നിസ ഉണര്‍ന്നു.
നിര്‍വ്വചിക്കാനാവാത്ത അനുഭൂതികളുടെ തിരത്തള്ളല്‍.
അമര്‍ത്തപ്പെട്ട മോഹങ്ങളുടെ ആന്ദോളനം.
മയക്കത്തിലും മുഖരിതമാകുന്ന മന്ദ്രമധുരനാദം.
സൈനൂദ്ദീന്‍ വരുന്നു...........
.
വര്‍ദ്ധിത ഉന്മേഷലഹരിയോടെ താജ്ജുന്നീസ ബെഡ്ഡില്‍നിന്നും എഴുന്നേററു.

കണ്മിമിഴികളില്‍ നിദ്രാലസ്യം.

പുളകപ്രദായകമായ സ്മരണയില്‍ നിദ്ര നാണത്തോടെ പിണങ്ങിനിന്ന രാത്രി.

പിന്നെപ്പൊഴോ മയക്കത്തിലമര്‍ന്ന.......

മസ്ജിദില്നിന്നും സുബ നമസ്ക്കാരത്തിനുളള ബാങ്കു് വിളി ഉയരുന്നു.

താജ്ജുന്നീസ മുറിതുറന്നു പുറത്തു കടന്നു.

ബാപ്പയുടെ മുറിയില്‍ വെളിച്ചം.
ബാങ്കു് വിളികേട്ടാല്‍ ബാപ്പ കൃത്യമായുംഉണരും.
പ്രകാശം പരന്നിട്ടില്ല.
വെളിയില്‍ ഇരുട്ടുണ്ടു്.
പുറത്തെ വാതില്‍ തുറക്കണ്ട.
കളളന്മാരുടെ ശല്ല്യം വര്‍ദ്ധിച്ചിട്ടുണ്ട്,ഈയിടെയായി.
പൊന്നിനു് എന്താവില!
വടക്കേലെ ഗീതയുടെ അഞ്ചുപവനെ്റ മാല കളളന്‍ വലിച്ചുപ്പൊട്ടിച്ചോടിയതു് കഴിഞ്ഞയാഴ്ച്ചയാണു്.
അതിരാവിലെ വാതില്‍തുറന്നു് പുറത്തിറങ്ങിയതായിരുന്നു.
ഉപദ്രവിയ്ക്കാഞ്ഞതു് ഭാഗ്യം!
മാലയല്ലേ പോയുളളു.
ഒരു സമാധാനം.

അതറിഞ്ഞതുമുതല്‍ എപ്പഴുമെപ്പഴും ഉമ്മ പറയാറുണ്ട് "അസമയത്തു് വാതില് തുറന്നു് പുറത്തിറങ്ങരുതെന്നു്".

താജ്ജുന്നീസ ടൂത്തു്പേസ്റ്റും,ബ്രഷും എടുത്തു് ബാത്തു്റൂമിലേയ്ക്കു നടന്നു.
ചോര പൊടിയുന്നതുവരെ പല്ലും,മോണയും ശുചിയാക്കണം.വിസ്തരിച്ചുകുളിച്ചു്
അത്തറും,പൌഢറുംപൂശി സുന്ദരിയായി അണിഞ്ഞൊരുങ്ങണം.

താജ്ജുന്നീസയില്‍ നവോഢയുടെ നാണം.മേലാസകലം കുളിര്കോരിയിട്ടു.
തനെ്റ എല്ലാമെല്ലാമായ സൈനൂക്കാ വരുന്നു...

ഇന്നലെ രാത്രിയാണു് സൌദിയില്‍ നിന്ന് ടെലഫോണ്‍ വന്നതു്.ഫോണെടുത്തു സംസാരിച്ച ബാപ്പയ്ക്കും കൂടതലൊന്നും ചോദിക്കാന്‍ അവസരംകിട്ടിയില്ല.
ആ ഇച്ഛാംഭംഗത്തോടെ തന്നോടു പറഞ്ഞു: "മോളേ, സൈനു പൊറ്പ്പട്ടൂന്നു്.ശശ്യാ വിളിച്ചതു്.നെന്നെയറീച്ചോ മോളെ"?

