note

കൂട്ടായ്മ

Wednesday, June 19, 2013

വായനാദിനം ജൂണ്‍19 (പി.എന്‍.പണിക്കര്‍ ദിനം)


വായനാദിനം ജൂണ്‍ 19(പി.എന്‍,പണിക്കര്‍.ദിനം)
   ============================================

വായനയുടെ മഹനീയമായ ദൌത്യം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കാനായി നന്മയുടെ പ്രകാശവുമായി സഞ്ചരിച്ച മനുഷ്യസ്നേഹിയാണ് ശ്രീ.പി.എന്‍.പണിക്കര്‍.
ജനനം--01-03-1909
മരണം --19-06-1995
അദ്ദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19വായനാദിനമായും,19-മുതല്‍ വായനാവാരമായും ആചരിക്കുന്നു.19-ന് കാലത്ത്
ഗ്രന്ഥശാലകളില്‍ പതാകയുയര്‍ത്തുകയും വൈകീട്ട് അക്ഷരദീപം തെളിയിക്കുകയും ചെയ്യുന്നു.             കേരള ഗ്രന്ഥശാലാസംഘം രൂപീകരിച്ചതോടെ കേരളത്തിലിങ്ങോളമങ്ങോളം, വായനശാലകള്‍ ഉയര്‍ന്നുപൊങ്ങി.നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ ത്യാഗോജ്ജ്വലമായ കഠിനപ്രയത്നത്തിന്‍റെ പരിണതഫലമായി അനൌപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങളായി കേരളത്തിലെ മുക്കിലും,മൂലയിലും വായനശാലകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
അതോടൊപ്പം തന്നെ ജനങ്ങളുടെ ഉള്ളിലേക്ക് അദ്ദേഹം ഉണര്‍ത്തിവിട്ട 'വായിച്ചു വളരുക,ചിന്തിച്ചു വിവേകം നേടുക'എന്ന മഹനീയസന്ദേശംപ്രാവര്‍ത്തികമാക്കിയപ്പോള്‍
നാട്ടിനുകൈവന്ന സാംസ്കാരികനവോത്ഥാനം അഭിമാനത്തോടെ ഓര്‍ക്കുകയാണ്.വായനക്കാരില്‍ ഭൂരിഭാഗവും വായനശാലയില്‍ വന്ന് പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോകും. എത്താന്‍കഴിയാത്തവര്‍ക്ക് അവരവരുടെ വീടുകളില്‍ എത്തിച്ചും കൊടുക്കും.വായിക്കാന്‍ പുസ്തകം ലഭ്യമായപ്പോള്‍ വായനക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. .ഇതിനൊക്കെ പ്രധാന പങ്കുവഹിച്ചത് പി.എന്‍.പണിക്കര്‍ രൂപംകൊടുത്ത ഗ്രന്ഥശാലാസംഘവും,അതിനുകീഴിലുള്ള വായനശാലകളുമാണ്.
വായനശാലകളുടെ ഗ്രഡേഷന്‍ പരിശോധനാസമയം പണിക്കര്‍ സാറിന് തിരക്കുപിടിച്ച നാളുകളാണ്.
അന്നുണ്ടായിരുന്ന അയ്യായിരത്തില്‍പരം വായനശാലകളിലും
അദ്ദേഹം എത്തിച്ചേരും.
സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്തംബര്‍ 14
ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു.
ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന ആറായിരത്തിലധികം
ഗ്രന്ഥശാലകള്‍ കേരളീയരുടെ സാമൂഹികസാംസ്കാരിക ജീവിതത്തില്‍
വഹിക്കുന്ന പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. രാജ്യസ്നേഹികളും,
വിജ്ഞാനദാഹികളും സേവനതല്പരുമായ സാമൂഹ്യരാഷ്ട്രീയ
പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥപരിശ്രമത്തിന്‍റെ ഫലമായി വിവിധ
പ്രദേശങ്ങളില്‍ രൂപംകൊണ്ട ഗ്രന്ഥശാലകളെ ഏകോപിപ്പിച്ച്
കേരളഗ്രന്ഥശാലാസംഘത്തിന്റെ കൊടി കീഴില്‍ അണിനിരത്താന്‍
കഴിഞ്ഞു എന്നതാണ് നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും
തിളക്കമുള്ള മുഹൂര്‍ത്തങ്ങളിലൊന്ന്.അതിന് നേതൃത്വം നല്‍കിയ
മഹാരഥനായ പി.എന്‍.....,പണിക്കര്‍ പിന്നീട് കേരളത്തിലുടനീളം ഓടിനടന്ന്
ഗ്രന്ഥശാലകളെ ഊര്‍ജ്ജസ്വലവും,സജീവവുമാക്കി.പ്രവര്‍ത്തകരെ
കര്‍മ്മോത്സുകരാക്കി.
"വായിച്ചു വളരുക" എന്ന സന്ദേശമാണ് അദ്ദേഹം കേരളീയര്‍ക്ക് നല്‍കിയത്.
ആ സന്ദേശം  ഉള്‍ക്കൊണ്ട് ഒട്ടേറെ പ്രവര്‍ത്തകര്‍ ചൊരിഞ്ഞ വിയര്‍പ്പിന്റെയും,കണ്ണീരിന്‍റെയും ഉപലബ്ധിയാണ് കേരളസംസ്ഥാനത്തിന്റെ
അഭിമാനമായി മാറിയ ഗ്രന്ഥശാലാപ്രസ്ഥാനം.കേരളത്തിലെ സാമാന്യജനങ്ങള്‍ നല്‍കിയ പിന്തുണയും,അര്‍പ്പിച്ച വിശ്വാസവുമാണ്
ഈ പ്രസ്ഥാനത്തിന്റെ കരുത്തായി പരിണമിച്ചത്.
ആ പ്രകാശം എങ്ങും പ്രഭചൊരിയട്ടെ!
====================================
   

