note

കൂട്ടായ്മ

Tuesday, December 8, 2015

ശ്രീനാരായണ ഗുരുദേവന്‍റെ സന്ദേശം

(1102 മേടം 26-ന്(1927 ഏപ്രില്‍) എസ്.എന്‍.ഡി.പി.യോഗത്തിന്‍റെ പള്ളാത്തുരുത്തി സമ്മേളനത്തിനു ഗുരുദേവന്‍ നല്‍കിയ സന്ദേശം.)


സമുദായസംഘടനയെപ്പറ്റിയും മതപരിഷ്കാരത്തെപ്പറ്റിയും നിങ്ങള്‍ ഗൌരവമായ ചില ആലോചനകള്‍ ചെയ്തുവരുന്നുണ്ടെന്നറിയുന്നതു
നമുക്കു വളരെ സന്തോഷം തരുന്നു.എന്നാല്‍ സംഘടനയുടെ ഉദ്ദേശ്യം ഒരു
പ്രത്യേക വര്‍ഗ്ഗക്കാരെ മാത്രം ചേര്‍ത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനായിരിക്കരുത്.മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും
ഒരു മത സംഘത്തെ ഉപേക്ഷിച്ച് മറ്റൊരുമതസംഘത്തില്‍ ചേരുന്ന ശ്രമം
മാത്രമായി കലാശിക്കരുത്.നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരേയും
ഒന്നായി ചേര്‍ക്കുന്നതായിരിക്കണം.മതം വിശ്വാസസ്വാതന്ത്ര്യത്തെ
അനുവദിക്കുന്നതും സംസ്കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ
ഒരു ഉത്തമമായ ആദര്‍ശത്തിലേക്കു നയിക്കുന്നതുമായിരിക്കണം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നുള്ള സനാതനധര്‍മ്മം അങ്ങനെയുള്ള ഒരു മതമാകുന്നു.ഈ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേര്‍ക്കുന്ന സംഘടനയ്ക്ക്
ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്നു തോന്നുന്നു.മതപരിവര്‍ത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലന്നു വിശ്വസിക്കുന്നവര്‍ക്കു സനാതനധര്‍മ്മം മതമായി സ്വീകരിക്കുന്നത് അവരുടെ
മത  പരിവര്‍ത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ്.
                                                                                                                       നാരായണഗുരു
(ഗുരുധര്‍മ്മം(ശ്രീനാരായണ സാഹിത്യസര്‍വ്വസ്വം) ശ്രീനാരായണധര്‍മ്മപഠനകേന്ദ്രം.എഡിറ്റര്‍ വി.ടി.ശശീന്ദ്രന്‍  എസ്.എന്‍.ഡി.പി.യോഗം ശതാബ്ദി സ്മാരക പതിപ്പ്)

Tuesday, September 29, 2015

കുറുപ്പിന്‍റെ ഉറപ്പല്ലേ ഉറപ്പ്!




