വായനാദിനാചരണവും പഴയകാല ഓര്‍മ്മകളും
============================================
വായനയുടെ മഹനീയമായ ദൌത്യം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കാനായി നന്മയുടെ പ്രകാശവുമായി സഞ്ചരിച്ച മനുഷ്യസ്നേഹിയാണ് ശ്രീ.പി.എന്‍.പണിക്കര്‍.
ജനനം--01-03-1909
മരണം --19-06-1995
അദ്ദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 7 ഐ.വി.ദാസ്
ജന്മദിനം വരെ തൃശ്ശൂര്‍ ജില്ലാഭരണകൂടം,വിദ്യാഭ്യാസവകുപ്പ്,ലൈബ്രറി കൌണ്‍സില്‍ സാക്ഷരതാമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വായനപക്ഷാചരണം സംഘടിപ്പിക്കുന്നു.
19-ന് കാലത്ത് ഗ്രന്ഥശാലകളില്‍ പതാകയുയര്‍ത്തുകയും വൈകീട്ട് അക്ഷരദീപം തെളിയിക്കുകയും ചെയ്യുന്നു.
കേരളഗ്രന്ഥശാലാസംഘം രൂപീകരിച്ചതോടെ നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രയത്നത്തിന്‍റെ ഫലമായി കേരളത്തിലിങ്ങോളമങ്ങോളം അനൌപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങളായി വായനശാലകള്‍ ഉയര്‍ന്നുവന്നു..
അതോടൊപ്പം തന്നെ ജനങ്ങളുടെ ഉള്ളിലേക്ക് അദ്ദേഹം ഉണര്‍ത്തിവിട്ട 'വായിച്ചുവളരുക,ചിന്തിച്ചുവിവേകംനേടുക' എന്ന മഹനീയസന്ദേശം പ്രാവര്‍ത്തികമാക്കിയപ്പോള്‍ നാട്ടിനുകൈവന്ന സാംസ്കാരികനവോത്ഥാനം അഭിമാനത്തോടെ ഓര്‍ക്കുകയാണ്.
വായനക്കാരില്‍ ഭൂരിഭാഗവും വായനശാലയില്‍ വന്ന് പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോകുന്നു. എത്താന്‍കഴിയാത്തവര്‍ക്ക് അവരവരുടെ വീടുകളില്‍ എത്തിച്ചും കൊടുക്കുന്നു. വായിക്കാന്‍ പുസ്തകം ലഭ്യമായപ്പോള്‍ വായക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു.വീട്ടമ്മമാര്‍ക്കും വായനയോടുള്ള താല്പര്യവും ഏറിവന്നു.ചില എഴുത്തുകാരുടെ കൃതികള്‍ വായിച്ചാസ്വദിക്കാന്‍ താല്പര്യം ഏറിയപ്പോള്‍ അവര്‍ ജനപ്രിയ സാഹിത്യകാരന്മാരായി.ഇതിനൊക്കെ പ്രധാന പങ്കുവഹിച്ചത് പി.എന്‍.പണിക്കര്‍ രൂപംകൊടുത്ത ഗ്രന്ഥശാലാസംഘവും,അതിനു കീഴിലുള്ള വായനശാലകളുമാണ്.
ഇന്ന് ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം വായനയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നുള്ളതാണ് സത്യം.ഇന്ന് നന്നായെഴുതുന്ന എഴുത്തുകാര്‍ ജനപ്രിയരാവാത്തതും ഇതൊരു കാരണമാണ്.
വായനശാലകളുടെ ഗ്രഡേഷന്‍ പരിശോധനാഘട്ടം പണിക്കര്‍ സാറിന് തിരക്കുപിടിച്ച നാളുകളാണ്.
അയ്യായിരത്തില്‍പരം വായനശാലകളില്‍
അദ്ദേഹത്തിന്‍റെ പാദസ്പര്‍ശം പതിയാതിരിക്കില്ല.എല്ലായിടത്തും എത്തണമെന്ന് നിര്‍ബന്ധമാണ്‌.ഏതുമുക്കിലും മൂലയിലും ആയാലും ശരി.എത്തിചേരാതിരിക്കില്ല
പുസ്തകവിതരണം,പുസ്തകക്രമീകരണം എന്നിവ അദ്ദേഹം പരിശോധിക്കും. അന്നൊക്കെ പുസ്തകം വായിക്കുന്നവരുടെ എണ്ണം കൂടുതലാണ്.പുതിയ പുസ്തകങ്ങള്‍ വന്നാല്‍ പിടിവലിയാണ്.മാറ്റപുസ്തകം കിട്ടാനായി കാത്തുനില്‍ക്കും വായനക്കാര്‍......ഇന്നതിന് എത്രയോ മാറ്റം!