16 comments:

 1. പുസ്തകവായനയും ഇ-വായനയും എന്ന് കൂടിയിട്ടേയുള്ളൂ എന്നാണ് തോന്നുന്നത്. നെറ്റിലൂടെയാണെങ്കിലും വായിക്കാനുള്ള ആഗ്രഹം ഒരിക്കല്‍ ജനിച്ചുകഴിഞ്ഞാല്‍ അവര്‍ തീര്‍ച്ചയായും പുസ്തകത്തെയും സ്നേഹിക്കും.
  ഐ-പാഡ് എന്ന ആശയം ആദ്യം ആപ്പിള്‍ ആവിഷ്കരിച്ചത് തന്നെ ഓണലൈന്‍ വായന ഉദ്ദേശിച്ചായിരുനു. കച്ചവട സാധ്യതയോടെ എല്ലാ കമ്പനികളും രംഗത്തിറങ്ങിയതോടെ അത് ഫോണായും വീഡിയോ ഗെയിമായും ചാറ്റിങ്ങിനുള്ള എളുപ്പവഴിയായും തീര്‍ന്നു.

  ReplyDelete
 2. << അറിവാണ് കഴിവ്.അറിവിന്‍റെ ഉറവിടങ്ങള്‍ പുസ്തകങ്ങളാണ്.
  അറിവ് സമാര്‍ജ്ജിക്കുന്നതില്‍ വയസ്സ്ഒരു പ്രശ്നമല്ല. ബാലന്മാര്‍ക്കെന്നപോലെ വൃദ്ധന്മാര്‍ക്കും പഠിക്കാം.ആദ്യമാദ്യം മുഷിവുതോന്നിയേക്കാം.പക്ഷേ,പിന്നീട് പിന്നീട് മധുരതരമായിരിക്കും. >>
  വായിച്ചു , ആശംസകള്‍ ... വായനയിലൂടെ ലോകം മുന്നോട്ടു പോകട്ടെ

  ReplyDelete
 3. പഠിക്കുക ... വായിക്കുക ... അറിവ് നേടുക.. ഈ ലേഖനത്തിനു ഒത്തിരി നന്ദി തങ്കപ്പന്‍ ചേട്ടാ..

  ReplyDelete
 4. ഒരു വേറിട്ട വായന നൽകിയ പോസ്റ്റ്‌ ഒപ്പം ചില അറിവുകളും.

  ReplyDelete
 5. ഇലയ്ക്കാട് നരേന്ദ്രന്‍ സ്മാരക ഗ്രന്ഥശാലയിലും കുറിച്ചിത്താനം പീപ്പിള്‍സ് ലൈബ്രറിയിലും ഓരോ ആഴ്ച്ചയും പൊയി പുസ്തകങ്ങള്‍ എടുത്ത് പൂര്‍ണ്ണമായും വായിച്ച് അടുത്ത പുസ്തകം എടുത്ത്, പുതിയ പുസ്തകങ്ങള്‍ വരുമ്പോള്‍ ആദ്യം തന്നെ കൈക്കലാക്കി വായിച്ച്..അങ്ങനെ ഒരു ബാല്യകൌമാരയൌവനകാലം.

  ഇപ്പോള്‍ വായന വളരെ കുറഞ്ഞിരിയ്ക്കുന്നു.
  ബ്ലോഗ് തുടങ്ങിയപ്പോള്‍ പുസ്തകവായനയ്ക്ക് സമയം കുറഞ്ഞു
  ഫേസ് ബുക്ക് ഗ്രൂപ്പ് കൂടി ആയപ്പോള്‍ തീരെ ഇല്ലാതായി എന്നും പറയാം.

  എല്ലാം ഒന്ന് തിരിച്ച് പിടിയ്ക്കണം. പക്ഷെ ഏതിനെ ഉപേക്ഷിയ്ക്കും?

