note

കൂട്ടായ്മ

Friday, June 20, 2014

വായനാദിനാചരണവും പഴയകാല ഓര്‍മ്മകളും

വായനാദിനാചരണവും പഴയകാല ഓര്‍മ്മകളും
   ============================================

വായനയുടെ മഹനീയമായ ദൌത്യം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കാനായി നന്മയുടെ പ്രകാശവുമായി സഞ്ചരിച്ച മനുഷ്യസ്നേഹിയാണ് ശ്രീ.പി.എന്‍.പണിക്കര്‍.
ജനനം--01-03-1909
മരണം --19-06-1995
അദ്ദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19വായനാദിനമായും,19-മുതല്‍ വായനാവാരമായും ആചരിക്കുന്നു.19-ന് കാലത്ത്
ഗ്രന്ഥശാലകളില്‍ പതാകയുയര്‍ത്തുകയും വൈകീട്ട് അക്ഷരദീപം തെളിയിക്കുകയും ചെയ്യുന്നു.             കേരള ഗ്രന്ഥശാലാസംഘം രൂപീകരിച്ചതോടെ കേരളത്തിലിങ്ങോളമങ്ങോളം, വായനശാലകള്‍ ഉയര്‍ന്നുപൊങ്ങി.നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ ത്യാഗോജ്ജ്വലമായ കഠിനപ്രയത്നത്തിന്‍റെ പരിണതഫലമായി അനൌപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങളായി കേരളത്തിലെ മുക്കിലും,മൂലയിലും വായനശാലകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
അതോടൊപ്പം തന്നെ ജനങ്ങളുടെ ഉള്ളിലേക്ക് അദ്ദേഹം ഉണര്‍ത്തിവിട്ട 'വായിച്ചു വളരുക,ചിന്തിച്ചു വിവേകം നേടുക'എന്ന മഹനീയസന്ദേശംപ്രാവര്‍ത്തികമാക്കിയപ്പോള്‍
നാട്ടിനുകൈവന്ന സാംസ്കാരികനവോത്ഥാനം അഭിമാനത്തോടെ ഓര്‍ക്കുകയാണ്.വായനക്കാരില്‍ ഭൂരിഭാഗവും വായനശാലയില്‍ വന്ന് പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോകും. എത്താന്‍കഴിയാത്തവര്‍ക്ക് അവരവരുടെ വീടുകളില്‍ എത്തിച്ചും കൊടുക്കും.വായിക്കാന്‍ പുസ്തകം ലഭ്യമായപ്പോള്‍ വായക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു.വീട്ടമ്മമാര്‍ക്കും വായനയോടുള്ള താല്പര്യവും ഏറിവന്നു.ചില എഴുത്തുകാരുടെ കൃതികള്‍ വായിച്ചാസ്വദിക്കാന്‍ താല്പര്യം ഏറിയപ്പോള്‍ അവര്‍ ജനപ്രിയ സാഹിത്യകാരന്മാരായി.ഇതിനൊക്കെ പ്രധാന പങ്കുവഹിച്ചത് പി.എന്‍.പണിക്കര്‍ രൂപംകൊടുത്ത ഗ്രന്ഥശാലാസംഘവും,അതിനുകീഴിലുള്ള വായനശാലകളുമാണ്.
ഇന്ന് ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം വായനയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നുള്ളതാണ് സത്യം.ഇന്ന് നന്നായെഴുതുന്ന എഴുത്തുകാര്‍ ജനപ്രിയരാവാത്തതും ഇതൊരു കാരണമാണ്.
വായനശാലകളുടെ ഗ്രഡേഷന്‍ പരിശോധനാസമയം പണിക്കര്‍ സാറിന് തിരക്കുപിടിച്ച നാളുകളാണ്.
അയ്യായിരത്തില്‍പരം വായനശാലകളില്‍
അദ്ദേഹത്തിന്‍റെ പാദസ്പര്‍ശം പതിയാതിരിക്കില്ല.എല്ലായിടത്തും എത്തണമെന്ന് നിര്‍ബന്ധമാണ്‌.ഏതുമുക്കിലും മൂലയിലും ആയാലും ശരി.എത്തിചേരാതിരിക്കില്ല
പുസ്തകവിതരണം,പുസ്തകക്രമീകരണം എന്നിവ അദ്ദേഹം പരിശോധിക്കും.അന്നൊക്കെ പുസ്തകം വായിക്കുന്നവരുടെ എണ്ണം കൂടുതലാണ്.പുതിയ പുസ്തകങ്ങള്‍ വന്നാല്‍ പിടിവലിയാണ്.മാറ്റപുസ്തകം കിട്ടാനായി കാത്തുനില്‍ക്കുംവായനക്കാര്‍......ഇന്നതിന് എത്രയോ മാറ്റം!
1957ല്‍‍ ശീ.ഐ.ബി.ജി.മേനോന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ സ്ഥാപിച്ചതാണ് ഞങ്ങളുടെ വില്ലടം യുവജനസംഘം വായനശാല. ആദ്യ പ്രസിഡണ്ട് ശീ.കെ.മുരളി സെക്രട്ടറി ശ്രീ.കെ.ആര്‍.പ്രഭാകരന്‍. വയനശാലയുടെ കെട്ടിടനിര്‍മ്മാണത്തിന് സാമ്പത്തികസഹായം നല്‍കുകയും,ദീര്‍ഘകാലം പ്രസിഡണ്ടാകുകയും ചെയ്ത ദിവംഗതനായ ശ്രീ.ടി.വി.ജോസഫ് മാസ്റ്റര്‍...ഇനിയും............................   1962മുതല്‍ ഞാന്‍ വായനശാലയിലെ ബാലവിഭാഗം അംഗമായിരുന്നു 