കുറുപ്പിന്‍റെ ഉറപ്പല്ലേ ഉറപ്പ്!
(പഴഞ്ചൊല്ലില്‍ നിന്ന്)
........................................
അഭ്യാസിയായ കുറുപ്പ് മാങ്ങ പറിക്കാന്‍ മാവില്‍ കയറി.
മാവില്‍ നിന്നിറങ്ങിയപ്പോള്‍ താഴെവീഴാന്‍ ഭാവിച്ചു.
പക്ഷേ, ഒരു കൊമ്പില്‍ പിടികിട്ടുകയാല്‍ അതിന്മേല്‍
തൂങ്ങിപിടിച്ചുക്കിടന്നു.അല്പസമയം കഴിഞ്ഞപ്പോള്‍
ഒരുത്തന്‍ ആനപ്പുറത്ത് വരുന്നതു കണ്ടു. കുറുപ്പിന്‍റെ
ദയനീയാവസ്ഥ കണ്ട് രക്ഷിക്കുവാന്‍ വേണ്ടി അയാള്‍
ആനപ്പുറത്തുനിന്നെഴുന്നേറ്റ് കുറുപ്പിന്‍റെ കാലില്‍ പിടിച്ചു.
പക്ഷേ.അതിനകം ആന മുന്നോട്ടു പോയ്ക്കഴിഞ്ഞിരുന്നു.
രണ്ടുപേരും തൂങ്ങിക്കിടപ്പായി.ഒരാള്‍ മരക്കൊമ്പിലും
മറ്റേയാള്‍ അപരന്‍റെ കാലിലും! കുറുപ്പിന്‍റെ ഉറപ്പാണ്
തങ്ങളുടെ ഉറപ്പെന്ന് ഇരുവര്ക്കും അറിയാം. നേരം
പിന്നെയും കടന്നുപോയി.ആരും ആ വഴിയേ പോയില്ല.
ക്രമേണ അവര്‍ പരിസരം വിസ്മരിക്കാന്‍ തുടങ്ങി.
ആനക്കാരന്‍ സംഗീതം മൂളി.കുറുപ്പ് താളം പിടിക്കാന്‍
കൈയയച്ചു.രണ്ടുപേരും താഴെ മണ്ണില്‍!

വി.ടി.ശങ്കുണ്ണിമേനോന്‍റെ 'പഴഞ്ചൊല്‍ കഥകളില്‍' ഈ
ചൊല്ലിനാധാരമായി വേറൊരു കഥയാണ്‌ പറയുന്നത്.
അതിങ്ങനെയാണ്; ഒരു നായര്‍ വീട്ടിലെ കല്യാണം.
നെടുമ്പുരയുടെ നടുത്തൂണ്‍ വീണു പോയി.. ആളുകള്‍
പരിഭ്രമിച്ച് ഓടിത്തുടങ്ങി.പക്ഷേ,പുര പകുതി
വീണപ്പോഴേക്കും അഭ്യാസിയായ കുറുപ്പ് തന്‍റെ
കൈകള്‍ കൊണ്ട് തൂണ്‍ പിടിച്ചു 'ഗോവര്ദ്ധനോദ്ധാരക'
നായി നിന്നു.വെളിയില്‍ പോയവരെല്ലാം തിരിച്ചുവന്നു.
വിവാഹചടങ്ങുകള്‍ തുടര്‍ന്നു. .അപ്പോള്‍ ഒരുത്തനൊരു
സംശയം: "നമ്മുടെയെല്ലാം കാര്യം കുറുപ്പിന്‍റെ കൈയിലല്ലേ
ഇരിക്കുന്നത്? കുറുപ്പിന്‍റെ ഉറപ്പ്." ഇത്രയും കേട്ടപ്പോള്‍
കുറുപ്പിനു കോപം വന്നു: "എന്ത്?ഞാന്‍ ഉറപ്പുതന്നാല്‍"
എന്നു പറഞ്ഞ് ആ 'ഉറപ്പിന്‍റെ ഉറപ്പു' കാട്ടാന്‍ വേണ്ടി
കൈ സ്വതന്ത്രമാക്കി.നെടുമ്പുര മുഴുവന്‍ തറയില്‍!
--------------------------------------------------------------------
പഴഞ്ചൊല്ലുകളില്‍ നിന്ന് കിട്ടിയത്

Sunday, September 20, 2015

          കന്നി-5  മഹാസമാധി




സമാധിയുടെ അന്ത്യനിമിഷങ്ങളില്‍..,..........

