note

കൂട്ടായ്മ

Saturday, June 27, 2020

   ബുക്ക്കവർ ചാലഞ്ച് ഏഴാം ദിവസം        *********************************************************

ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ അഭ്യർത്ഥനപ്രകാരം ബുക്ക് കവർ ചാലഞ്ച് ഏഴാം ദിവസം ഞാൻ പരിചയപ്പെടുത്തുന്നത്, പ്രസിദ്ധ എഴുത്തുകാരനായിരുന്ന 'കോവിലന്റെ' 'തട്ടകം' എന്ന നോവലാണ്.
'കോവിലൻ'എന്നത്തൂലികാനാമം..
.യഥാർത്ഥപേര് വി.വി.അയ്യപ്പൻ .കണ്ടാണശ്ശേരി വട്ടപ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ.നോവൽ,ചെറുകഥാസമാഹാരം തുടങ്ങി ഇരുപത്തഞ്ചോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട് ഒരു പാലം മനയോല,ഈ ജീവിതം അനാഥമാണ് ,ഒരിക്കൽ മനുഷ്യനായിരുന്നു ,ഒരു കഷണം അസ്ഥി .തേർവാഴ്ച്ചകൾ,സുജാത ,ശകുനം തെരഞ്ഞെടുത്ത കഥകൾ ,കോവിലന്റെ കഥകൾ ,സുവർണ്ണ കഥകൾ ,എൻ്റെ പ്രിയപ്പെട്ട കഥകൾ എന്നിവയാണ് കോവിലന്റെ കഥാസമാഹാരങ്ങൾ,തകർന്ന ഹൃദയങ്ങൾ,ഏ മൈനസ് ബി ,ഏഴാമിടങ്ങൾ ,താഴ്വരകൾ,തോറ്റങ്ങൾ .ഹിമാലയം ,ഭരതൻ ,ജന്മാന്തരങ്ങൾ ,തട്ടകം എന്നീ നോവലുകളും ബോർഡൗട്ട്,തറവാട് എന്നീ നോവലെറ്റുകളും നിന്റെ വിശ്വാസം നിന്നെ പൊറിപ്പിക്കും എന്ന നാടകവും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
1972 ലും 77 ലും കേരളസാഹിത്യഅക്കാദമി പുരസ്ക്കാരം .1998 ൽ കേന്ദ്രസാഹിത്യഅക്കാദമിപുരസ്‌ക്കാരം.കേരളസർക്കാരിന്റെ എഴുത്തച്ഛൻ പുരസ്ക്കാരവും മാതൃഭൂമിപുരസ്‌ക്കാരവും ,വയലാർപുരസ്‌ക്കാരവും നേടി.2005 ൽ കേരളസാഹിത്യഅക്കാദമിയുടെ വിശിഷ്ടാഗത്വം നേടി.മുട്ടത്തുവർക്കി പുരസ്ക്കാരം ,ഖത്തറിലെ പ്രവാസി സംഘടനയുടെ ബഷീർ പുരസ്ക്കാരം ,എ .പി .കുളക്കാട് പുരസ്ക്കാരം കേരളസാഹിത്യഅക്കാദമി ഫെല്ലോഷിപ്പ് ,കേരളസാഹിത്യപരിഷത്ത് അവാർഡ് ,എൻ വി.പുരസ്ക്കാരം എന്നിവയും നേടി.
ജനനം:-തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയിൽ 1923 ജൂലായ് 09 ന് ജനിച്ചു
മരണം:-2010 ജൂൺ 02 ന് കണ്ടാണശ്ശേരിയിലെ പുല്ലാനിക്കുന്നിലെ സ്വവസതിയിൽ അന്തരിച്ചു

*******************************                                                                          പുസ്തകത്തിന്റെ പേര് :തട്ടകം                                                              നോവൽ

ഗ്രന്ഥകർത്താ :     കോവിലൻ 






                            പുസ്തകച്ചലഞ്ച് ഏഴാംദിവസം
                               ****************************************