  ReplyDelete
 6. വ്യക്തി സമൂഹത്തിന്‍റെ ഒരു കണ്ണിയാണ്.അവന്‍റെ കഴിവിലും സേവനത്തിലുമാണ് സമൂഹത്തിന്‍റെ നന്മയും ഭദ്രതയും നിലകൊള്ളുന്നത്......

  വായനയുടെ വസന്തകാലം ഇനിയും വരും എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്....

  ReplyDelete
 7. കേരളത്തിലെ ഗ്രാമങ്ങള്‍തോറും അറുപതുകളില്‍ വായനശാലയും ഗ്രന്ഥശാലകളും ഉണ്ടായതിന്‍റെ ക്രഡിറ്റ് പണിക്കര്‍ എന്ന ഒറ്റയാള്‍ പട്ടാളത്തിനാണ്. അദ്ദേഹം വലിയൊരാവേശമായിരുന്നു. ആ മഹാത്മനു ആദരാഞ്ജലികള്‍.

  ReplyDelete
 8. വായന ഒരിക്കലും മരിക്കുന്നില്ല എന്ന് തന്നെയാണ് വിശ്വാസം. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്നാ ആകുലതയ്ക്ക് സ്ഥാനമുണ്ട് എന്ന് തോനുന്നില്ല, എന്നാല്‍ ഭാഷ മരിക്കുന്നുണ്ടോ എന്നാ ഒരു ചോദ്യം വളരെ പ്രസക്തമായി നമ്മുടെ മുന്നിലുണ്ട്. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട് എന്ന സത്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യവും സഹായവും ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായനയില്‍ നിന്നും ലഭിക്കുന്ന സുഖം തന്നെയാണ് ഏറെ സന്തോഷിപ്പിക്കുന്നത്. വായന ജയിക്കട്ടെ. നന്ദി തങ്കപ്പന്‍ ചേട്ടാ, ഈ അറിവുകള്‍ പങ്കുവെച്ചതിനു.

  ReplyDelete
 9. വായനയും വായനശാലകളും നാമും ഉള്ളിടത്തോളം പി,എൻ. പണിക്കരുടെ ഓർമ്മകൾ മരിക്കില്ലല്ലോ...

  ReplyDelete
 10. വായന മരിക്കുന്നില്ല. മനുഷ്യനുള്ളിടത്തോളം അത് തുടരുകയും ചെയ്യും.
  വായനയുള്ളിടത്തോളം പി.എൻ പണിക്കർ ഓർമ്മിക്കപ്പെടും.

  ReplyDelete
 11. വായനാ ദിനത്തോടനുബന്ധിച്ച് വായിച്ച നല്ലൊരു ലേഖനം..ആശംസകള്‍

  ReplyDelete
 12. പ്രചോദനം നല്‍കുന്ന ലേഖനം.. ഇഷ്ട്ടമായി.

  ReplyDelete
 13. നല്ല ലേഖനം ..

  വൈവിധ്യമാര്‍ന്ന പല മാര്‍ഗ്ഗങ്ങളിലൂടെയും മനുഷ്യര്‍ വായിച്ചു കൊണ്ടേയിരിക്കും. പണ്ട് കടയില്‍ നിന്നും സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ട് വന്നിരുന്ന പേപ്പര്‍ കഷണങ്ങളില്‍ തുടങ്ങിയ എന്റെ വായന ഇന്ന് പൊതുവേ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മാത്രമായി ഒതുങ്ങി എന്നതാണ് സത്യം. എങ്കിലും പലപ്പോഴായി വാങ്ങി കൂട്ടിയ കുറച്ചു പുസ്തകങ്ങള്‍ ഒന്നൊന്നായി ബാഗില്‍ കരുതി വീണു കിട്ടുന്ന ഇടവേളകളില്‍ വായിക്കുക എന്നൊരു സ്വഭാവം വളര്‍ത്തി കൊണ്ട് വരികയാണ്. വായന ജയിക്കട്ടെ.. ആശംസകള്‍

  ReplyDelete
 14. വായന മരിക്കാതിരിക്കട്ടെ

  ReplyDelete
 15. ഗ്രന്ഥശാലാസംഘത്തിന്‍റെ സ്ഥാപകന്‍.
  വായനയുടെ തൂവെളിച്ചം ഗ്രാമഗ്രാമാന്തരങ്ങളില്‍
  എത്തിക്കാനായി നന്മയുടെ പ്രകാശവുമായി സഞ്ചരിച്ച
  മനുഷ്യസ്നേഹിയായ പണീക്കർ സാറിനെ സ്മരിച്ചതിൽ സ്തുതി ..

  വായനയെ പറ്റിയുള്ള അസ്സൽ ആലേഖനമാണിത് കേട്ടൊ

  ReplyDelete
 16. പി.ന്‍.പണിക്കർ സാറിെന്‍റ ലേഖനം എന്നെ സംബന്‌ധിച്ച്‌ പുതിയൊരു അറിവാണ്‌ പകർന്നുതന്നത്‌....നന്ദി....

  ReplyDelete