കൊച്ചിലേ പാകപ്പെടുത്തണം................
******************************************
മനുഷ്യനില്‍ അന്തര്‍ലീനമായ സഹജവാസനകളെ പരിപോഷിപ്പിക്കാനും വളര്‍ത്തിയെടുക്കാനുമുളള വായനയുടെ പങ്ക് നിസ്സീമമാണ്.ചെറുപ്പത്തില്‍-വായിച്ച പുസ്തകങ്ങളില്‍നിന്ന് കിട്ടിയ അറിവു് ജീവിതപ്പാതയില്‍ മാര്‍ഗ്ഗദര്‍ശ്ശികളായി മാറുന്നു.
പണ്ടൊക്കെ കൂട്ടുകുടുംബങ്ങളായിരുന്നു ഏറെയും.ഒരുവീട്ടില്‍ ചുരുങ്ങിയത്
ഇരുപത് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കും.കുട്ടികളും,മറ്റുതലമുതിര്‍വരും
അടക്കം.ബഹളമയമായിരിക്കും!
ആ ചുറ്റുപാടില്‍ കൊച്ചിലേ എന്നെ കഥയുടെയും,കവിതയുടെയും ലോകത്തിലേക്ക് എത്തിച്ചത് എന്റെ വല്യമ്മയായിരുന്നു.(എന്റെ അച്ഛന്റെ
ജേഷ്ഠന്റെ ഭാര്യ)അവര്‍ക്ക് വളരെ താമസിച്ചാണ് മക്കളുണ്ടായത്.അതുകൊണ്ട്
അവരുടെ ലാളനയും,സ്നേഹവാത്സല്യങ്ങളും വേണ്ടുവോളം ഞങ്ങള്‍ക്ക്
ലഭിച്ചിരുന്നു.രാമായണവും,ഭാഗവതവും,മറ്റുപുരാണങ്ങളും അവര്‍ക്ക്
മനഃപാഠമായിരുന്നു!വൈകീട്ട് ഭക്ഷണംകഴിഞ്ഞ് എന്നെയും,അനിയനെയും
അടുത്തുകിടത്തും."കഥ പറയൂ വല്ല്യമ്മേ"ഞങ്ങള്‍ ചിണുങ്ങും..........
"ഏതു കഥ വേണം"വല്ല്യമ്മ ചോദിക്കും. രാജകുമാരന്റെ,സൂത്രക്കാരന്‍ കുറുക്കന്റെ,.....അങ്ങനെ ഞങ്ങള്‍ തര്‍ക്കിച്ചു നില്ക്കുമ്പോള് വല്ല്യമ്മ രാമയണത്തിലേയ്ക്കൊ,ഭാഗവതത്തിലേയ്ക്കൊ ഞങ്ങളെ കൂട്ടികൊണ്ടുപോകും.ഇടയ്ക്കുവച്ച് കഥ നിര്‍ത്തുന്ന ഒരു സൂത്രമുണ്ടു് വല്ല്യമ്മയ്ക്ക്.ഞങ്ങള്‍ ചെവിവട്ടം പിടിച്ചിരിക്കുകയല്ലേ!"പിന്ന്യോ വല്ലിമ്മേ?"
വല്ല്യമ്മ ചിരിയോടെ കഥതുടരും...ഞങ്ങള്‍ ഉറങ്ങിപോയോ എന്നറിയാനാണ് ആ നിറുത്തലിന്റെ ഉദ്ദേശം.ഞങ്ങള്‍ ഉറങ്ങുന്നതുവരെ കഥ നിറുത്തലും,ചോദ്യവും,തുടരലും..തുടര്‍ന്നുകൊണ്ടേയിരിക്കും.
ചെറുപ്പത്തിലുള്ള ഈ സംസര്‍ഗ്ഗവും എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്(*95- വയസ്സുപിന്നിട്ട എന്റെ വലിയമ്മ 2015 മാര്‍ച്ച് 14 ശനിയാഴ്ച നിര്യാതയായി*)
അപ്പര്‍പ്രൈമറിക്ളാസ്സില്‍ പഠിക്കുന്ന ഘട്ടത്തിലാണ്. പാഠ്യേതരപുസ്തകങ്ങള്‍വായിക്കാനുള്ള അവസരം ലഭിച്ചത്. അടുത്തബന്ധു വഴിയായിരുന്നു .അദ്ദേഹം കവിത എഴുതുമായിരുന്നു. സഹൃദയനായിരുന്നു .ധാരാളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ പുസ്തകശേഖരത്തില്‍ ഉണ്ടായിരുന്നു. സന്മനസ്സോടെ അദ്ദേഹം പുസ്തകങ്ങള്‍ വായിക്കാനായി എനിക്ക് തന്നു. .ആദ്യമായി വായിച്ചു തുടങ്ങിയത്
ശ്രീ.കെ.പി.കേശവമേനോന് രചിച്ച പുസ്തകങ്ങളായിരുന്നു .