കവിയും, സാഹിത്യ ഗ്രൂപ്പുകളിലെ നിറസാന്നിദ്ധ്യവും, പ്രതിഭാസമ്പന്നരെ പരിചയപ്പെടുത്താൻ ബദ്ധശ്രദ്ധനുമായ ശ്രീ. ടി.കെ. ഉണ്ണി സാറിന്റെ അഭ്യർത്ഥനപ്രകാരം ഏഴുപുസ്‍തകങ്ങൾ പരിചയപ്പെടുത്തേണ്ടതിൽ ഏഴാം ദിവസമായ ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എഴുത്തുകാരനും സിനിമാ-നാടക
സംവിധായകനും രചയിതാവുമായ ശ്രീപ്രതാപ്,സാഹിത്യഅക്കാദമിയുടെ സ്കോളര്ഷിപ്പുനേടി പ്രസിദ്ധീകരിച്ച 'ബുദ്ധ-ജൈന സ്വാധീനം മലയാളസാഹിത്യത്തിൽ' എന്ന പഠനഗ്രന്ഥമാണ്.
ശ്രീപ്രതാപ് :-സ്ഥലം:-തൃശൂർ രാമവർമ്മപുരം.ജനനം:1960 .പ്രതാപ് എന്നാണ് യഥാർത്ഥ നാമം.അച്ഛൻ:-ശ്രീധരൻ ,അമ്മ:-ദാക്ഷായണി.1975 ൽ രാമവർമ്മപുരം ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അടിയന്തിരാവസ്ഥയുണ്ടായതും,അതിനെതിരെ സമരംനയിച്ച് ജയിൽവാസമനുഭവിക്കേണ്ടിവന്നതും.അക്കാലത്തുതന്നെ നാടകത്തിലും, കലാസാഹിത്യരംഗങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു.മികച്ച നാടകസംവിധായകനുള്ള കേരളസർക്കാരിന്റെ യുവജനമേളാ പുരസ്‌ക്കാരം,നാടകരചനയ്ക്കുള്ള ജി.ശങ്കരപ്പിള്ള അവാർഡ്,പി.കൃഷ്ണപിള്ള അവാർഡ് എന്നിവയ്ക്ക് അർഹനായി .1987 ൽ മുംബൈയിൽ നടന്ന അഖിലേന്ത്യാനാടകമത്സരത്തിൽ മൂന്നു പുരസ്‌കാരങ്ങൾ നേടി.വിവിധമത്സരങ്ങളിലായി 12 തവണ നല്ലനാടകസംവിധായകനുള്ള പുരസ്‌ക്കാരങ്ങളും,പലതവണ നല്ല രചയിതാവിനും നടനുമുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട് .
മലമുകളിലുണരുന്ന മലദൈവം,കളിയാട്ടം ,ജനൽ ,ഗിനിപ്പന്നികൾ,അഗ്നിപർവ്വതത്തിന്റെ നിഴൽ,മീഖൾ,തൂവൽ,തുടങ്ങിയ ശ്രീപ്രതാപിന്റെ നാടകങ്ങൾ പ്രശസ്തമാണ്.ദൂരദർശനുവേണ്ടി 'ഉയിർപ്പ്',കാളക്കെട്ട്'എന്നീ നാടകങ്ങൾ സംവിധാനംചെയ്തു.'വീട്ടിലേയ്ക്ക്,'നേത്രം'രാമവർമ്മ ശക്തൻ തമ്പുരാൻ' 'സീതാകാളി'എന്നീ സിനിമകളുടെ രചനയും,സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. 'റൂക്കു'എന്ന തമിഴ് കഥയും ,തിരക്കഥയും എഴുതി .നിരവധി റേഡിയോനാടകങ്ങളും ,ശ്രദ്ധേയമായ ചെറുകഥകളും രചിച്ചിട്ടുണ്ട്.ചിത്രരചനയിലും,ശില്പനിർമാണത്തിലും മികവുതെളിയിച്ച പ്രതിഭാസമ്പന്നനാണ് ശ്രീപ്രതാപ്.
കൃതികൾ :-സമവാക്യം,നന്ദഗോപന്റെ കുരിശുമരണം,കാലലിഖിതങ്ങൾ,കണ്ണാടി പറയാത്തത് (നാടകങ്ങൾ )മകുടി,പരീക്ഷിത്ത്,ലിംഗായനഗരത്തിന്റെ ദൈവം,(നോവലുകൾ) രാജ്‌തോമസ് ജീവിതവും ,കൃതികളും..
ഭാര്യ:-സിന്ദുപ്രതാപ്,മകൻ:-പ്രസീൻപ്രതാപ് മകൾ:-നാനാ .