(ശ്രീ.V.T.ശശീന്ദ്രന്‍ അവര്‍കളുടെ പത്രാധിപത്യത്തില്‍ ഗുരുധര്‍മ്മം S.N.D.P.യോഗ ശതാബ്ദി സ്മാരക പതിപ്പില്‍ നിന്ന്)
...തുടര്‍ന്നുള്ള ദിവസങ്ങള്‍ മഹാസമാധിയെ മുന്നില്‍കണ്ടിട്ടെന്നോണം ആനന്ദതുന്ദിലനായി ഗുരുദേവന്‍കഴിഞ്ഞുകൂടി.                                                                                തുടര്‍ന്ന് തൃപ്പാദങ്ങള്‍  ആഹാരത്തിന്‍റെ അളവു കുറച്ചു. പോഷകാംശമുള്ള പാലും പഴങ്ങളും വര്‍ജ്ജിച്ചു.                                                                                                                   ചൂടാക്കിയ ജീരകവെള്ളം കുറേശ്ശെ കുടിച്ചു കൊണ്ടിരുന്നു.
ഈ അവസരത്തില്‍ ഷേവ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.കൊല്ലത്ത്
നിന്നും നല്ലൊരു കത്തി വാങ്ങി ക്ഷുരകനെക്കൊണ്ട് ഷേവ് ചെയ്യിപ്പിച്ചു.
കത്തി ആ ക്ഷുരകന് തന്നെ സമ്മാനിക്കുകയും ചെയ്തു.ആ കത്തികൊണ്ട്
ഇനി ആവശ്യമില്ലായെന്ന് ഗുരുദേവന്‍ പറഞ്ഞത് അടുത്തു തന്നെ
സംഭവിക്കാന്‍ പോവുന്ന മഹാസമാധിയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു.
എട്ടു മാസക്കാലം നിരന്തരം അലട്ടിക്കൊണ്ടിരുന്ന രോഗം ഗുരുദേവന്‍റെ
തേജസ്സ് നിറഞ്ഞ മുഖത്ത് ചുളിവുകള്‍ വീഴ്ത്തി.അവസാനഘട്ട മായപ്പോഴേക്ക് അവിടുന്ന് കൂടുതല്‍ ശാന്തനായി കാണപ്പെട്ടു.അവിടുത്തെ
കണ്ണുകള്‍ നിത്യതയില്‍ വിശ്രമിക്കുന്നതുപോലെ തോന്നി.കര്‍മ്മബന്ധങ്ങളില്‍
നിന്ന് വിമുക്തിനേടുമ്പോഴുണ്ടാകുന്ന സ്വച്ഛമായ പ്രശാന്തത ആ മുഖത്തു
തെളിഞ്ഞു നിന്നു.ദിവസങ്ങള്‍ കഴിയുന്തോറും ഗുരുദേവന്‍ കൂടുതല്‍ മൌനിയായി കാണപ്പെട്ടു.

                 ചുറ്റും കൂടി നിന്ന ശിഷ്യന്മാരോടായി ഗുരു പറഞ്ഞു: "ഇന്നു നമുക്ക് നല്ല തൃപ്തി തോന്നുന്നു.മരണത്തില്‍ ആരും ദുഃഖിക്കരുത്".
മരണത്തെപ്പറ്റി പരാമര്‍ശമുണ്ടായപ്പോള്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങിയ
ശിഷ്യരോടായി ഗുരു പറഞ്ഞു.:"കന്നി അഞ്ച് നല്ല ദിവസമാണ്.അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം."

                 അടുത്ത ദിവസം പ്രഭാതത്തില്‍ ഗുരുദേവന്‍ എടുത്തു വളര്‍ത്തി പഠിപ്പിച്ചിരുന്ന ശിവഗിരിയിലെ അന്തേവാസികള്‍ ഗുരുവിനെ
നമസ്ക്കരിക്കാനെത്തി.നമസ്ക്കരിച്ച് നടന്നു നീങ്ങുന്ന ആ കുട്ടികളുടെ
കൂട്ടത്തില്‍ നായരും നമ്പൂതിരിയും പുലയനും മുഹമ്മദീയരും
ക്രിസ്ത്യാനികളും ഒക്കെ ഉണ്ടായിരുന്നു.ജാതിഭേദം കൂടാതെ ഒന്നിച്ച്
നീങ്ങിയ കുട്ടികളെക്കണ്ട് ജീവിതം മുഴുവന്‍ ജാതിക്കെതിരെ
പടപൊരുതിയ ആ പരമഹംസന്റെ കണ്ണുകളീറനണഞ്ഞു. ജീവിത സാഫല്യത്തിന്‍റെ സന്തോഷക്കണ്ണീര്‍.,.

