note

കൂട്ടായ്മ

Tuesday, September 20, 2016

                                കന്നി-5  മഹാസമാധി




സമാധിയുടെ അന്ത്യനിമിഷങ്ങളില്‍..,..........

(ശ്രീ.V.T.ശശീന്ദ്രന്‍ അവര്‍കളുടെ പത്രാധിപത്യത്തില്‍ ഗുരുധര്‍മ്മം S.N.D.P.യോഗ ശതാബ്ദി സ്മാരക പതിപ്പില്‍ നിന്ന്)
...1103  ഇടവം പകുതി കഴിഞ്ഞപ്പോള്‍ ഗുരുദേവന്‍റെ അസുഖം വര്‍ദ്ധിച്ചു.അതിനാല്‍ തൃപ്പാദങ്ങളെ തിരുവനന്തപുരത്തു പേട്ടയില്‍ മാതുമുതലാളിയുടെ ഭാര്യ ഡോ.പല്‍പ്പുവിന്‍റെ ഇളയ സഹോദരിയായിരുന്നു.നാഗര്‍കോവിലിലെ പൂത്തേരി ആശുപത്രിയിലെ ഡോക്ടറായിരുന്ന നോബിളിനെയും നെയ്യൂരാശുപത്രിയിലെ ഡോ.സോമര്‍വല്ലിനെയും വരുത്തി .അവര്‍ ഇരുവരും ഗുരുദേവനെ സൂക്ഷ്മമായി പരിശോധിച്ചു.  ഗുരുദേവനെപ്പോലെ തേജസ്വിയായ ഒരാളെ കണ്ടിട്ടില്ലെന്ന് ഡോ.നോബിള്‍ പറയുകയുണ്ടായി.ചികിത്സിക്കാന്‍ പറ്റിയ ഒരസുഖവും ഗുരുദേവനില്ലെന്നായിരുന്നു ഡോ.സോമര്‍വല്ലിന്‍റെ അഭിപ്രായം.ഗുരു നാഡീഞരമ്പുകളെ സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്തിയിരുന്നതിനാല്‍ പരിശോധന അസാദ്ധ്യമാണെന്നദ്ദേഹംപറഞ്ഞിരുന്നു.പിന്നീടൊരിക്കല്‍ എക്കിള്‍വന്നപ്പോള്‍ ഡോ.സോമര്‍വല്ലിനെ വരുത്തി.ഇതിന് മരുന്നില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.ഉടനെ പൂര്‍ണ്ണാനന്ദസ്വാമിയോട്‌ പിറുത്തിച്ചക്കയുടെനീര് കൊണ്ടുവരുവാന്‍ ഗുരു കല്പിച്ചു.ആ നീര് കുടിച്ചപ്പോള്‍ എക്കിളും മാറി.ഉടനെ ഡോ.സോമര്‍വെല്‍ ഗുരുവിനെ സാഷ്ടാംഗം നമസ്ക്കരിച്ചു.അതിനുശേഷം ഗുരുകിടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ തൊട്ടു വന്ദിച്ചിട്ടേ ഡോ.സോമര്‍വെല്‍ അകത്ത് കയറാറുള്ളു.
                       ഇതിനിടെ പ്രജാസഭ മെമ്പറായിരുന്ന ചാവര്‍കോട്ട്കെ.എ.മാര്‍ത്താണ്ഡന്‍ വൈദ്യര്‍ ഗുരുവിനെ ചാവര്‍കോട്ട് കൂട്ടിക്കൊണ്ടുപോയി കിഴിചികത്സയ്ക്ക് വിധേയനാക്കി.ആ സന്ദര്‍ഭത്തില്‍ ശ്രീ.അയ്യങ്കാളി ചാവര്‍ക്കോട്ട്‌ വന്ന്ഗുഗുരുദേവനെ സന്ദര്‍ശിച്ചു.അയ്യങ്കാളി തലപ്പാവ് അഴിച്ച് മാറ്റിഗുരുവിനെ ആദരപൂര്‍വ്വം വന്ദിച്ചു."നാം ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു.ഇനി ഈ ശരീരത്തിന്‍റെ ആവശ്യമില്ല"എന്ന് ഗുരു പറഞ്ഞു.അയ്യങ്കാളി വികാരപരവശനായി കുറെനേരം നോക്കിനിന്നതല്ലാതെ ഒന്നും സംസാരിച്ചില്ല.തൃപ്പാദങ്ങളെ താണുവണങ്ങിമടങ്ങുകയുംചെയ്തു.
                     ചാവര്‍ക്കോട്ടുനിന്ന് ഗുരുവിനെ ശിവഗിരിയിലേക്ക് കൊണ്ടുവന്നു.അവിടെ സത്രത്തില്‍ വിശ്രമിച്ചു.രണ്ടാഴ്ചക്കുശേഷം കോട്ടയത്തുനിന്ന് വയസ്ക്കരമൂസ്സിനെ വരുത്തി.അദ്ദേഹം മൂത്രതടസ്സത്തിനുഒരുമരുന്നുണ്ടാക്കിക്കൊടുത്തു.ആ മരുന്നുപയോഗിച്ചപ്പോള്‍ മൂത്രതടസ്സം കൂടുകയാണ് ചെയ്തത്."മരുന്നുകൊള്ളാം ഇത് മൂത്ര തടസ്സത്തിനുള്ളതുത്തന്നെ" എന്ന് ഗുരുദേവന്‍  ഫലിതരൂപത്തില്‍പറഞ്ഞതുകേട്ട് മൂസ്സിനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.                                                                                                                                                     തുടര്‍ന്നുള്ള ദിവസങ്ങള്‍ മഹാസമാധിയെ മുന്നില്‍കണ്ടിട്ടെന്നോണം ആനന്ദതുന്ദിലനായി ഗുരുദേവന്‍കഴിഞ്ഞുകൂടി.                                                                                തുടര്‍ന്ന് തൃപ്പാദങ്ങള്‍  ആഹാരത്തിന്‍റെ അളവു കുറച്ചു. പോഷകാംശമുള്ള പാലും പഴങ്ങളും വര്‍ജ്ജിച്ചു.                                                                                                                   ചൂടാക്കിയ ജീരകവെള്ളം കുറേശ്ശെ കുടിച്ചു കൊണ്ടിരുന്നു.
ഈ അവസരത്തില്‍ ഷേവ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.കൊല്ലത്ത്
നിന്നും നല്ലൊരു കത്തി വാങ്ങി ക്ഷുരകനെക്കൊണ്ട് ഷേവ് ചെയ്യിപ്പിച്ചു.
കത്തി ആ ക്ഷുരകന് തന്നെ സമ്മാനിക്കുകയും ചെയ്തു.ആ കത്തികൊണ്ട്
ഇനി ആവശ്യമില്ലായെന്ന് ഗുരുദേവന്‍ പറഞ്ഞത് അടുത്തു തന്നെ
സംഭവിക്കാന്‍ പോവുന്ന മഹാസമാധിയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു.
എട്ടു മാസക്കാലം നിരന്തരം അലട്ടിക്കൊണ്ടിരുന്ന രോഗം ഗുരുദേവന്‍റെ
തേജസ്സ് നിറഞ്ഞ മുഖത്ത് ചുളിവുകള്‍ വീഴ്ത്തി.അവസാനഘട്ട മായപ്പോഴേക്ക് അവിടുന്ന് കൂടുതല്‍ ശാന്തനായി കാണപ്പെട്ടു.അവിടുത്തെ
കണ്ണുകള്‍ നിത്യതയില്‍ വിശ്രമിക്കുന്നതുപോലെ തോന്നി.കര്‍മ്മബന്ധങ്ങളില്‍
നിന്ന് വിമുക്തിനേടുമ്പോഴുണ്ടാകുന്ന സ്വച്ഛമായ പ്രശാന്തത ആ മുഖത്തു
തെളിഞ്ഞു നിന്നു.ദിവസങ്ങള്‍ കഴിയുന്തോറും ഗുരുദേവന്‍ കൂടുതല്‍ മൌനിയായി കാണപ്പെട്ടു.