1966-68ലാണ് ഞാന്‍വില്ലടം യുവജനസംഘം വായനശാലയിലെ ലൈബ്രേറിയനായത്. വായനയിലും,പിന്നെ കുറച്ചെഴുത്തിലും ആവേശം കൊണ്ടിരുന്ന കാലം. അച്ഛന്‍റെ ബിസിനസ് പൊളിഞ്ഞതുമൂലം സാമ്പത്തികബുദ്ധിമുട്ടില്‍ എന്‍റെ വിദ്യാഭ്യാസം പോലും പാതിവഴിയെ നിര്‍ത്തേണ്ടിവന്ന ദുസ്ഥിതി.എങ്കിലും എന്‍റെ മനസ്സില്‍ പഠിക്കാനുള്ള മോഹം നുരയിട്ടുനില്‍ക്കുകയായിരുന്നു.അതിനിടയില്‍എനിക്ക് ചെറിയൊരു ജോലികിട്ടി..അപ്പോള്‍ പുതിയൊരു ആശയം മനസ്സുദിച്ചു.പ്രൈവറ്റായി പഠിക്കുക അതിനായി സ്പിന്നിങ്ങ് മില്ലില്‍നൈറ്റ് ജോലിക്ക് അറേഞ്ച്ചെയ്ത് പുലര്‍ചെ്ച ട്യൂട്ടോറിയല്‍കോളേജിലും പോയിത്തുടങ്ങി.ലൈബ്രറി പ്രവര്‍ത്തനവും നിര്‍വിഘ്നം നടത്തികൊണ്ടിരുന്നു..........
അക്കൊല്ലവും ഗ്രഡേഷന്‍ ടീമിനൊപ്പം പണിക്കര്‍ സാറും വായനശാലയില്‍വന്നു.. പുസ്തകസ്റ്റോക്കും,വിതരണവുമാണ് അദ്ദേഹം ശ്രദ്ധിക്കുക പതിവ്..മറ്റംഗങ്ങള്‍ മറ്റുകാര്യങ്ങളും പരിശോധിക്കും.എല്ലാം കൃത്യമാണെങ്കിലും ഉള്ളിലൊരു ടെന്‍ഷനാണ്. ..പരിശോധന കഴിയുന്നതുവരെ എല്ലാവരിലും…….
പതിവുപോലെ പണിക്കര്‍ സാര്‍ പുസ്തകവിതരണ റജിസ്റ്ററാണ് ആദ്യം പരിശോദിച്ചത്.അന്നൊക്കെ ഒരുമാസം ചുരുങ്ങിയത് അയ്യായിരം പുസ്തകങ്ങളെങ്കിലും വിതരണം ചെയ്തിട്ടുണ്ടായിരിക്കും.നിശ്ചയം.ഇന്നത്തെ മാതിരി അല്ല.......................                                     പിന്നെ പുസ്തകസ്റ്റോക്ക് നോക്കി അദ്ദേഹം ആവശ്യപ്പെട്ട  പുസ്തകങ്ങള്‍ ഞാന്‍ പെട്ടെന്നു പെട്ടെന്ന് എടുത്തുകൊടുക്കുകയുണ്ടായി..
വായനശാലാ പ്രവര്‍ത്തനം തൃപ്തികരം.
ഞങ്ങള്‍ക്കേറേ സന്തോഷം.
തിരിച്ചുപോകുമ്പോള്‍ അദ്ദേഹത്തിന്‍റെ ഉപദേശം-“കുട്ടികളെ നിങ്ങള്‍ എല്ലാ പുസ്തകങ്ങളും വായിക്കണം.എല്ലാവരെയും വായിക്കാന്‍ പ്രേരിപ്പിക്കണം.അനൌപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ഗ്രന്ഥശാലകള്‍ .വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണംഭാഗത്തുനിന്നുണ്ടാവണം..ഗ്രന്ഥശാലാപ്രവര്‍ത്തകരായ നിങ്ങള്‍ സത്യസന്ധരും,നിസ്വാര്‍ത്ഥസേവനസന്നദ്ധരുമായിരിക്കണം.ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ നാട്ടിലെ നല്ല മാതൃകളായി മാറണം.”