1957ല്‍‍ ഐ.ബി.ജി.മേനോന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ സ്ഥാപിച്ചതാണ് ഞങ്ങളുടെ വില്ലടം യുവജനസംഘം വായനശാല. ആദ്യ പ്രസിഡണ്ട് ശീ.കെ.മുരളി സെക്രട്ടറി ശ്രീ.കെ.ആര്‍.പ്രഭാകരന്‍. വായനശാലയുടെ കെട്ടിടനിര്‍മ്മാണത്തിന് സാമ്പത്തികസഹായം നല്‍കുകയും,ദീര്‍ഘകാലം പ്രസിഡണ്ടാകുകയും ചെയ്ത ദിവംഗതനായ .ടി.വി.ജോസഫ് മാസ്റ്റര്‍.അദ്ദേഹത്തിനെക്കുറിച്ചുള്ള ദീപ്തമായ എന്നിലിപ്പോഴുംനിറഞ്ഞുനില്‍ക്കുന്നു അദ്ദേഹം വായനശാലാ പ്രസിഡണ്ടായും ഞാന്‍ സെക്രട്ടറിയായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ ...... 1
1962മുതല്‍ ഞാന്‍ വായനശാലയിലെ ബാലവിഭാഗം അംഗമായിരുന്നു
1966-68ലാണ് ഞാന്‍വില്ലടം യുവജനസംഘം വായനശാലയിലെ ലൈബ്രേറിയനായത്. വായനയിലും,പിന്നെ കുറച്ചെഴുത്തിലും ആവേശം കൊണ്ടിരുന്ന കാലം. അച്ഛന്‍റെ ബിസിനസ് പൊളിഞ്ഞതുമൂലം സാമ്പത്തികബുദ്ധിമുട്ടില്‍ എന്‍റെ വിദ്യാഭ്യാസം പോലും പാതിവഴിയെ നിര്‍ത്തേണ്ടിവന്ന ദുസ്ഥിതി.എങ്കിലും എന്‍റെ മനസ്സില്‍ പഠിക്കാനുള്ള മോഹം നുരയിട്ടുനില്‍ക്കുകയായിരുന്നു.അതിനിടയില്‍എനിക്ക് ചെറിയൊരു ജോലികിട്ടി..അപ്പോള്‍ പുതിയൊരു ആശയം മനസ്സുദിച്ചു.പ്രൈവറ്റായി പഠിക്കുക അതിനായി സ്പിന്നിങ്ങ് മില്ലില്‍നൈറ്റ് ജോലിക്ക് അറേഞ്ച്ചെയ്ത് പുലര്‍ചെ്ച ട്യൂട്ടോറിയല്‍കോളേജിലും പോയിത്തുടങ്ങി.ലൈബ്രറി പ്രവര്‍ത്തനവും നിര്‍വിഘ്നം നടത്തികൊണ്ടിരുന്നു..........(അതിന്റെ ഗുണം എനിക്ക് ലഭിച്ചു.ജോലിയില്‍ പ്രമോഷന്‍ കിട്ടാനും ക്രമേണ നല്ലൊരു അകൌണ്ടന്‍റൊവാനും കഴിഞ്ഞു)
അക്കൊല്ലവും ഗ്രഡേഷന്‍ ടീമിനൊപ്പം പണിക്കര്‍ സാറും വായനശാലയില്‍വന്നു.. പുസ്തകസ്റ്റോക്കും,വിതരണവുമാണ് അദ്ദേഹം ശ്രദ്ധിക്കുക പതിവ്..മറ്റംഗങ്ങള്‍ മറ്റുകാര്യങ്ങളും പരിശോധിക്കും.എല്ലാം കൃത്യമാണെങ്കിലും ഉള്ളിലൊരു ടെന്‍ഷനാണ്. ..പരിശോധന കഴിയുന്നതുവരെ എല്ലാവരിലും…….
പതിവുപോലെ പണിക്കര്‍ സാര്‍ പുസ്തകവിതരണ റജിസ്റ്ററാണ് ആദ്യം പരിശോധിച്ചത്.അന്നൊക്കെ ഒരുമാസം ചുരുങ്ങിയത് അയ്യായിരം പുസ്തകങ്ങളെങ്കിലും വിതരണം ചെയ്തിട്ടുണ്ടായിരിക്കും.നിശ്ചയം. ഇന്നത്തെ മാതിരി അല്ല....................... പിന്നെ പുസ്തകസ്റ്റോക്ക് നോക്കി അദ്ദേഹം ആവശ്യപ്പെട്ട പുസ്തകങ്ങള്‍ ഞാന്‍ പെട്ടെന്നു പെട്ടെന്ന് എടുത്തുകൊടുക്കുകയുണ്ടായി..
വായനശാലാ പ്രവര്‍ത്തനം തൃപ്തികരം.
ഞങ്ങള്‍ക്കേറേ സന്തോഷം.
തിരിച്ചുപോകുമ്പോള്‍ അദ്ദേഹത്തിന്‍റെ ഉപദേശം-“കുട്ടികളെ നിങ്ങള്‍ എല്ലാ പുസ്തകങ്ങളും വായിക്കണം.എല്ലാവരെയും വായിക്കാന്‍ പ്രേരിപ്പിക്കണം.അനൌപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ഗ്രന്ഥശാലകള്‍ .വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണം..ഗ്രന്ഥശാലാപ്രവര്‍ത്തകരായ നിങ്ങള്‍ സത്യസന്ധരും,നിസ്വാര്‍ത്ഥസേവനസന്നദ്ധരുമായിരിക്കണം. ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ നാട്ടിലെ നല്ല മാതൃകളായി മാറണം.”