"ല്ല് ല്ലോ ബാപ്പാ?"പെട്ടന്നു് പറഞ്ഞു.തെററിദ്ധാരണ വേണ്ട!

എന്നാലും മനസ്സില് നേരിയൊരു അസ്വസ്ഥതയുടെ കനല്‍.....വരട്ടെ....

കാത്തിരിപ്പിനുശേഷം.............

മോഹഭൂമിയില്‍ പറന്നെത്താനുളള ദാഹത്തോടെ പാസ്പോറ്ട്ടിനെ്റ കോപ്പിയും അയച്ചു് കാത്തിരിക്കുകയായിരുന്നു.

സൈനുക്കയെ സന്ധിക്കാനുളള ഉല്ക്കടമായ അഭിനിവേശത്തോടെ......

ഇനി ഒററയ്ക്കു പോകേണ്ടിവരില്ല.തനിയ്ക്കുളള വിസ കൊണ്ടുവരുമായിരിക്കും.....

ഒററയ്ക്കുപോകേണ്ടി വരിക!
ചങ്കിടിപ്പായിരുന്നു.
അപരിചിതരെ അഭിമുഖീകരിക്കാനുളളവൈമുഖ്യം.
അന്യദേശമെന്നുളള ഉള്‍ഭയം.
ഇപ്പോള്‍ എന്തൊരുസമാധാനം.
സന്തോഷം.

ഷവര്‍ബാത്തില്‍ നിന്നൊഴുകുന്ന ജലത്തിനെന്തൊരു കുളിര്‍മ്മ.!
ജലധാര മേനിയില്‍ പെയ്തിറങ്ങുംനേരം കോരിത്തരിച്ചുപോയി താജ്ജുന്നീസ.

കുളികഴിഞ്ഞു് അടുക്കളയിലേയ്ക്കുകയറി.

ഉണര്‍ന്നെഴുന്നേററുവന്ന ഉമ്മ ചായയുണ്ടാക്കുകയാണു്.പണിക്കാരി അമ്മിണി വരാനിനിയും വൈകും.
താജ്ജുന്നീസ ഗ്ളാസ്സുകളും,പാത്രങ്ങളും കഴുകാനെടുക്കവെ ഉമ്മ പറഞ്ഞു:"വേണ്ട മോളേ,അഴുക്കാക്കണ്ട,ഞാ ല്ലാം ചെയ്തോളാം.നീ പോയ് ഒരുങ്ങാ നോക്ക്.വ്യേകം പോണ്ടതല്ലേ!"ഉമ്മ ധൃതിഗതിയിലാണു്.

" ഉമ്മ്യും കുടെ വായോ".താജ്ജുന്നീസ സ്നേഹാദരവോടെ പറഞ്ഞു.

"ഞ്ഞാ വര്ണീല്ല്യ ങ്ങ് ളൊക്കെമതീന്നേ..." എത്ര ശ്രമിച്ചാലും ഉമ്മ
വരില്ലെന്നറിയാം.യാത്ര അത്ര ഇഷ്ടമുളള കാര്യമല്ല ഉമ്മയ്ക്ക്.

ഗേററില് കാറിനെ്റ ഹോണ്‍.

ഉമ്മ ശാസിച്ചു സ്നേഹത്തോടെ:"നെന്നോടു ഞ്ഞാപറ്ഞ്ഞതല്ലേ!ദേ,കാറുവന്നു. വേകം ഡ്രസ്സു മാറ് മോളേ".

ബാപ്പയ്ക്ക് ചായയുംകൊടുത്തു് താജ്ജുന്നീസ ധൃതിയില്‍ മുറിയില്‍കയറി.

മനസ്സിനിണങ്ങിയ ഉടുപുടവകളണിഞ്ഞു് പുറത്തിറങ്ങവെ ഉമ്മയില്
കണ്ടസംതൃപ്തഭാവം അഭിമാനമുണര്‍ത്തി.

മഴപെയ്തീറന്‍നിറഞ്ഞ തറയിലൂടെ മൃദുവായ് പാദങ്ങളൂന്നി ബാപ്പയോടൊപ്പം ഗേററിലേയ്ക്കുനടക്കവേ സ്വരം
താഴ്ത്തി ഉമ്മ പറഞ്ഞു:"താമസണ്ടെങ്കി വിളിക്കണം."