                  കന്നി അഞ്ചാംതീയതി പുലര്‍ന്നു.ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു അത്.
ഉച്ചയായപ്പോഴേക്കും മാനം തെളിഞ്ഞു. തൃപ്പാദങ്ങളുടെ ആഗ്രഹം പോലെ
തന്നെ അന്ന് എല്ലാവര്‍ക്കും ഭക്ഷണം നല്‍കി.ഉച്ചകഴിഞ്ഞ് ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍
യോഗവാസിഷ്ഠം ജീവന്‍മുക്തി പ്രകരണം വായിച്ചുകൊണ്ടിരുന്നു.
ഉദ്ദേശം മൂന്നേകാല്‍ മണി ആയപ്പോള്‍ :"നമുക്ക് നല്ല ശാന്തി തോന്നുന്നു".എന്ന്
ഗുരുദേവന്‍ പറഞ്ഞു.മെല്ലെ കിടക്കയില്‍ എഴുന്നേറ്റിരിക്കുവാന്‍ ഗുരുദേവന്‍
ഒരുങ്ങി.തൃപ്പാദ ശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ ഗുരുദേവനെ
താങ്ങിപ്പിടിച്ചു.ശരീരം പത്മാസനത്തില്‍ ബന്ധിച്ചിരുന്നു.ഗുരുദേവന്‍റെ
ആഗ്രഹപ്രകാരം ശ്രീ ധര്‍മ്മതീര്‍ത്ഥസ്വാമികള്‍,നരസിംഹസ്വാമികള്‍
തുടങ്ങിയവര്‍ ഗുരുദേവന്‍ രചിച്ച ദൈവദശകം ആലപിക്കാന്‍ തുടങ്ങി.

               'ആഴമേറും നിന്‍ മഹസ്സാം

              ആഴിയില്‍ ഞങ്ങളാകവേ

              ആഴണം വാഴണം നിത്യം

              വാഴണം വാഴണം സുഖം'

എന്ന അവസാനത്തെ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കെ ഗുരുദേവന്‍റെ
യോഗനയനങ്ങള്‍ സാവധാനം അടഞ്ഞു.
അവിടുന്ന് മഹാസമാധിസ്ഥനായി.
(1928 സെപ്തംബര്‍ 20 വ്യാഴാഴ്‌ച,1104 കന്നി 5 ഉച്ചകഴിഞ്ഞ് 3.20)
===========================================================

                           സനാതനധര്‍മ്മം പത്രറിപ്പോര്‍ട്ട് 

മഹാസമാധിവിവരം അറിഞ്ഞപ്പോള്‍ ശ്രീമതി ആനിബസന്‍റ് സ്ഥാപിച്ച തിയോസഫിക്കല്‍ സൊസൈറ്റിയുടെ 