ഞാന്‍ തുടര്‍വിദ്യാഭ്യാസം നടത്തുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിനേറെ സന്തോഷമായി.എന്നെ പ്രത്യേകം അഭിനന്ദിക്കുകയും,പോത്സാഹനം നല്‍കുകയും ചെയ്തു.
കേരളഗ്രന്ഥശാലാസംഘം1969- 1970ല്‍ തൃശൂര്‍ നെടുപുഴ കസ്തൂര്‍ബാകേന്ദ്രത്തില്‍ വെച്ചുനടത്തിയ ലൈബ്രേറിയന്‍ ട്രൈയിനിംഗ്കോഴ്സില്‍ ആദ്യബാച്ചില്‍തന്നെ ചേരാനും വിജയിക്കാനുംകഴിഞ്ഞു.ക്യാമ്പ് ഡയറക്ടര്‍ പ്രൊഫ.എരുമേലി പരമേശ്വരന്‍ പിള്ളയായിരുന്നു.ട്രൈയിനിംഗ് കോഴ്സിനെക്കുറിച്ചുള്ള
വിവരണം ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഞാന്‍ പി.എന്‍.പണിക്കര്‍ക്ക് അദ്ദേഹത്തിന് അയച്ചുകൊടുത്തു.അതിനു അദ്ദേഹം അയച്ചുതന്ന മറുപടി എന്നില്‍ പൂമഴപ്പെയ്യിപ്പിക്കുന്നതായിരുന്നു.പ്രദേശത്തുമാത്രം പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകനെ ഒരിക്കലും മറക്കാത്ത പണിക്കര്‍ സാര്‍! നന്മനിറഞ്ഞ ആ ലിഖിതം ഞാന്‍ ഒരു നിധിപോലെ വായനശാല ഫയലില്‍ സൂക്ഷിച്ചുവെച്ചു.ജോലിസംബന്ധമായി ഞാന്‍ 1979ല്‍ഗള്‍ഫില്‍ പോയി 1986ല്‍‍ തിരിച്ചുവന്നുത്തിരഞ്ഞപ്പോള്‍ ആ എഴുത്തും,LTC സര്‍ട്ടിഫിക്കറ്റും നഷടപ്പെട്ടിരുന്നു.എന്‍റെ ബുദ്ധിമോശം!
1969മുതല്‍ 1979വരെ സെക്രട്ടറിയായും1986മുതല്‍1990വരെ പ്രസിഡണ്ടും 2001മുതല്‍ 2൦൦5വരെ സെക്രട്ടറിയായും 2005മുതല്‍ പ്രസിഡണ്ടായും സേവനമനുഷഠിക്കുന്നു.നാട്ടില്‍ നിന്ന് വിട്ടുനിന്ന കാലങ്ങളിലും ഗ്രന്ഥശാലയുമായുള്ള ബന്ധം ദൃഢമായി നിലനിര്‍ത്തിപ്പോന്നിരുന്നു.ആ ആത്മബന്ധം ഇപ്പോഴും തുടരുന്നു. കാലത്തും,വൈകീട്ടും വായനശാലയില്‍ പോകുന്ന എനിക്ക് ഒരുദിവസം പോകാന്‍‌ കഴിഞ്ഞില്ലെങ്കില്‍ മനസ്സില്‍ അസ്വസ്ഥതയാണ്... പുസ്തകവുമായുള്ള നിത്യസമ്പര്‍ക്കത്തിന്‍റെയും,വായനയുടെയും ഫലമായിട്ടാണ് എനിക്ക് വിദ്യാഭ്യാസപരമായും,സാസ്കാരികമായും. സാഹിത്യപരമായും,ജോലിസംബന്ധമായും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് ഞാന്‍ഉറച്ചുവിശ്വസിക്കുന്നു... കഥകള്‍ എഴുതുകയും വായനശാലയില്‍ ആരംഭകാലം മുതല്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കൈയെഴുത്തു മാസികയ്ക്കു നേതൃത്വം വഹിക്കുകയും സര്‍ഗ്ഗപ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരാനും ശ്രദ്ധിച്ചിരുന്നു.1976ല്‍ "നീ എന്‍റെ ദുഃഖം"എന്ന എന്‍റെ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു.തൃശ്ശൂര്‍ സഹൃദയവേദിയായിരുന്നു പ്രസാധകര്‍..മാധ്യമങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആകാശവാണി യുവവാണിയിലും.....
പിന്നെ പി.എന്‍.പണിക്കരുടെ സദുപദേശങ്ങളും,
ത്യാഗോജ്ജ്വലമായ ജീവിതരേഖകളും സൂര്യശോഭയോടെ
ഉള്ളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍............................