പുസ്തകത്തിന്റെ പേർ : ബുദ്ധ-ജൈന സ്വാധീനം മലയാളസാഹിത്യത്തിൽ .പഠനം

ഗ്രന്ഥകർത്താ . :: ശ്രീപ്രതാപ്

പ്രസാധകർ : കേരള സാഹിത്യഅക്കാദമി തൃശൂർ
പ്രസാധകക്കുറിപ്പ്
----------------------------
ബുദ്ധ-ജൈന ദർശനങ്ങളുടെ സര്ഗാത്മകപ്രഭാവം ഇപ്പോഴും ഇന്ത്യൻ സംസ്കാരത്തെ നിർണ്ണായകമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. കലയിലും സാഹിത്യത്തിലും ബുദ്ധിസത്തിന്റെ ഭാവപ്പകർച്ചകൾ ഏറെ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.പക്ഷേ,ഭാരതസംസ്കാരത്തിന്റെ ആദിമസ്രോതസ്സുകളായി ബുദ്ധ-ജൈന സംസ്കാരങ്ങളെ പരിഗണിക്കുന്ന രീതി ഇന്നും കാണാനില്ലെന്നത് വസ്തുതയല്ലേ?എന്നാൽ,ബുദ്ധ-ജൈനമതങ്ങൾ അവശേഷിപ്പിച്ച സാംസ്കാരികമുദ്രകൾ ഇന്ത്യയിൽ ഇപ്പോഴും പ്രബലമായി നിലകൊള്ളുന്നുണ്ട്.
കേരളത്തിലെ സ്ഥിതിയും ഏറെ വ്യത്യസ്തമല്ല.കേരളത്തിൽ ഇപ്പോൾ നാമമാത്രമാണ് ബുദ്ധ-ജൈന മതാനുയായികൾ എങ്കിലും,കേരളീയകലകളിലും മലയാളസാഹിത്യത്തിലും മായാത്ത അടയാളങ്ങൾ പതിപ്പിച്ചുകൊണ്ട് അവയുടെ സ്വാധീനം സജീവമാണ്.ബുദ്ധ -ജൈന ദർശനങ്ങൾ കലയിലും സാഹിത്യത്തിലും അലിഞ്ഞുചേർന്നപ്പോഴൊക്കെ മഹത്തായ സൃഷ്ട്ടികൾ പിറന്നിട്ടുണ്ട്.ഇതിനു നിർദർശനങ്ങളായ സാഹിത്യരചനകളെ ആഴത്തിൽ അന്വേഷിച്ചറിയുന്ന പഠനങ്ങൾ മലയാളത്തിൽ വിരളമാണ്.മലയാളകവിതയിലും കഥയിലും നോവലിലും നാടകത്തിലും നാടകത്തിലും നാടൻപാട്ടിലും തിരക്കഥയിലും നാട്ടുമൊഴിയിലും വിവർത്തനസാഹിത്യത്തിലുമെല്ലാം ബുദ്ധ-ജൈന സ്വാധീനങ്ങൾ എത്രമാത്രം ശക്തവും ചൈതന്യവത്തുമാണെന്ന് ഈ പുസ്തകം സമഗ്രമായി വിലയിരുത്തുന്നു.
ബുദ്ധ-ജൈന ദർശനങ്ങളുടെ കാലടിപ്പാടുകൾ അക്ഷരങ്ങളിൽ പതിഞ്ഞത് എങ്ങനെയെന്ന അന്വേഷണം ഏറെ പ്രസക്തവും ആഹ്ളാദകരവുമാണ്.സാഹിത്യഅക്കാദമിയുടെ ഗ്രന്ഥരചനാസ്കോളര്ഷിപ്പ് നേടിയാണ് ശ്രീപ്രതാപ് ഈ പുസ്തകം തയ്യാറാക്കിയത്.ശ്രീപ്രതാപിന്റെ പരിശ്രമം മലയാളത്തിലെ വൈജ്ഞാനികസാഹിത്യത്തിനു മുതൽക്കൂട്ടാണ്.പ്രബുദ്ധമായ വായനാനുഭവം പകരുന്ന ഈ പഠനം ഏറെ ചാരിതാർത്ഥ്യത്തോടെ വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നു.
ആർ.ഗോപാലകൃഷ്ണൻ
സെക്രട്ടറി
തൃശൂർ
10-10-2015