"ശര്യൂമ്മ."

ഇനി തിരിച്ചെത്തുന്നതുവരെ ഉമ്മയ്ക്കു് ആധിയായിരിക്കും.

ഗേററില് തൊട്ടപ്പോള്‍ ശരീരമാസകലം തണുപ്പു് അരിച്ചു കയറി.

കൈയില്‍പ്പററിയ ജലാംശം തൂവാലകൊണ്ടു് ഒപ്പിക്കളഞ്ഞു് കാറില്‍ കയറിയിരുന്നു താജ്ജുന്നീസ.

വെളിച്ചം പരക്കാത്ത വിജനമായ റോഡിലൂടെ കാറിനെ്റ പ്രകാശം തുളഞ്ഞുകയറി.വഴിയിലെ കുഴിയില്‍ തങ്ങിനിന്ന മഴവെളളത്തെ തട്ടിത്തെറിപ്പിച്ചുകൊണ്ടു് കാര്‍ മൂളിപാഞ്ഞു.

അങ്ങ് ആകാശത്ത് വെണ്മേഘശകലങ്ങളെ വെട്ടിവിഴുങ്ങുന്ന കരിംഭൂതങ്ങള്‍.
സൂര്യന്‍ഉദിച്ചുയര്‍ന്നെങ്കിലും പ്രകാശംപരന്നിട്ടില്ല.സൂര്യകിരണങ്ങളെ കാലവര്‍ഷമേഘങ്ങള്‍ തടവിലാക്കിയിരിക്കുന്നു.മോചിതനാകാന്‍ ഉഴറുമ്പോഴുംകുരുക്കുമായി ഓടിയടുക്കുന്ന മേഘജാലകങ്ങള്‍.

മഴപെയ്യാം..............

നിരനിരയായി നീങ്ങുന്ന ട്രക്കുകളെ ഓവര്‍ടേക്ചെയ്ത് കാര്‍ നീങ്ങി.
വാഹനങ്ങളുടെ ബഹളം വര്‍ദ്ധിച്ചിട്ടില്ല. അല്ലെങ്കില്‍ ഗതാഗതകുരുക്കില്‍ കുരുങ്ങുമായിരുന്നു.
അന്ന്
സൈനൂക്കായെ വിമാനം കയറ്റാന്‍ വീട്ടില്‍നിന്നു് പുറപ്പെട്ടിരുന്നതു്
ഉച്ചതിരിഞ്ഞായിരുന്നു.റോഡിലൊക്കെ വാഹനങ്ങളുടെ നീണ്ട നിര.
തലങ്ങും,വിലങ്ങും ലക്ഷ്യമില്ലാതെ പാഞ്ഞുവരുന്നവാഹനങ്ങള്‍ .
മുമ്പെ ഗമിക്കാനുളളത്വര.
സാഹസത്തിനു മുതിര്‍ന്ന് ഒടുവില്‍ ചലിക്കാനാവാത്ത കെണിയില്‍ പ്പെട്ടവരുടെ നിസ്സഹായാവസ്ഥ.നേരാംവണ്ണംപോകുകയും,അല്പം ക്ഷമ കാണിക്കുകയും ചെയ്തിരുന്നുവെങ്കില്‍ സുഗമമായി .....
സ്വാര്‍ത്ഥതത അവനവനുത്തന്നെദോഷം ......

കണ്ണുകള്‍ മെല്ലെ അടഞ്ഞുപോയി.....

മയക്കത്തില്‍നിന്നു് ഉണര്‍ന്നനേരം കണ്ടതു്, ഉറങ്ങിയുണര്‍ന്ന നഗരത്തിനെ്റ തിരക്കാര്‍ന്ന ഭാവം...............

എയര്‍പോര്‍ട്ടിലെത്തി.

പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ കാര്‍പാര്‍ക്കു ചെയ്തു.
കാറില്‍നിന്നു് ഇറങ്ങവെ ബാപ്പ ചോദിച്ചു:"മോളെ, ന്തെങ്കിലും കഴ്ക്കണ്ടേ!."