ഞാന്‍ തുടര്‍വിദ്യാഭ്യാസം നടത്തുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിനേറെ സന്തോഷമായി.എന്നെ പ്രത്യേകം അഭിനന്ദിക്കുകയും,പോത്സാഹനം നല്‍കുകയും ചെയ്തു.അന്നതൊക്കെ കേട്ടുകൊണ്ടരിക്കെ ഉള്ളില്‍ പൂമഴ പെയ്യുകയായിരുന്നു......
കേരളഗ്രന്ഥശാലാസംഘം 1970ല്‍ തൃശൂര്‍ നെടുപുഴ കസ്തൂര്‍ബാകേന്ദ്രത്തില്‍ വെച്ചുനടത്തിയ ലൈബ്രേറിയന്‍ ട്രൈയിനിംഗ്കോഴ്സില്‍ ആദ്യബാച്ചില്‍തന്നെ ചേരാനും വിജയിക്കാനുംകഴിഞ്ഞു. 1969മുതല്‍ 1979വരെ സെക്രട്ടറിയായും 1990മുതല്‍ പ്രസിഡണ്ടായും സേവനമനുഷഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.നാട്ടില്‍ നിന്ന് വിട്ടുനിന്ന കാലങ്ങളിലും ഗ്രന്ഥശാലയു ള്ള ബന്ധം  ദൃഢമായി നിലനിര്‍ത്തിപ്പോന്നിരുന്നു.ആ ആത്മബന്ധം ഇപ്പോഴും തുടരുന്നു. കാലത്തും,വൈകീട്ടും വായനശാലയില്‍ പോകുന്ന എനിക്ക്ഒരുദിവസം പോകാന്‍‌ കഴിഞ്ഞില്ലെങ്കില്‍ മനസ്സില്‍ അസ്വസ്ഥതയാണ്... പുസ്തകവുമായുള്ള നിത്യസമ്പര്‍ക്കത്തിന്‍റെയും,വായനയുടെയും ഫലമായിട്ടാണ് എനിക്ക് വിദ്യാഭ്യാസപരമായും,സാസ്കാരികമായും. സാഹിത്യപരമായും,ജോലിസംബന്ധമായും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വിശ്വസിക്കുന്നു....
പിന്നെ പി.എന്‍.പണിക്കരുടെ സദുപദേശങ്ങളും,
ത്യാഗോജ്ജ്വലമായ ജീവിതരേഖകളും സൂര്യശോഭയോടെ
ഉള്ളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍............................
വായനാദിനാചരണം=====
             വായനാദിനാചരണം         വില്ലടംയുവജനസംഘം വായനശാലയില്‍..                                 പ്രാര്‍ത്ഥന-വില്ലടം ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍24 comments:

 1. തുടര്‍ന്നും ഈ വായനശാലാപ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തിക്കൊണ്ടുപോകുവാന്‍ അങ്ങേയ്ക്ക് സാധിക്കുമാറാകട്ടെ..........

  ReplyDelete
 2. വീണ്ടും ഒരു വായനാ ദിനം കൂടി!
  കൊള്ളാം മാഷേ, ഈ ഓർമ്മ
  പുതുക്കൽ നന്നായി !
  ചിത്രങ്ങൾക്ക് കുറേക്കൂടി വലുപ്പം കൂട്ടുക
  അത് ഒറ്റ നോട്ടത്തിൽ കാണാൻ ഭംഗി കൂടും
  നന്ദി നമ്മെപ്പോലെ ചിലരെങ്കിലും ഈ വായന
  തുടരും എന്നതിൽ സംശയം വേണ്ട കേട്ടോ
  എല്ലാ ആശംസകളും നേരുന്നു
  നന്ദി നമസ്കാരം
  ഫിലിപ്പ് ഏരിയൽ

  ReplyDelete
 3. ചേട്ടാ, നല്ല കുറിപ്പ് - ചിത്രങ്ങൾ സഹിതം. ആശംസകൾ.

  ReplyDelete
 4. കുറിപ്പ് നന്നായിരിക്കുന്നു സാര്‍..വായനശാലയുടെ പ്രവര്‍ത്തനം ഇനിയും നന്നായി മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയട്ടെ,ആശംസകള്‍

  ReplyDelete
 5. വിജ്ഞാനപ്രദവും കൌതുകകരവുമായ ഉള്ളടക്കം.. പഴയകാല ഓര്‍മ്മകള്‍ മാധുര്യത്തോടെ അയവിറക്കുന്ന ഒരു മനസ്സിനെയും കാണാന്‍ കഴിഞ്ഞു..ആശംസകളോടെ..

  ReplyDelete
 6. വളരെ ഹൃദ്യമായി ഈ ഓര്മ്മ പുതുക്കല്‍

  ReplyDelete
 7. എല്ലാ ആശംസകളും തങ്കപ്പൻ സാർ

  ReplyDelete
 8. നല്ല പോസ്റ്റ്
  ഇത് വായിച്ചപ്പോള്‍ യുവത്വത്തില്‍ ഗ്രന്ഥശാലകളില്‍ പോയി പുസ്തകങ്ങള്‍ എടുത്ത് വായിച്ച ഓര്‍മ്മ വന്നു

  ReplyDelete
 9. ഹൃദ്യമായ ഒരു കുറിപ്പാണിത്.... തങ്കപ്പന്‍ ചേട്ടന് എല്ലാ ആശംസകളും!

  ReplyDelete
 10. പി.എൻ പണിക്കർ സാറിനെപ്പോലുള്ള ഒരാളുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞതും, ജീവിതവഴിയിൽ ആ പ്രോത്സാഹനംകൂടി നേടാനായുതും വലിയ ഭാഗ്യം തന്നെ. നമ്മുടെ നാട്ടിലെ പഴയ തലമുറയിൽപ്പെട്ട ആളുകൾ വളർത്തിക്കൊണ്ടുവന്ന ലൈബ്രറി പ്രസ്ഥാനം ഇന്ന് ക്ഷയോന്മുഖമാണ്.ഒരു ദിവസം ലൈബ്രറി സന്ദർശിച്ചിട്ടില്ലെങ്കിൽ അസ്വസ്ഥനാവുന്ന ആ മനോഭാവം പുതിയ തലമുറക്ക് അപരിചിതമാണ്. വായനശാലകൾ ഒരു കാലത്തിന്റെ സാംസ്കാരികകേന്ദ്രങ്ങളായിരുന്ന ആ പാരമ്പര്യം നമുക്ക് നഷ്ടമാവുന്ന ഈ കാലത്ത് നല്ലൊരു ഓർമ്മപ്പെടുത്തൽകൂടിയാണ് ഈ ചെറിയ കുറിപ്പ്.