സദ്ഗുണങ്ങളുടെ വിളനിലങ്ങളായിരുന്ന അതിലെ സദ്ഫലങ്ങള്‍
അമൃതകനികളായിരുന്നു. .അതിലെ ഉപദേശങ്ങളും നിര്‍ദേശങ്ങളും
ഊന്നുവടിയാകാന്‍ സഹായിച്ചു.
ഇന്നത്തെപ്പോലെ അന്നൊന്നും എടുക്കാനാവാത്ത പുസ്തകഭാരവും, പഠനഭാരവുംകുട്ടികളില്‍ കേററിവെയ്ക്കാറില്ല.ഒരു നിലയ്ക്ക് കുട്ടികള്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളുംഅനുഭവിക്കാന്‍ഭാഗ്യംസിദ്ധിച്ചവരായിരുന്നു. സ്ക്കൂള് വിട്ടുവന്നാലുള്ള കളി,കുളി,വിളക്കുവെച്ചശേഷം നാമംചൊല്ലല്,ഗൃഹപാഠം ചെയ്യല്‍,ഭക്ഷണം,ഉറക്കം.
കുടുംബങ്ങളിലെ അംഗസംഖ്യകൂടുതല്‍, കൂട്ടുകുടുംബം, വേണ്ടത്ര ചങ്ങാതിമാര്‍,വിശാലമായി കിടക്കുന്ന ഒഴിഞ്ഞ പറമ്പുകള്‍,സുന്ദരമായ കളിസ്ഥലം.സ്വച്ഛസുരഭിലമായ കുട്ടിക്കാലം.പരസ്പരംസ്നേഹിക്കാനും സഹായിക്കാനുമുള്ള മനഃസ്ഥിതി.തമ്മില്‍ തമ്മില്‍ വഴക്കും, അടിപിടിയും നിത്യസംഭവമാണെങ്കിലും പിറെറദിവസം അതെല്ലാം മറന്ന് ഉററചങ്ങാതിമാരായിമാറും.പകയില്ല.സ്വാര്‍ത്ഥതയില്ല. ഗ്രാമീണതയുടെ നിഷ്കളങ്കകത.ഗുരുക്കന്മാരെ ആദരിച്ചിരുന്ന കാലം.
ചങ്ങാതിമാരും,അവരുമൊത്ത് കളിയും,ചിരിയും,ഇണക്കവും,പിണക്കവും.....
ഉല്ലാസം നിറഞ്ഞ കാലം!!!
58വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വിദ്യാഭ്യാസകാലമാണ് പറഞ്ഞുവരുന്നത് കേട്ടോ!
ഇന്നും അത് ദീപ്തമായ സ്മരണകളുമായി തെളിഞ്ഞുവരുന്നുണ്ട്.
ഭാവിജീവിതത്തിനു വേണ്ടതായ സ്വഭാവരൂപീകരണവും,ചിട്ടവട്ടങ്ങളും
പഠിപ്പിച്ചെടുക്കുന്ന കാലഘട്ടം.ഇന്ന് അഭിമാനിക്കാവുന്ന സുവര്‍ണ്ണകാലം.
ഗുരുനാഥന്മാരാണ് അതില്‍ മുഖ്യപങ്കുവെക്കുന്നത് എന്നാണ് എന്റെ പക്ഷം.
അന്നത്തെ ഗുരുശിഷ്യബന്ധം പവിത്രവും ആത്മാര്‍ത്ഥവുമായിരുന്നു.
ഗുരുവിന്റെ അര്‍ത്ഥവും വ്യാപ്തിയും ഗ്രഹിച്ചിരുന്ന അദ്ധ്യാപകര്‍ ഭയഭക്തിബഹുമാനങ്ങളോടെ പെരുമാറുന്ന ശിഷ്യഗണങ്ങള്‍.. .. ഇന്നത് പോയകാലത്തിന്റെ ഓര്‍മ്മ മാത്രമായി.......
1953-ല്‍ എന്നെ പഠിക്കാനായി വില്ലടം സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തി. ഒന്നാംക്ലാസ്സിലും മൂന്നാംക്ലാസ്സിലും ക്ലാസ്മാഷ്, യശശ്ശരീരനായ അഭിവന്ദ്യവാസുമാഷായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങളും,നിര്‍ദേശങ്ങളും ഇന്നും കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങുകയും വഴിത്താരയില്‍ പ്രകാശം ചൊരിയുകയും ചെയ്യുന്നു........
"അസത്യം പറയരുത്.സത്യസന്ധനായിരിക്കണം. ആരോടുംചീത്തവാക്കുകള്‍ പറയരുത്.