"വേ്ണ്ട ബാപ്പ,സൈനൂക്ക വ്ന്നോട്ടെ....."താജ്ജുന്നീസ പെട്ടെന്നു് പറഞ്ഞു.

"ന്നാ മതി ഡോ, താനെന്തെലും കഴിയ്ക്ക്,ഞ്ങ്ങളു് വീമാനത്തീന്നു് എറങ്ങണോടത്തു് കാണാം

തനെ്റ മൊബൈലീനെ്റ നബ്ര് ങ്ങ്താ".
അതുപറയുന്നതിനിടയില് ബാപ്പ മടിക്കുത്തില്‍നിന്നു് ബീഡിയെടുത്തുചുണ്ടില്‍ വെച്ചു.ലൈറ്റര്‍ കത്തിച്ചു.

താജ്ജുന്നീസയ്ക്കു് പരിഭ്രമമായി

പുകവലി നിരോധിതമേഖല.
ബാപ്പയ്ക്കു് ആ നോട്ടമൊന്നുമില്ല
പൊലീസൊ,മറ്റോ പിടിച്ചാലു് നാണക്കേടു്,മാനക്കേടു്.

ഉമ്മയുണ്ടായിരുന്നെങ്കി വഴക്കു പറഞ്ഞേനെ!

നെഞ്ചുവേദന തുടങ്ങി ഡോക്ടറെ കാണിച്ചപ്പോ ഡോക്ടര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചതാണു്.പുകവലി പാടെ ഉപേക്ഷിക്കണമെന്നു്.പക്ഷെ;ആ ദുശ്ശീലം ബാപ്പ മാറ്റുന്നില്ല. ഉമ്മ കാണാതെ പാത്തും,പതുങ്ങിയും പുകവലിക്കും.ഉമ്മയുടെകണ്ണില്‍ കണ്ടാല്‍ എല്ലാമെടുത്തു നശിപ്പിക്കും.കോപം വരാത്ത ഉമ്മയ്ക്കു് കോപം വരുന്ന സന്ദര്‍ഭങ്ങളിലൊന്നാണു് ബാപ്പയുടെപുകവലി.

എന്തുചെയ്യാം.........

താജ്ജുന്നീസ അല്പം മാറി തലകുനിച്ചു് ഒന്നുമറിയാത്ത മട്ടില് നിന്നു.
പിന്നെ ബീഡിക്കുറ്റി വലിച്ചെറിഞ്ഞു് ബാപ്പ വിളിച്ചു:"വാ,മോളെ".

പ്രവേശന കവാടത്തില് തിക്കും,തിരക്കും.
സെക്യൂരിറ്റികള്‍ വഴിതടസ്സം സൃഷ്ടിക്കുന്നവരെ മാറ്റി നിറുത്തുന്നു.

വരവേല്പിനായി ഉല്ക്കണ്ഠാകുലരായി കാത്തുനില്ക്കുനാനവര്‍.

കുറച്ചു മുമ്പുവന്ന ഷാര്‍ജാ ഫ്ലേറ്റിലെ യാത്രക്കാരാണു് പുറത്തു വന്നുകൊണ്ടിരിക്കുന്നതു്.കവാടം കടന്നെത്തുന്നവരെ വാരി അണയ്ക്കുന്നവര്‍...

ബോര്‍ഡിലെ അക്ഷരങ്ങളില്‍ തെളിഞ്ഞതു് താജ്ജുന്നീസ വായിച്ചു.

സൌദിഫ്ലേയ്റ്റ് ലാന്‍റെു ചെയ്തിരിക്കുന്നു.

ഉന്തിത്തള്ളി മുന്നോട്ടു്........

നേരെമുന്നിലുളള കവാടത്തിനഭിമുഖമുമായ കമ്പിയില്‍ പിടിച്ചുനില്ക്കാന്‍
പറ്റി താജ്ജുന്നീസയ്ക്കും,ബാപ്പയ്ക്കും.

ഇപ്പോള്‍ കാണാം ഉള്ളിലെ കാഴ്ചകള്‍.ഒറ്റയ്ക്കും,കുടുംബസമേതവുംഎത്തിചേരുന്നവര്‍.