  ReplyDelete
 11. പ്രചോദനാത്മകമായ ഒരു നല്ല ഓര്‍മ്മപ്പെടുത്തല്‍. ആശംസകള്‍.

  ReplyDelete
 12. നല്ല ലേഖനം. വായിക്കാൻ വൈകി. എല്ലാ ആശംസകളും

  ReplyDelete
 13. വില്ലടം വായന ശാലയുടെ ചരിത്രം....കൂടിയാണിത്..!

  ReplyDelete
 14. നല്ല കുറിപ്പ് ,, ഇതൊക്കെ കാണുമ്പോള്‍ അസൂയ തോന്നുന്നു ,, ഒരു പുസ്തകം കിട്ടാന്‍ ഇവിടെ അത്രക്കും ബുദ്ധിമുട്ടാണ് ഖുന്ഫുധയില്‍ ,,, ഒരു നല്ല പോസ്റ്റ്‌ കാണാന്‍ വൈകിയിതിലുള്ള വിഷമം മറച്ചുവെക്കുന്നില്ല ...

  ReplyDelete
 15. ഓർമകളുടെ ഈ പൂക്കാലം നന്നായി സാർ ..ആശംസകൾ

  ReplyDelete
 16. പുതിയ ആളാണ്‌. ഓരോ ബ്ലോഗുകളും വായിച്ചും,പരിചയപ്പെട്ടും വരുന്നതെയുള്ളു. ചിത്രങ്ങൾ സഹിതം ഉള്ള വിവരണങ്ങൾ നന്നായിരിക്കുന്നു. "വീട്ടമ്മമാർക്കും വായനയോടുള്ള താല്പര്യം ഏറി വന്നു" എന്നതു കണ്ടപ്പോൾ സന്തോഷം തോന്നുന്നു. തുടർന്നും നല്ലരീതിയിൽ ഇതു മുൻപോട്ടു കൊണ്ടുപോകാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 17. ഇന്ന് ടിവിയുടെ മുന്നിൽ നിന്നും എഴുനേൽക്കാൻ കഴിയണം, മൊബയിൽ ചെവിയിൽ നിന്നും മാറ്റി പിടീക്കാൻ കഴിയണം, ലാപ്ടോപ് ഉപേക്ഷിക്കാൻ പറ്റണം- ഇതൊക്കെ നടന്നാൽ പിന്നെയല്ലെ വായനയും വായനശാലയും ഒക്കെ പോയിട്ട് സൂര്യോദയം എങ്കിലും കാണാൻ പറ്റൂ 

  ReplyDelete
 18. അച്ചനെ കുറിച്ചറിയാന്‍ ഈ ലേഖനം വഴി വെച്ചു.ഓരോ അഌഭവങ്ങളും ഭാവിയിലേക്കുള്ള പുതിയ കാഴ്‌ച്ചപ്പാടിനെയാണ്‌ ഉണർത്താന്‍ സഹായിച്ചത്‌..നന്ദി....അഭിനന്ദനങ്ങള്‍

  ReplyDelete
 19. വായനയുടെ മഹത്വം പ്രചോദനാത്മകമായി പറഞ്ഞു തന്നിരിക്കുന്നു. ഏറെ ഇഷ്ടമായി ഈ ലേഖനം. വായിച്ചു വളർത്തുക മനസ്സിനെ ഏവരും അല്ലേ. ആശംസകൾ

  ReplyDelete