                 ചുറ്റും കൂടി നിന്ന ശിഷ്യന്മാരോടായി ഗുരു പറഞ്ഞു: "ഇന്നു നമുക്ക് നല്ല തൃപ്തി തോന്നുന്നു.മരണത്തില്‍ ആരും ദുഃഖിക്കരുത്".
മരണത്തെപ്പറ്റി പരാമര്‍ശമുണ്ടായപ്പോള്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങിയ
ശിഷ്യരോടായി ഗുരു പറഞ്ഞു.:"കന്നി അഞ്ച് നല്ല ദിവസമാണ്.അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം."

                 അടുത്ത ദിവസം പ്രഭാതത്തില്‍ ഗുരുദേവന്‍ എടുത്തു വളര്‍ത്തി പഠിപ്പിച്ചിരുന്ന ശിവഗിരിയിലെ അന്തേവാസികള്‍ ഗുരുവിനെ
നമസ്ക്കരിക്കാനെത്തി.നമസ്ക്കരിച്ച് നടന്നു നീങ്ങുന്ന ആ കുട്ടികളുടെ
കൂട്ടത്തില്‍ നായരും നമ്പൂതിരിയും പുലയനും മുഹമ്മദീയരും
ക്രിസ്ത്യാനികളും ഒക്കെ ഉണ്ടായിരുന്നു.ജാതിഭേദം കൂടാതെ ഒന്നിച്ച്
നീങ്ങിയ കുട്ടികളെക്കണ്ട് ജീവിതം മുഴുവന്‍ ജാതിക്കെതിരെ
പടപൊരുതിയ ആ പരമഹംസന്റെ കണ്ണുകളീറനണഞ്ഞു. ജീവിത സാഫല്യത്തിന്‍റെ സന്തോഷക്കണ്ണീര്‍.,.