ലാഗേജും ഉന്തി പുറത്തു വരുന്നവര്‍.അവരെ ഹൃദ്യമായിസ്വീകരിക്കുന്നവര്‍.

ഉദ്വേഗഭരിതമായ ഹൃദയത്തോടെ..........

ദാഹാര്‍ത്തമായ കണ്ണുകളോടെ............

അക്ഷമരായി........

ഒടുവില്‍.............

ഒടുവില്‍...............

ഒരു നിഴല്‍പോലെ കാണുന്നു സൈനൂക്കായെ........

"ബാപ്പാ സൈനൂക്കാ...."ആവേശത്തോടെ വികാരാര്‍ദ്രയായിശബ്ദം താഴ്ത്തി താജ്ജുന്നീസ ബാപ്പയെ അറിയിച്ചു.

മുഖമുയര്‍ത്തി പുറത്തേയ്ക്കൊന്നു നോക്കിയിരുന്നുവെങ്കില്‍......

ആശിച്ചു.....

മറ്റുളളവര്‍ പുറത്തേയ്ക്കു് നോക്കി ബന്ധുക്കളെ തിരിച്ചറിഞ്ഞു് ചിരിച്ചു് കൈവീശുകയും....................

സൈനൂക്കാ മാത്രം............

എന്തേ നോക്കാത്തതു്.......?

കൈ ഉയര്‍ത്തിവീശി,താജ്ജുന്നീസയും,ബാപ്പയും.

രക്ഷയില്ല.തലകുനിച്ചാണു് നടത്തം.!

തലയുയര്‍ത്തുന്നില്ല....!!

അവസാനം ട്രോളിയുമായി പുറത്തേയ്ക്കു്................

താജ്ജുന്നീസ തിക്കിതിരക്കി മുന്നിലേയ്ക്ക് എത്തിചേര്‍ന്നു.


"സൈനൂക്കാ..."പതിയെ വിയാര്‍ന്നസ്വരത്തില്‍ താജ്ജുന്നീസ വിളിച്ചു.

സൈനുദ്ദീന്‍ മുഖമുയര്‍ത്തി.ക്ഷീണിതനയനങ്ങളില്‍ ക്ഷണികമായുര്‍കൊണ്ട മിന്നായം.

"മിസ്റ്റര്‍ വണ്ടിയൊന്നു നീക്കു". പിന്നിലുള്ളവരുടെ അക്ഷമത.

വേഗം ബാപ്പ ട്രോളി ഏറ്റുവാങ്ങി.പിന്നെതളളി മുന്നോട്ടുനീക്കി.

മോചനം നേടിയ കൈ കുടഞ്ഞു സൈനുദ്ദീന്‍, ആശ്വാസനിശ്വാസത്തോടെ....

പിന്നെ കൈത്തണ്ടയില്‍ ദൃഷ്ടി ഗോചരമകാത്ത ചങ്ങലവിശ്രമിച്ചപ്പാടുകളില്‍ വൈരാഗ്യതീക്ഷ്ണനയനങ്ങള്‍ കത്തിനിന്നു.'ഹറാം പിറന്നോന്‍..'

"ഹെന്തുപറ്റി..?സൈനൂക്കാ!!!"സംഭ്രമത്തോടെയുള്ള താജ്ജുന്നീസയുടെ ശബ്ദം ഏതോ വിമാനം ഉയര്‍ന്നു പൊങ്ങുന്ന മുഴക്കത്തില്‍ മുങ്ങിപോയി.

അസഹനീയമായ ഇരമ്പല്‍ . മുഴക്കം.

ക്രമേണ അകന്നകന്നു് ഏതോ വിദൂരതയില്‍..........

തിരിച്ചറിവിനെ്റ മുഹുര്‍ത്തത്തില്‍ സൈനുദ്ദീനെ്റ കൈകള്‍ ആര്‍ദ്രതയോടെ
കവര്‍ന്നെടുത്തു് മുന്നോട്ടു നടന്നു താജ്ജുന്നീസ.

ഃഃഃഃ------------
ചെറുകഥ
സി.വി.തങ്കപ്പന്‍