ചീത്തകൂട്ടുകെട്ടുകളില്‍ കൂടരുത്.. ആണ്‍കുട്ടികള്‍ നിങ്ങളില്‍ താഴെയുള്ള പെണ്‍ക്കുട്ടികളെ അനിയത്തിമാരായും, മൂത്തവരെ ചേച്ചിമാരായും, പ്രായമുള്ളവരെ അമ്മമാരായും കാണണം. പെണ്‍കുട്ടികള്‍ നിങ്ങളില്‍ താഴെയുള്ള ആണ്‍കുട്ടികളെ
അനിയന്മാരായും, മൂത്തവരെ ചേട്ടന്മാരായും കാണണം. അതുപോലെത്തന്നെ
പ്രായമുള്ളവരെ ബഹുമാനിക്കുകയും അവരോട് ആദരവോടെ പെരുമാറുകയും ചെയ്യണം.
നിങ്ങളെല്ലാം നന്നായി പഠിച്ചുമിടുക്കികളും മിടുക്കന്മാരുമാകണം.
അച്ഛനമ്മമാരെ സഹായിക്കണം.കൂട്ടുകാരെയും പരസ്പരം സഹായിക്കണം.ജാതിയും മതവും
നോക്കരുത്.മനുഷ്യരെല്ലാം ഒന്നാണ്.ഉത്തമപൌരരായി വളരണം................."
ക്ലാസ്സില്‍ പല അവസരങ്ങളിലായി തന്നിരുന്ന ആ സദുപദേശങ്ങളുടെ സാരാംശം ജീവിതവൃത്തിയിലും സ്വാധീനം ചെലുത്താന്‍കഴിയും എന്നാണ് എനിക്ക് ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്നത്.........
അതുപോലെത്തന്നെ ഇളംപ്രായത്തില്‍ കുടുംബത്തില്‍നിന്ന് സ്നേഹവും,വാത്സല്യവും,ശ്രദ്ധയും ലഭിക്കുമാറാണം.ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍,അണുകുടുംബങ്ങളില്‍ അതിനൊന്നും സമയമില്ലെന്നതാണ് സത്യം.എല്ലാം ശീഘ്രഗതിയിലുള്ള നീക്കം...അതിന്റെ ദോഷങ്ങളും,വിപത്തുകളുമാണ് ഇന്ന് നാം ദിനംതോറും കണ്ടുംകേട്ടും കൊണ്ടിരിക്കുന്നത്........................
പുസ്തകവായനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ കളിക്കാന്‍
സമയകുറവ്.ചങ്ങാതിമാര്‍ക്ക് പരിഭവം.നാടന്‍പന്ത്,ചുട്ടിയും കോലും,കിളിമാസ്,ഞൊണ്ടി,ഗോലി,പമ്പരംഏറ്,
കോട്ട എന്നിവയൊക്കെയായിരുന്നു കളികള്‍ .
വളരുന്നതോടൊപ്പം വായനാഭിരുചിയുടെ ദിശയുംമാറി.സമീപമുളള വില്ലടം യുവജനസംഘംവായനശാലയില്‍ അംഗമായി.ഇഷ്ടാനുസരണമുളള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യംകിട്ടി.
വായനയുടെ വസന്തം സമാഗതമായി.
കാലപ്രവാഹത്തില്‍ വായനയില്‍ ക്രമാനുക്രമമായ വ്യതിയാനങ്ങള്‍ വന്നു.
ബാലസാഹിത്യകൃതികള്‍,ചെറുകഥകള്‍,നോവലുകള്‍,പുരാണകഥകള്‍,ചരിത്രകഥകള്‍,പിന്നെ എഴുത്തിന്റെ എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു.ഹൈസ്കൂള്‍ ക്ലാസ് തൊട്ടുത്തന്നെ കവിതകളും,കഥകളും എഴുതിത്തുടങ്ങി.സാഹിത്യമത്സരങ്ങളില് സമ്മാനങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ എഴുതുവാനുള്ള ആവേശവും,ഉത്സാഹവും വര്‍ദ്ധിച്ചു.
അതിനിടയില്‍ വായനയിലും കുറവുവരുത്തിയില്ല
പ്രൌഢവും,വിശ്വപ്രസിദ്ധവുമായരചനകള്‍,ആത്മകഥകള്‍,ജീവചരിത്രങ്ങള്‍
,യാത്രാവിവരണങ്ങള്‍,ആത്മീയഗ്രന്ഥങ്ങള്‍.എത്ര...എത്ര.
1960-70 കാലഘട്ടങ്ങളില്‍ സാഹിത്യസാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു.
1976 ല്‍ തൃശൂര്‍ സഹൃദയവേദി പ്രസാധകരായി "നീ എന്റെ ദുഃഖം"എന്ന എന്റെ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു....
സൌദിയില്‍ നിന്ന് തിരിച്ചു വന്നതിനുശേഷം ശ്രീനാരായണ ഗുരുദേവന്റെ ആസ്ഥാനമായ വര്‍ക്കല ശിവഗിരിമഠത്തില്‍(ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്)
പത്തുകൊല്ലത്തോളം സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിലും, സാഹിത്യസാംസ്ക്കാരികമണ്ഡലങ്ങളിലും ഗുരുദേവപ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ആവുംവിധം........
*********************************************************************************