                  കന്നി അഞ്ചാംതീയതി പുലര്‍ന്നു.ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു അത്.
ഉച്ചയായപ്പോഴേക്കും മാനം തെളിഞ്ഞു. തൃപ്പാദങ്ങളുടെ ആഗ്രഹം പോലെ
തന്നെ അന്ന് എല്ലാവര്‍ക്കും ഭക്ഷണം നല്‍കി.ഉച്ചകഴിഞ്ഞ് ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍
യോഗവാസിഷ്ഠം ജീവന്‍മുക്തി പ്രകരണം വായിച്ചുകൊണ്ടിരുന്നു.
ഉദ്ദേശം മൂന്നേകാല്‍ മണി ആയപ്പോള്‍ :"നമുക്ക് നല്ല ശാന്തി തോന്നുന്നു".എന്ന്
ഗുരുദേവന്‍ പറഞ്ഞു.മെല്ലെ കിടക്കയില്‍ എഴുന്നേറ്റിരിക്കുവാന്‍ ഗുരുദേവന്‍
ഒരുങ്ങി.തൃപ്പാദ ശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ ഗുരുദേവനെ
താങ്ങിപ്പിടിച്ചു.ശരീരം പത്മാസനത്തില്‍ ബന്ധിച്ചിരുന്നു.ഗുരുദേവന്‍റെ
ആഗ്രഹപ്രകാരം ശ്രീ ധര്‍മ്മതീര്‍ത്ഥസ്വാമികള്‍,നരസിംഹസ്വാമികള്‍
തുടങ്ങിയവര്‍ ഗുരുദേവന്‍ രചിച്ച ദൈവദശകം ആലപിക്കാന്‍ തുടങ്ങി.

               'ആഴമേറും നിന്‍ മഹസ്സാം

              ആഴിയില്‍ ഞങ്ങളാകവേ

              ആഴണം വാഴണം നിത്യം

              വാഴണം വാഴണം സുഖം'

എന്ന അവസാനത്തെ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കെ ഗുരുദേവന്‍റെ
യോഗനയനങ്ങള്‍ സാവധാനം അടഞ്ഞു.
      അവിടുന്ന് മഹാസമാധിസ്ഥനായി.
(1928 സെപ്തംബര്‍ 20 വ്യാഴാഴ്‌ച,1104 കന്നി 5 ഉച്ചകഴിഞ്ഞ് 3.20)
===========================================================

                           സനാതനധര്‍മ്മം പത്രറിപ്പോര്‍ട്ട് 

മഹാസമാധിവിവരം അറിഞ്ഞപ്പോള്‍ ശ്രീമതി ആനിബസന്‍റ് സ്ഥാപിച്ച തിയോസഫിക്കല്‍ സൊസൈറ്റിയുടെ 

മുഖപത്രമായ 'സനാതനധര്‍മ്മം' ഇപ്രകാരമെഴുതി.  "ഉജ്ജ്വലവും ദീര്‍ഘവും
വിപുലവും സര്‍വ്വജനീയവും അന്യൂനവുമായ ഒരു ബഹുമാനം 
ശ്രീനാരായണഗുരുദേവനു സിദ്ധിച്ചതുപോലെ ഇന്ത്യയില്‍ അടുത്ത
നൂറ്റാണ്ടുകളിലൊന്നും ആര്‍ക്കും സിദ്ധിച്ചിട്ടില്ല.അദ്ദേഹം പ്രസംഗിക്കുകയോ
അധികം സംസാരിക്കുകയോ ചെയ്യാറില്ല.എന്നാല്‍ സൂര്യനെപ്പോലെ സന്നിധ്യം മാത്രം കൊണ്ട് ശക്തിയും പ്രേമവും അദ്ദേഹം പ്രസരിപ്പിച്ചു.
യോഗത്തില്‍ പതജ്ഞലിയും ജ്ഞാനത്തില്‍ ശങ്കരനും ത്യാഗത്തില്‍ ബുദ്ധനും
സ്ഥൈര്യത്തില്‍ നബിയും വിനയത്തില്‍ യേശുവും ആയ ശ്രീനാരായണഋഷി
നരവേഷം ധരിച്ച് 72 വര്‍ഷത്തെ ലീലകള്‍ക്ക് ശേഷം യഥാസ്ഥാനം പ്രാപിച്ചു.
ഭാവിയില്‍ ഇന്ത്യാരാജ്യത്തെ ഇതിവൃത്തങ്ങളിലെ അവതാരമൂര്‍ത്തികളുടെയും സിദ്ധപുരുഷന്മാരുടെയും കൂട്ടത്തില്‍ അദ്ദേഹം ഒരു ഉപാസനാദേവനായിത്തീരും".                                                           
    ..........................................................................
                 