മുഖപത്രമായ 'സനാതനധര്‍മ്മം' ഇപ്രകാരമെഴുതി.  "ഉജ്ജ്വലവും ദീര്‍ഘവും
വിപുലവും സര്‍വ്വജനീയവും അന്യൂനവുമായ ഒരു ബഹുമാനം 
ശ്രീനാരായണഗുരുദേവനു സിദ്ധിച്ചതുപോലെ ഇന്ത്യയില്‍ അടുത്ത
നൂറ്റാണ്ടുകളിലൊന്നും ആര്‍ക്കും സിദ്ധിച്ചിട്ടില്ല.അദ്ദേഹം പ്രസംഗിക്കുകയോ
അധികം സംസാരിക്കുകയോ ചെയ്യാറില്ല.എന്നാല്‍ സൂര്യനെപ്പോലെ സന്നിധ്യം മാത്രം കൊണ്ട് ശക്തിയും പ്രേമവും അദ്ദേഹം പ്രസരിപ്പിച്ചു.
യോഗത്തില്‍ പതജ്ഞലിയും ജ്ഞാനത്തില്‍ ശങ്കരനും ത്യാഗത്തില്‍ ബുദ്ധനും
സ്ഥൈര്യത്തില്‍ നബിയും വിനയത്തില്‍ യേശുവും ആയ ശ്രീനാരായണഋഷി
നരവേഷം ധരിച്ച് 72 വര്‍ഷത്തെ ലീലകള്‍ക്ക് ശേഷം യഥാസ്ഥാനം പ്രാപിച്ചു.
ഭാവിയില്‍ ഇന്ത്യാരാജ്യത്തെ ഇതിവൃത്തങ്ങളിലെ അവതാരമൂര്‍ത്തികളുടെയും സിദ്ധപുരുഷന്മാരുടെയും കൂട്ടത്തില്‍ അദ്ദേഹം ഒരു ഉപാസനാദേവനായിത്തീരും".                                                           
    ..........................................................................
                 





............

ജരാരുജാമൃതി ഭയമെഴാ ശുദ്ധ-
യശോ നിര്‍വ്വാണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ.

തവവിയോഗാര്‍ത്തി പരിതപ്തര്‍ഭവല്‍-
കൃതകപുത്രരാമനേക ലക്ഷങ്ങള്‍
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവന്‍ സദ്ഗുരോ

മനോവിജയത്തിന്‍ തികവാല്‍ ദിവ്യമാം
ഒളിചിതറുമാ തിരുമുഖമിനി
ഒരുനാളും ഞങ്ങള്‍ക്കൊരു കണ്ണുകാണ്‍്മാന്‍
കഴിയാതായല്ലോ പരമസദ്ഗുരോ

കൃപയും ജ്ഞാനവും ഫലിതവും കൂടും
മധുരപാവനമനോജ്ഞവാണികള്‍
ചൊരിയുമാനാവ് തിരളാതായല്ലോ
സഹിയുന്നെങ്ങനെ പരമസദ്ഗുരോ

ഗൃഹം വസ്ത്രം ദേഹമശനമാശയം
ഇതുകളില്‍ ഞങ്ങള്‍ പരമശുദ്ധിയെ
സ്വയമനുഷ്ഠിക്കാന്‍ പറയാതോതുമാ-
തിരുസന്നിധാനമലഭ്യമായല്ലോ

മതമേതായാലും മനുജന്‍ നന്നായാല്‍
മതിയെന്നുള്ളൊരു സ്വതന്ത്ര വാക്യത്താല്‍
മതനിഷേധവും മതസ്ഥാപനവും
പരിചില്‍ സാധിച്ച പരമസദ്ഗുരോ

ഭാരതഭൂമിയെ വിഴുങ്ങും ജാതയോ-
ടടരിനായ് ഭവാനണിനിരത്തിയ
വലിയസേനകള്‍ പടനായകന്‍പോയ്
വിഷമിക്കുന്നല്ലോ പരമസദ്ഗുരോ!

വിമലത്യാഗമേ മഹാസന്ന്യാസമേ
സമതാബോധത്തിന്‍ പരമപാകമെ
ഭൂവനശുശ്രൂഷേയഴുതാലും നിങ്ങള്‍
ക്കെഴുന്നവിഗ്രഹം വിലയമാണ്ടുപോയ്

ത്രികരണശുദ്ധി നിദര്‍ശനമായി
പ്രഥിതമാം ഭവല്‍ചരിതം ഞങ്ങള്‍ക്കു
ശരണമാകണേ!ശരണമാകണേ                                                                                  ശരണമാകണേ പരമസദ്ഗുരോ.                                                      
*****************************                  
                                        .
                    
ഫോട്ടോസ്-ഗൂഗിള്‍