ജരാരുജാമൃതി ഭയമെഴാ ശുദ്ധ-
യശോ നിര്‍വ്വാണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ.

തവവിയോഗാര്‍ത്തി പരിതപ്തര്‍ഭവല്‍-
കൃതകപുത്രരാമനേക ലക്ഷങ്ങള്‍
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവന്‍ സദ്ഗുരോ

മനോവിജയത്തിന്‍ തികവാല്‍ ദിവ്യമാം
ഒളിചിതറുമാ തിരുമുഖമിനി
ഒരുനാളും ഞങ്ങള്‍ക്കൊരു കണ്ണുകാണ്‍്മാന്‍
കഴിയാതായല്ലോ പരമസദ്ഗുരോ

കൃപയും ജ്ഞാനവും ഫലിതവും കൂടും
മധുരപാവനമനോജ്ഞവാണികള്‍
ചൊരിയുമാനാവ് തിരളാതായല്ലോ
സഹിയുന്നെങ്ങനെ പരമസദ്ഗുരോ

ഗൃഹം വസ്ത്രം ദേഹമശനമാശയം
ഇതുകളില്‍ ഞങ്ങള്‍ പരമശുദ്ധിയെ
സ്വയമനുഷ്ഠിക്കാന്‍ പറയാതോതുമാ-
തിരുസന്നിധാനമലഭ്യമായല്ലോ

മതമേതായാലും മനുജന്‍ നന്നായാല്‍
മതിയെന്നുള്ളൊരു സ്വതന്ത്ര വാക്യത്താല്‍
മതനിഷേധവും മതസ്ഥാപനവും
പരിചില്‍ സാധിച്ച പരമസദ്ഗുരോ

ഭാരതഭൂമിയെ വിഴുങ്ങും ജാതയോ-
ടടരിനായ് ഭവാനണിനിരത്തിയ
വലിയസേനകള്‍ പടനായകന്‍പോയ്
വിഷമിക്കുന്നല്ലോ പരമസദ്ഗുരോ!

വിമലത്യാഗമേ മഹാസന്ന്യാസമേ
സമതാബോധത്തിന്‍ പരമപാകമെ
ഭൂവനശുശ്രൂഷേയഴുതാലും നിങ്ങള്‍
ക്കെഴുന്നവിഗ്രഹം വിലയമാണ്ടുപോയ്

ത്രികരണശുദ്ധി നിദര്‍ശനമായി
പ്രഥിതമാം ഭവല്‍ചരിതം ഞങ്ങള്‍ക്കു
ശരണമാകണേ!ശരണമാകണേ                                                                                  ശരണമാകണേ പരമസദ്ഗുരോ.                                                    
*****************************                
                                        .


                    
ഫോട്ടോസ്-ഗൂഗിള്‍

7 comments:

  1. ഗുരുദേവന് ഒരു സ്മരണാഞ്ജലി

    ReplyDelete
  2. ജീവിതം മുഴുവൻ ജാതിക്കെതിരെ പോരാടിയ ഗുരുദേവൻ. ആ മഹാത്മാവിന്റെ ആദർശങ്ങൾ.... തത്ത്വങ്ങൾ ....
    ഇന്ന് നമ്മുടെ സമൂഹം.... ഇവിടെ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്...
    ഗുരുദേവനെക്കുറിച്ചുള്ള ലഘുവിവരണം ഏറെ നന്നായിട്ടുണ്ട് സർ. ആശംസകൾ.

    ReplyDelete
  3. നല്ലൊരു അറിവ് നല്‍കിയ കുറിപ്പ് ...ചരിത്രം വളച്ചൊടിക്കുന്നു ഇന്നത്തെ തലമുറ..ഗുരുദേവ ദര്‍ശനങ്ങളെ വരും തലമുറ എങ്ങിനെയാവും നോക്കി കാണുന്നത് എന്നത് ഒരു ആശങ്കതന്നെയാണ് .

    ReplyDelete
  4. തങ്കപ്പേട്ടാ... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

    ReplyDelete
  5. തങ്കപ്പേട്ടാ, വളരെയേറെ അറിവുകൾ പകർന്നു നൽകുന്ന കുറിപ്പിന് നന്ദി...

    ReplyDelete